03 December Friday

കരകയറ്റാൻ കെെകോർത്ത്

സ്വന്തം ലേഖകൻUpdated: Tuesday Oct 19, 2021

വെണ്മണി കുറ്റിക്കാട്ടുമുക്കിൽ മത്സ്യബന്ധന ബോട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്നു

മങ്കൊമ്പ് 
കക്കി ഡാം തുറന്നതിനാലും ബുധൻ മുതൽ തുലാവർഷം ശക്തിപ്രാപിക്കുമെന്ന  മുന്നറിയിപ്പ് ലഭിച്ചതിനാലും അപ്പർ കുട്ടനാട്ടിൽ പലരും സുരക്ഷയ്‌ക്കായി വീട്ടിൽനിന്ന്‌ മാറുന്നു. അതാത് പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നെങ്കിലും  ബന്ധുവീടുകളിൽ അഭയം തേടുകയാണധികവും. നദികളുടെയും തോടുകളുടെയും തീരത്ത് താമസിക്കുന്നവർ വീട്ടുസാധനങ്ങൾ കെട്ടിപെറുക്കിയാണ് മാറുന്നത്. നാൽക്കാലികൾ, കോഴി, താറാവ് എന്നിവയെയും ഉപേക്ഷിക്കാൻ പലർക്കുമാകുന്നില്ല. 
  എടത്വാ - തിരുവല്ല സംസ്ഥാന പാതയും, എ സി, എം സി റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടറോഡുകളിലും വെള്ളം കയറിയതോടെ വീടുമാറുന്നവരുടെ എണ്ണം കൂടി. ജലനിരപ്പ് കൂടുതൽ ഉയർന്നാൽ ഒറ്റപ്പെട്ട് പോകുമെന്നതിനാലാണ്‌ ഇവർ മാറുന്നത്‌.  മുട്ടാർ, തലവടി പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലുള്ള താമസക്കാർ ഏറെക്കുറെ വീടുവിട്ടിറങ്ങി. വീട്ടുസാധനങ്ങൾ ഉയർന്ന സ്ഥലങ്ങളിലോ തട്ടുകെട്ടിയോ സംരക്ഷിക്കുന്ന തിരക്കിലായിരുന്നു കുട്ടനാട്ടുകാർ. വീടിന് മുകളിലെ ടെറസിൽ മുളയും പടുതായും ഉപയോഗിച്ച് താൽക്കാലിക ടെന്റ്കെട്ടി താമസസൗകര്യം ഒരുക്കുന്നവരും നിരവധി.  താൽക്കാലികമായി വാടകയ്‌ക്ക്‌ വീട് തേടുന്നവരുമുണ്ട്.    യാത്രാവാഹനങ്ങൾ കരയിലെത്തിക്കുന്ന തത്രപ്പാടിലാണ് ജനം. 2018 - ലെ പ്രളയത്തിൽ നിരവധി വാഹനങ്ങൾക്ക് കേടു പറ്റിയിരുന്നു.  വൃദ്ധരെയും കുട്ടികളെയും സ്‌ത്രീകളെയും ഇതിനോടകം സുരക്ഷിത സ്ഥാനത്തേയ്‌ക്ക്‌ മാറ്റിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top