25 August Sunday

ആർഎസ‌്എസ‌് പിന്മാറി; ആലപ്പുഴയിലും എൻഡിഎ നിർജീവം

സ്വന്തം ലേഖകൻUpdated: Saturday Apr 20, 2019

 

 
ആലപ്പുഴ
സംസ്ഥാനത്ത‌് പലയിടത്തും ബിജെപി വോട്ടുകൾ യുഡിഎഫിന‌് മറിക്കുമെന്ന ആരോപണങ്ങൾ ശക്തമായിരിക്കേ ആലപ്പുഴയിൽ ബിജെപി പ്രചാരണം നിർജീവം. താഴേത്തട്ടിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന ആർഎസ‌്എസ‌് പൂർണമായും പിൻമാറിയതാണ‌് പ്രചാരണത്തിലെ മെല്ലെപ്പോക്കിന‌് കാരണമെന്നാണ‌് സൂചന. കോൺഗ്രസിൽനിന്ന‌് പരമാവധി ആനുകൂല്യങ്ങൾ നേടിയശേഷം പാർടിവിട്ട‌് ബിജെപിയിലെത്തിയ ഡോ. കെ എസ‌് രാക‌ൃഷ‌്ണനോടുള്ള അത‌ൃപ‌്തിയും പ്രചാരണത്തിൽനിന്ന‌് പ്രവർത്തകരെ പിന്നോട്ടടിച്ചു. 
മുൻനിര നേതാക്കളിൽ ആരെങ്കിലും ആലപ്പുഴയിൽ സ്ഥാനാർഥിയാകുമെന്ന‌് കരുതിരിയിരിക്കേ കോൺഗ്രസ‌് വിട്ടെത്തിയ രാധാക‌ൃഷ‌്ണന‌് സീറ്റ‌്  നൽകിയത‌് അവസാനനിമിഷവും ഉൾക്കൊള്ളാനാകാത്തവരുണ്ട‌്. ആലപ്പുഴയിൽനിന്നടക്കം ആർഎസ‌്എസ‌് പ്രവർത്തകർ മറ്റുമണ്ഡലങ്ങളിൽ പ്രചാരണത്തിന‌് പോയെന്ന ആക്ഷേപവും ശക്തമാണ‌്. 
പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾമാത്രം ശേഷിക്കേ അനൗൺസ‌്മെന്റ‌് വാഹനങ്ങളിലും കൂറ്റൻ ഫ്ലക‌്സ‌് ബോർഡുകളിലും ഏതാനും ഭാഗങ്ങളിലെ പോസ‌്റ്ററുകളിലും പ്രചാരണം ഒതുങ്ങിയെന്ന‌് പ്രവർത്തകർക്കിടയിൽത്തന്നെ പരാതിയുണ്ട‌്. ശബരിമല ഉയർത്തിക്കാട്ടിയുള്ള പ്രചാരണത്തിന‌് പിന്തുണ ലഭിക്കാത്തതിനാൽ വീടുകയറിയുള്ള പ്രചാരണവും കുറച്ചു. പാർടിയിലെ ഒരുവിഭാഗവുമായി ചേർന്ന‌് സ്ഥാനാർഥി സംഘടിപ്പിക്കുന്ന ഏതാനും പരിപാടികളാണ‌് ഇതുവരെ നടന്നത‌്. അതാകട്ടെ വോട്ടർമാർക്കിടയിൽ ചർച്ചയായതുമില്ല. തീരമേഖല കേന്ദ്രീകരിച്ച‌് നടത്തിയ ജാതിയടിസ്ഥാനത്തിലുള്ള പ്രചാരണത്തിനും കാര്യമായ ചലനമുണ്ടാക്കാൻ കഴിയാതെ വന്നതോടെ ശേഷിച്ച പ്രവർത്തകരുടെയും ആത്മവിശ്വാസം തകർന്നു. ശബരിമല കർമസമിതി ഉപാധ്യക്ഷൻ കൂടിയായ സ്ഥാനാർഥിക്കായി കർമസമിതിയുടെ പേരിൽ വ്യാപകമായി കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട‌്‌. 
കഴിഞ്ഞതവണ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ആർഎസ‌്പിയിലെ എ വി താമരാക്ഷന‌് 43051 വോട്ടുകൾ മാത്രമാണ‌് ലഭിച്ചത‌്. യുഡിഎഫുമായി ചേർന്ന‌് വോട്ടുകച്ചവടം നടത്തിയെന്ന‌് അന്നുതന്നെ ആക്ഷേപമുയർന്നിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 1.40 ലക്ഷത്തിലേറെ വോട്ടുകൾ ആലപ്പുഴ ലോക‌്സഭാ മണ്ഡലത്തിലെ ഏഴ‌് നിയമസഭാ മണ്ഡലങ്ങളിൽനിന്ന‌് എൻഡിഎയ‌്ക്ക‌് ലഭിച്ചു. അതിൽ തന്നെ ഏറ്റവും കുറവ‌് വോട്ട‌് എൻഡിഎയ‌്ക്ക‌് ലഭിച്ചത‌് പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല വിജയിച്ച ഹരിപ്പാട്ടാണ‌്. ബിഡിജെഎസിന്റെ പിന്തുണയാണ‌് 2016ൽ വോട്ടുവർധനയ‌്ക്ക‌് സഹായിച്ചതെങ്കിൽ ഇക്കുറി സാഹചര്യം വ്യത്യസ‌്തമാണെന്ന‌ കണക്കുകൂട്ടലിലാണ‌് ബിജെപി. സ്ഥാനാർഥിക്ക‌് മണ്ഡലത്തിൽ കാര്യമായി വേരോട്ടമുണ്ടാക്കാൻ കഴിയാത്തതും പ്രവർത്തകരെ നിരാശരാക്കി. 
അതേസമയം കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ലഭിച്ച വോട്ടുകൾ തമ്മിലുള്ള അന്തരം ബിജെപിക്ക‌് തലവേദനയായിട്ടുണ്ട‌്. ഉള്ള വോട്ടുകൾ നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ വോട്ടുകച്ചവടമെന്ന ആരോപണം നേരിടേണ്ടി വരും.
പ്രധാന വാർത്തകൾ
 Top