25 June Tuesday

ഗൃഹനാഥന്റെയും മകന്റെയും ചികിത്സയ്‌ക്ക്‌ ധനസമാഹരണം

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019
അമ്പലപ്പുഴ
ക്യാൻസർ രോഗിയായ ഗ‌ൃഹനാഥന്റെയും തലച്ചോറിൽ അപൂർവ രോഗം ബാധിച്ച മകന്റെയും ചികിത്സയ‌്ക്കായി അഞ്ച‌് ലക്ഷം രൂപ സമാഹരിച്ചു. അമ്പലപ്പുഴ വടക്ക‌് പഞ്ചായത്ത് 12–-ാം വാർഡ് നീർക്കുന്നം കണ്ടൻകുളങ്ങര വെളിയിൽ  കുഞ്ഞുമോൻ (49), മകൻ വിനീഷ് (23) എന്നിവർക്കായാണ് സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേത‌ൃത്വത്തൽ ധനസമാഹരണം നടത്തിയത്. 
പെയിന്റിങ‌് തൊഴിലാളിയായ കുഞ്ഞുമോന് ആമാശയത്തിൽ ക്യാൻസർ രോഗബാധ തിരിച്ചറിഞ്ഞത് മൂന്നു മാസം മുമ്പാണ്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വിനീഷിന്റെ തലച്ചോറിലെ അപൂർവ രോഗം തിരിച്ചറിയുന്നതും ഈ കാലയളവിലാണ്.  ഇവരുടെ ചികിത്സയ‌്ക്കായി 13 ലക്ഷം രൂപ ഇതിനകം ചെലവായി. തയ്യൽ തൊഴിലാളിയായ കുഞ്ഞുമോന്റെ ഭാര്യ ബിന്ദുവും ഇളയ മകൻ പ്ലസ് ടു വിദ്യാർഥിയായ വിഷ‌്ണുവും ബന്ധുക്കളിൽ നിന്നും സുഹ‌ൃത്തുക്കളിൽ നിന്നും കടംവാങ്ങിയും പലിശക്കെടുത്തുമാണ് ചികിത്സ നടത്തിയത‌്. 
കടം വീട്ടാനും, തുടർ ചികിത്സക്കുമുള്ള പണം കണ്ടെത്താനുമായി ആകെയുള്ള മൂന്ന് സെന്റ‌് സ്ഥലവും ചെറിയ വീടും വിൽക്കാൻ തയ്യാറാകുന്നതിനിടെയാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് യു രാജുമോൻ ചെയർമാനും, ബ്ലോക്കു പഞ്ചായത്തംഗങ്ങളായ യു എം കബീർ കൺവീനറും, അനിത സതീഷ് വർക്കിങ് ചെയർമാനുമായി സ്വരുമ ചാരിറ്റബിൾ സൊസൈറ്റി സഹായ സമിതിക്ക് രൂപം നൽകിയത്. പഞ്ചാത്തിലെ 12 മുതൽ 15 വരെയുള്ള വാർഡുകളിലാണ് സമിതി ധനസമാഹരണം നടത്തിയത്. 
സൊസൈറ്റിയുടെ നേത‌ൃത്വത്തിൽ ജനപ്രധിനിധികളും വിവിധ രാഷ‌്ട്രീയ സമൂഹ്യ സംഘടന പ്രവർത്തകരും രണ്ട്‌ മണിക്കൂർ കൊണ്ടാണ് അഞ്ച‌് ലക്ഷം രൂപ സമാഹരിച്ചത്. 
പൊതുപിരിവിനുശേഷം നടന്ന യോഗത്തിൽ എം എം സലിം അധ്യക്ഷനായി.ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ യു എംകബീർ, അനിത സതീഷ്‌, പഞ്ചയത്ത്‌ അംഗങ്ങളായ എൻ ഷിനോയ്‌, കെ സിനിൽ, സംഘടനാ ഭാരവാഹികളായ എ നൗഷാദ്‌, പി ശശി, കുഞ്ഞുമോൻ, എ ഷൗക്കത്ത്‌, കരുമാടി നസീർ, സി കെ ഷെരീഫ്‌, ഉമ്മർ കുന്നക്കാട്‌, സജീവ്‌ മക്കാരുപറമ്പ‌് എന്നിവർ സംസാരിച്ചു. തിങ്കളാഴ‌്ച വൈകിട്ട് നാലിന് തുക കുടുംബത്തിനു കൈമാറും.
പ്രധാന വാർത്തകൾ
 Top