27 June Monday

കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കും: മന്ത്രി വി അബ്‌ദുറഹിമാന്‍

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

കണ്ടല്ലൂർ പഞ്ചായത്തിലെ ഇൻഡോർ സ്‍റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം കായികമന്ത്രി വി അബ്‍ദുറഹിമാൻ നടത്തുന്നു

ആലപ്പുഴ
സംസ്ഥാനത്തെ കായികമേഖലയിൽ ഏകദേശം 1200 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനമാണ് നടക്കുന്നതെന്ന് മന്ത്രി വി അബ്‌ദുറഹിമാൻ. കലവൂർ എൻ ഗോപിനാഥിന്റെ സ്‌മരണയ്‍‍ക്കായി  പ്രീതികുളങ്ങരയിൽ നിർമിച്ച മിനി സ്‌റ്റേഡിയവും മറ്റ് നാല് സ്‌റ്റേഡിയങ്ങളുടെ നിർമാണവും  ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 
 കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത് പരിഗണനയിലാണ്. പ്രാക്‌ടിക്കൽ, തീയറി ക്ലാസുകൾ ഉൾപ്പെടെയാകുമിത്. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനുമായി ചേർന്ന് കേരളത്തിലുടനീളം ഫുട്‌ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതി ജൂലൈയിൽ തുടങ്ങും. മുൻ സന്തോഷ് ട്രോഫി താരങ്ങൾ ഉൾപ്പെടെയുള്ളവർ കുട്ടികൾക്ക് പരിശീലനം നൽകും –- മന്ത്രി പറഞ്ഞു. 
മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പ്രീതികുളങ്ങര ഗവ. എൽപി സ്‌കൂളിനോട് ചേർന്നാണ് കലവൂർ സ്‌റ്റേഡിയം. പി പി ചിത്തരഞ്‌ജൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി സംഗീത, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഇന്ദിര തിലകൻ, ജോൺ സിംസൺ, ബി ടി വി കൃഷ്‌ണൻ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി ജെ ജോസഫ്, സെക്രട്ടറി എൻ പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു.
കണ്ടല്ലൂർ, ആര്യാട് പഞ്ചായത്തുകളിലെയും കണിച്ചുകുളങ്ങര എച്ച്എസ്എസിലെയും ഇൻഡോർ സ്‌റ്റേഡിയങ്ങളുടെയും ഭരണിക്കാവ് ഗവ. യുപിഎസ് സ്‌റ്റേഡിയത്തിന്റെയും നിർമാണമാണ്‌ മന്ത്രി ഉദ്‌ഘാടനംചെയ്‌തത്.
കണ്ടല്ലൂരിൽ യു പ്രതിഭ എംഎൽഎ അധ്യക്ഷയായി. എ എം ആരിഫ് എംപി മുഖ്യാഥിതിയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി, സുരേഷ് രാമനാമഠം, മെൽവിൻ, ഒളിമ്പ്യൻ വി ഡിജു എന്നിവർ പങ്കെടുത്തു.
കണിച്ചുകുളങ്ങര ഹയർ സെക്കൻഡറി സ്‌കൂളിൽ പി പി ചിത്തരഞ്‌ജൻ എംഎൽഎ അധ്യക്ഷനായി. എ എം ആരിഫ് എംപി, വെള്ളാപ്പള്ളി നടേശൻ എന്നിവർ മുഖ്യാതിഥികളായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുദർശനഭായ്, സി സി ഷിബു, ജെറോമിക് ജോർജ് എന്നിവർ പങ്കെടുത്തു.
ഭരണിക്കാവ് ഗവ. യുപി സ്‌കൂളിലെ ഇൻഡോർ സ്‌റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, പഞ്ചായത്ത് പ്രസിഡന്റ് കെ ദീപ, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, എ എം ഹാഷിർ, ശ്യാമളാദേവി, നിഷ സത്യൻ എന്നിവർ പങ്കെടുത്തു.
ആര്യാട് പഞ്ചായത്തിലെ മൾട്ടി പർപ്പസ് ഇൻഡോർ സ്‌റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. എ എം ആരിഫ് എംപി, ടി എം തോമസ് ഐസക്‌, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി എന്നിവർ മുഖ്യാതിഥികളായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ഡി മഹീന്ദ്രൻ, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ജി ബിജുമോൻ, വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രകാശ് ബാബു, എൻ  സന്തോഷ്‌ലാൽ, എ കെ അശ്വനി, ബിപിൻരാജ് എന്നിവർ പങ്കെടുത്തു.
ആര്യാട് പഞ്ചായത്ത്‌ മിനി സ്‌റ്റേഡിയത്തിന്‌ മുൻ എംഎൽഎയും പുന്നപ്ര വയലാർ സ്വാതന്ത്ര്യസമര സേനാനിയുമായ എസ് ദാമോദരന്റെയും  കണിച്ചുകുളങ്ങരയിലെ സ്‌റ്റേഡിയത്തിന്‌ ശ്രീനാരായണ മിനി ഇൻഡോർ സ്‌റ്റേഡിയമെന്നും പേര് നൽകണമെന്ന് പി പി ചിത്തരഞ്‌ജൻ എംഎൽഎ കായികമന്ത്രിയോട് അഭ്യർഥിച്ചു. ഈ സ്‌റ്റേഡിയങ്ങളുടെ നിർമാണോദ്ഘാടന ചടങ്ങിലാണ് എംഎൽഎ ഈ ആവശ്യം ഉന്നയിച്ചത്. ഇത്‌ സംബന്ധിച്ച്  മന്ത്രി വി അബ്‌ദുറഹിമാന് പി പി ചിത്തരഞ്‌ജൻ എംഎൽഎ കത്ത്‌ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top