03 August Tuesday
ഇന്ന് വായനദിനം

വായന രാകിമിനുക്കിയ അധ്യാപകൻ

പി പ്രമോദ്Updated: Saturday Jun 19, 2021

ഇലിപ്പക്കുളം രവീന്ദ്രൻ

മാവേലിക്കര
ആൾക്കൂട്ടങ്ങളിൽ നിന്നകന്ന്, വായനയെ മുറുകെപ്പിടിച്ച് സാഹിത്യരംഗത്ത് തന്റേതായ വഴി തെളിച്ചതാണ്‌ ഈ അധ്യാപകൻ. വായനയിലൂടെ സ്വയം രാകിമിനുക്കിയെടുത്തും ജീവിതാനുഭവങ്ങളെ പകർത്തുകയാണ്‌ ഇലിപ്പക്കുളം രവീന്ദ്രൻ എന്ന സാഹിത്യലോകത്തെ ഒറ്റയാൻ. വിശേഷണങ്ങൾ അനവധിയാണ് ഇലിപ്പക്കുളത്തിനുള്ളത്. എഴുത്തുകാരൻ, അധ്യാപകൻ, ലൈബ്രറി കൗൺസിൽ ഭാരവാഹി, ദേശാഭിമാനി സ്‌റ്റഡിസർക്കിൾ പ്രഥമ സംസ്ഥാന കമ്മിറ്റിയംഗം, പുരോഗമന കലാ സാഹിത്യസംഘം ഭാരവാഹി അങ്ങനെ നിരവധി.
1949ൽ ഇലിപ്പക്കുളം രവീന്ദ്രവിലാസത്തിൽ ഗോവിന്ദൻ ശങ്കരന്റെയും ഗൗരിയുടെയും മകനായി ജനിച്ചു. എസ്എൻ കോളേജിലെ ബിരുദപഠനമാണ് തന്നെ വായനയുടെ വിസ്‌മയലോകത്തെത്തിച്ചതെന്ന് ഇലിപ്പക്കുളം ഓർക്കുന്നു. ഇക്കാലത്ത് മലയാള സാഹിത്യ നിരൂപകൻ എം പി അപ്പൻ അടക്കമുള്ള നിരവധി പ്രമുഖരുടെ ശിഷ്യനാകാൻ കഴിഞ്ഞു. പട്ടാമ്പി കോളേജിലെ ബിരുദാനന്തര ബിരുദ പഠനത്തിനിടെ ചെറുകാടിന്റെ ശിഷ്യനായി. ആറ്റൂർ രവിവർമയും ഗുരുവായി. എബിവിപി–--കെഎസ് യു ഗുണ്ടാസംഘം പട്ടാമ്പി കോളേജിൽവച്ച് സഖാവ് സെയ്‌താലിയെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയതിന് സാക്ഷിയാകേണ്ടി വന്ന രവീന്ദ്രൻ, അന്ന് എസ്എഫ്‌ഐ കോളേജ് യൂണിറ്റ് പ്രസിഡന്റായിരുന്നു.
1980ൽ ഇലിപ്പക്കുളം ഗവ. സ്‌കൂളിൽ മലയാളം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. കെജിടിഎയിലും കെഎസ്ടിഎയിലും പ്രവർത്തിച്ചു. 1994ൽ ഇലിപ്പക്കുളത്തിന്റെ ആദ്യകഥാസമാഹാരം, വൈകി വന്ന വണ്ടി, എൻബിഎസ് പുറത്തിറക്കി. ഭൂമിയിൽ ഒരിടം, മഴ, അരുന്ധതി, വിദ്യാലയകഥകൾ തുടങ്ങി നിരവധി കഥാസമാഹാരങ്ങൾ പിന്നീട് പുറത്തിറങ്ങി. ദേശാഭിമാനി വാരാന്തപ്പതിപ്പിൽ വന്ന ആബിദ അറിയുന്നില്ല എന്ന നോവലൈറ്റ് ഏറെ ചർച്ചയായി. ഭവാനിപ്പുഴ സാക്ഷി, പുഴയൊഴുകും വഴി എന്നീ നോവലുകളും എഴുതി. സാഹിത്യ അക്കാദമിക്ക് വേണ്ടി എഴുതിയ ‘എ പി കളക്കാട്, ജീവിതവും പോരാട്ടവും' ജീവചരിത്രരചനകളിലെ പ്രധാനസൃഷ്‌ടിയായി വിലയിരുത്തപ്പെടുന്നു. 2004ൽ കായംകുളം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന്‌ വിരമിച്ചു. അമ്മയ്‌ക്ക്‌ വന്ന കത്തുകളും, കയം എന്ന നോവലും ഡിസി ബുക്‌സ് ഉടൻ പ്രസിദ്ധീകരിക്കും.
ശ്രീനാരായണഗുരുവിന്റെ ആദർശങ്ങളെ പിന്തുടർന്ന അച്ഛന്റെ ഗ്രന്ഥശാലാ പ്രവർത്തനം കണ്ടുവളർന്ന്, പിന്നീട് വായനയുടെ ലോകത്തെത്തിയ രവീന്ദ്രന്റെ കൈകളിൽനിന്ന്‌ ഇന്നും പുസ്‌തകങ്ങൾ ഒഴിഞ്ഞിട്ടില്ല. മനുഷ്യനാകാൻ വേണ്ടിയാകണം വായന എന്നാണ്, വായനദിനത്തിൽ ഇലിപ്പക്കുളത്തിന് ലോകത്തോട് പറയാനുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top