ആലപ്പുഴ
ലോകസിനിമയുടെ വിസ്‌മയ കാഴ്ചകളുമായി മൂന്ന് ദിവസം ചലച്ചിത്രപ്രേമികളുടെ മനംകവർന്ന വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു. മികച്ച ചിത്രങ്ങളാലും ചലച്ചിത്രപ്രേമികളുടെ പങ്കാളിത്തത്താലും സജീവമായിരുന്നു മേള.
സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ നിർമിച്ച നിള, ബി 32 മുതൽ 44 വരെ എന്നീ സിനിമകളുടെ ആദ്യപ്രദർശനവും മേളയിലുണ്ടായി. ഈ രണ്ട് സിനിമകളും നിറഞ്ഞ സദസിലാണ് പ്രദർശിപ്പിച്ചത്. രണ്ട് സിനിമകളുടെയും സംവിധായകർ, നായിക ശാന്തികൃഷ്ണ എന്നിവരും സിനിമ കാണാനെത്തി. ഇന്ത്യ, ബെൽജിയം, ഫ്രാൻസ്, സ്പെയിൻ, ജർമനി, സെർബിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ വനിതാ സംവിധായകരുടെ 25 സിനിമകളാണ് പ്രദർശിപ്പിച്ചത്.
നിരവധി ചലച്ചിത്ര ആസ്വാദകരും മേളയിൽ പങ്കെടുത്തു. വൈകുന്നേരങ്ങളിലെ ഓപ്പൺ ഫോറങ്ങളിലും ചലച്ചിത്രപ്രേമികളുടെയും വിദ്യാർഥികളുടെയും സജീവപങ്കാളിത്തമായിരുന്നു. അവസാനമായി കോർസേജ്, മദർ ആൻഡ് സൺ എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്. വിപ്ലവഗായിക പി കെ മേദിനിയെക്കുറിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നിർമിച്ച ‘മാറ്റത്തിന്റെ പാട്ടുകാരി’ എന്ന ഡോക്യുമെന്ററിയും ശ്രദ്ധാകേന്ദ്രമായി.
സാംസ്‌കാരികവകുപ്പിന്റെ ‘സമം' പദ്ധതിയുടെ ഭാഗമായി കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെ കൈരളി, ശ്രീ തിയേറ്ററുകളിലാണ് മേള സംഘടിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..