18 July Thursday
ഭർത്താവ് എത്താൻ വൈകും

സൗമ്യയുടെ സംസ‌്കാരം നാളെ

സ്വന്തം ലേഖകൻUpdated: Wednesday Jun 19, 2019

സൗമ്യയുടെ മൃതദേഹം പൊതുദർശനത്തിന്‌ വയ്‌ക്കാൻ വള്ളികുന്നം പൊലീസ്‌ സ്‌േറ്റഷനിൽ ഒരുക്കിയ പന്തൽ

ചാരുംമൂട്  
കൊല്ലപ്പെട്ട സിവിൽ പൊലീസ് ഓഫീസർ സൗമ്യയുടെ (32) മൃതദേഹം വ്യാഴാഴ‌്ച വീട്ടുവളപ്പിൽ സംസ‌്കരിക്കും. ലിബിയയിലുള്ള ഭർത്താവ് സജീവ് ബുധനാഴ‌്ച രാത്രിയേ നാട്ടിലെത്തൂ. ഇതിനാലാണ് സംസ‌്കാര ദിവസം മാറ്റിയത്. 
ശനിയാഴ‌്ചയാണ‌് വള്ളികുന്നം സ‌്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ പെട്രോളൊഴിച്ച‌് കത്തിച്ച‌് കൊന്നത‌്.  ഭർത്താവ് സജീവ് ബുധനാഴ‌്ച രാവിലെ നാട്ടിൽ എത്തിയാലുടൻ സംസ‌്കാരം നടത്താനായിരുന്നു നിശ‌്ചയിച്ചിരുന്നത‌്. എന്നാൽ എംബസിയിൽനിന്ന‌് നിയമാനുമതി ലഭിക്കാൻ വൈകിയതാണ‌് സജീവിന്റെ യാത്ര നീളാൻ കാരണമെന്ന‌് ബന്ധുക്കൾ അറിയിച്ചു. മൂന്നാഴ‌്ച മുമ്പാണ് സജീവ് ലിബിയക്ക‌് പോയത്. 
വ്യാഴാഴ‌്ച രാവിലെ ഓച്ചിറ പരബ്രഹ്മാശുപത്രി മോർച്ചറിയിൽ നിന്ന് സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി വള്ളികുന്നം പൊലീസ് സ‌്റ്റേഷനിൽ എത്തിക്കും. തുടർന്ന‌് പൊതുദർശനത്തിന് വയ‌്ക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ സ‌്റ്റേഷനിൽ തുടങ്ങി.  
സൗമ്യക്ക‌് അന്ത്യോപചാരമർപ്പിക്കാൻ വൻ ജനാവലിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ‌് ഒരുക്കങ്ങൾ. ഇലിപ്പക്കുളം കരുണാകരൻ സ‌്മാരക ഗവ. ഹയർ സെക്കൻഡറി സ‌്കൂളിലെ സ‌്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ ആദ്യം അന്ത്യോപചാരം അർപ്പിക്കും. പിന്നീട്  പൊതുജനങ്ങൾക്ക് കാണാനുള്ള അവസരമൊരുക്കും. തുടർന്നാണ‌് ഔദ്യോഗിക ബഹുമതികളോടെ  പൊലീസിന്റെ ആദരാഞ്ജലി. സ‌്കൂളിൽനിന്ന‌് അഞ്ച് കിലോമീറ്റർ അകലെയുള്ള, സൗമ്യയുടെ വീടായ കാമ്പിശേരി തെക്കേമുറി ഊപ്പൻ വിളയിൽ വീട്ടിൽ മൃതദേഹം എത്തിച്ചശേഷമാവും സംസ‌്കാരം. സംസ‌്കാരച്ചടങ്ങുകളിൽ ജനപ്രതിനിധികളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും. 
ആലുവ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ കൊച്ചി കാക്കനാട് സൗത്ത് വാഴക്കാല നെയ്‌വേലിയിൽ അജാസ് (33) ആണ‌് സൗമ്യയെ കൊലപ്പെടുത്തിയത‌്. വിവാഹ അഭ്യർഥന നിരസിച്ചതിനാലാണ‌് കൊന്നതെന്ന‌് അജാസ‌് മൊഴി നൽകി. 
സൗമ്യയെ പെട്രോളൊഴിച്ച‌് കത്തിക്കുന്നതിനിടെ 50 ശതമാനത്തോളം പൊള്ളലേറ്റ ഇയാൾ വണ്ടാനം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ‌്. 
ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായ ഇയാളെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. എന്നാൽ ചൊവ്വാഴ‌്ച രക്തസമ്മർദം കൂടിയതോടെ ഡയാലിസിസ‌് നിർത്തിവച്ചു.  രക്തസമ്മർദം നിയന്ത്രിച്ച ശേഷം ഡയാലിസിസ‌് തുടരുമെന്ന‌് ആശുപത്രി അധിക‌ൃതർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top