22 September Sunday
നെഹ്റുട്രോഫി വള്ളംകളി 31ന്

വീണ്ടും കായല്‍പോരാട്ടം

സ്വന്തം ലേഖകൻUpdated: Tuesday Aug 20, 2019
ആലപ്പുഴ
ആലപ്പുഴയും പുന്നമടക്കായലും വീണ്ടും നെഹ്റു ട്രോഫിയുടെ ആരവങ്ങളിലേക്ക്‌. മഴക്കാലക്കെടുതിയെത്തുടർന്ന്‌ മാറ്റിയ ജലമേള ആ​ഗസ്‌ത്‌ 31ന് നടത്താൻ തീരുമാനമായതോടെ ക്ലബുകളും ആരാധകരും ആവേശത്തിലാണ്. 
മത്സരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായപ്പോഴാണ് അപ്രതീക്ഷിതമായി ജലമേള മാറ്റിവച്ചത്. ഒരുക്കങ്ങളിൽ വലിയമാറ്റം ആവശ്യമായി വരില്ല. ബുധനാഴ്‌ച ബോട്ട്‌റേസ്‌ കമ്മിറ്റി യോ​ഗത്തിൽ നടത്തിപ്പ്‌ സംബന്ധിച്ച്‌ ധാരണയാകുമെന്ന്‌ ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർ അഭിലാഷ് പറഞ്ഞു. 
ടിക്കറ്റുകൾ ബുധനാഴ്‌ചക്ക് ശേഷംഅടുത്ത ദിവസം മുതൽ ലഭ്യമാകും. ഓൺലൈനായും കൗണ്ടർ വഴിയും ടിക്കറ്റ് വാങ്ങാം. നെഹ്റുട്രോഫി മാറ്റിയപ്പോൾ ടിക്കറ്റുകൾ റീഫണ്ട് ചെയ്‌തിരുന്നു. പണം മടക്കി വാങ്ങാത്തവർക്ക്‌ പഴയ ടിക്കറ്റ് ഉപയോ​ഗിച്ച് മത്സരം കാണാം.   ക്ലബ്ബുകളുടെ ബോണസ് ഇത്തവണ നേരത്തെ നൽകാനിടയുണ്ട്. തുക എത്രയെന്ന് തീരുമാനിച്ചിട്ടില്ല. 
 സ്‌റ്റാർട്ടിങ് പോയിന്റിലെയും ഫിനിഷിങ് പോയിന്റിലെയും പന്തലുകളിൽ ചില അറ്റകുറ്റപ്പണി വേണ്ടിവരും. വെള്ളംകയറാൻ സാധ്യതയുള്ളതിനാൽ കുറച്ച് ഭാ​ഗം പൊളിച്ചനീക്കിയിരുന്നു. ഇത് രണ്ടോമൂന്നോ ദിവസങ്ങളെടുത്ത്‌ പൂർത്തിയാക്കാനാവും. 
‘‘കുറച്ച് ദിവസങ്ങളേയുള്ളു, എല്ലാം ഒന്നിൽ നിന്ന് തുടങ്ങണം’’–- യുബിസി കൈനകരി ക്ലബ്ബ്‌ പ്രതിനിധി പറഞ്ഞു. കഠിനപരിശീലനം വേണം. പഴയതുപോലെ ക്യാമ്പ് വീണ്ടും തുടങ്ങണം. തുഴക്കാരെയെല്ലാം ഒരുമിച്ച് കൂട്ടണം. തുഴകളടക്കം ചില സാധനങ്ങൾ വാങ്ങണം. പരമാവധി ഏഴോ എട്ടോ ട്രയലുകൾ മാത്രമാണ്‌ ഇനി കിട്ടുക. വ്യാഴാഴ്‌ചയോടെ ക്ലബുകൾ പരിശീലനം തുടങ്ങും. 20ലക്ഷം രൂപയെങ്കിലും ഓരോ ക്ലബ്ബും ഇനിയും മുടക്കേണ്ടിവരും. 
 നെഹ്‌റു ട്രോഫിയുടെ ചരിത്രത്തിൽ ഇത്‌ മൂന്നാം തവണയാണ്‌  വള്ളംകളി  മാറ്റിയത്. കഴിഞ്ഞവർഷവും പ്രളയത്തെത്തുടർന്ന്‌ വള്ളംകളി മാറ്റിവച്ചിരുന്നു.
പ്രധാന വാർത്തകൾ
 Top