23 July Tuesday
ആലപ്പുഴ മൊബിലിറ്റി ഹബ‌്

കെഎസ‌്ആർടിസി ഗ്യാരേജ‌് സെപ്തംബറിൽ വളവനാട്ടേക്ക‌്

സ്വന്തംലേഖകൻUpdated: Wednesday Jun 19, 2019

വളവനാട്‌ കെഎസ്‌ആർടിസി ഗ്യാരേജ്‌ നിർമാണം പുരോഗമിക്കുന്നു

ആലപ്പുഴ
മൊബിലിറ്റി ഹബ്ബിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി ആലപ്പുഴ കെഎസ‌്ആർടിസി ഗ്യാരേജ‌് സെപ്തംബറിൽ വളവനാടേക്ക‌് മാറ്റും. വളവനാട‌് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപം ഭവനനിർമാണ ബോർഡിൽനിന്ന‌് പാട്ടത്തിനെടുത്ത സ്ഥലത്താണ‌് താൽക്കാലികമായി ഇത‌് മാറ്റി സ്ഥാപിക്കുക. ഇടയ‌്ക്ക‌് നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടെങ്കിലും കഴിഞ്ഞദിവസം പുനരാരംഭിച്ചു. നിലം ഒരുക്കൽ, താൽക്കാലിക കെട്ടിടങ്ങളുടെ നിർമാണം എന്നിവ ഊർജിതമായി പുരോഗമിക്കുകയാണ‌്. 
ഗ്യാരേജ‌് മാറ്റുന്നതോടെ ആലപ്പുഴ സ‌്റ്റാൻഡിൽ ബസ‌് കയറി ഇറങ്ങിപ്പോകുന്ന കേന്ദ്രം മാത്രമാകും. സർവീസ‌് കഴിഞ്ഞ ബസുകൾ രാത്രിയിൽ പാർക്കുചെയ്യുന്നതും രാവിലെ പുറപ്പെടുന്നതും വളവനാടു നിന്നാകും. അറ്റകുറ്റപണികളും ഇവിടെയാകും. ദീർഘദൂരം ഉൾപ്പെടെ 86 സർവീസുകളാണ‌് ആലപ്പുഴ സ‌്റ്റാൻഡിൽ നിന്നുള്ളത‌്. മൂന്നു സൂപ്പർ ഫാസ‌്റ്റ‌്, ഒരു ഡീലക‌്സ‌് എന്നിവ ഉൾപ്പെടെ 97 ബസുകളുണ്ട‌്. 
 ഗ്യാരേജ‌് വരുന്നതോടെ സൂപ്പർ ഫാസ‌്റ്റ‌് ഉൾപ്പെടെയുള്ള ബസുകൾക്ക‌് വളവനാട‌് സ‌്റ്റോപ്പ‌് ലഭിക്കും. മാറ്റം പൂർണമായാൽ കെഎസ‌്ആർടിസി സ‌്റ്റാൻഡിലെ നിലവിലുള്ള ഗ്യാരേജും സമീപത്തുള്ള കെട്ടിടങ്ങളും പൊളിക്കും. തുടർന്ന‌് ഹബ‌് ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. പുതിയ കെട്ടിടങ്ങളുടെയും മേൽപ്പാൽങ്ങളുടെയും  പൈലിങ‌് ജോലികളാണ‌് തുടങ്ങുക. ഓഫീസ‌്, യാത്രക്കാരുടെ കാത്തുനിൽപ്പുകേന്ദ്രം എന്നിവ പ്രവർത്തിക്കുന്ന പ്രധാനകെട്ടിടം അവസാനഘട്ടത്തിലേ പൊളിക്കു.
നഗരത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന മൊബിലിറ്റി ഹബ‌് പദ്ധതി കിഫ്ബി ധനസഹായത്തോടെയാണ‌് നടപ്പാക്കുന്നത‌്. സംസ്ഥാന സർക്കാരിന്റെ പൊതു–-സ്വകാര്യസംരംഭമായ ഇൻകൽ ലിമിറ്റഡിനാണ‌് 493.06 കോടി രൂപയുടെ ഈ പദ്ധതിയുടെ നിർമാണചുമതല. ആദ്യഘട്ടത്തിൽ 129.12 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ‌് നടത്തുക.
ആറു നിലകളിലായാണ‌് മൊബിലിറ്റി ഹബ‌് നിർമിക്കുക. മൊത്തം 40170.03 സ‌്ക്വയർ മീറ്ററിലാണ‌് ഹബ‌് പ്രവർത്തിക്കുക. ബസ‌് ടെർമിനൽ, വർക്ക‌്ഷോപ്പ‌്, ബോട്ട‌് ടെർമിനൽ, അറ്റകുറ്റ പണിക്കുള്ള ഡെക്ക‌്വാ, കനാലിനു മുളിലൂടെ പാലം എന്നിവയാണ‌് ഹബ്ബിന്റെ പ്രധാന നിർമിതികൾ. ഇതിനുപുറമെ ഹോട്ടൽ, ബഹുനില പാർക്കിങ‌് എന്നിവയുമുണ്ടാകും. ഭൂനിരപ്പിലുള്ള കെട്ടിടത്തിൽ ബസ‌്ടെർമിനൽ, ബസ‌്ടെ ബേ, ഹോട്ടൽ ലോബി എന്നിവയാണ‌് പ്രവർത്തിക്കുക. ഇതിനു സമീപത്തുള്ള കെട്ടിടത്തിലാണ‌് ജില്ലാ ട്രാസ‌്പോർട്ട‌് ഓഫീസ‌്. ബസ‌് ബേയിൽ 44 ബസുകൾ നിർത്തിയിടാൻ സൗകര്യമുണ്ടാകും. ഇതിനു സമീപം ഗ്യാരേജ‌്. 
 അഞ്ചു നിലകളിലായാണ‌് ഹോട്ടൽ പ്രവർത്തിക്കുക. 73 സ്യൂട്ട‌് റൂമുകളും രണ്ട‌് ഹാളുകളും ഇതിലുണ്ടാകും. രണ്ട‌്, മൂന്ന‌്, നാല‌് നിലകളിലാണ‌് പാർക്കിങ‌് സംവിധാനം. 456 കാറുകൾക്ക‌് ഇവിടെ പാർക്കു ചെയ്യാനാകും. ഹബിന്റെ നിർമാണത്തിനായി 12 ഏക്കർ സ്ഥലമാണ‌് വേണ്ടത‌്. കെഎസ‌്ആർടിസിയുടെ കൈവശമുള്ളതിനു പുറമെ സമീപത്തെ മറ്റു വകുപ്പുകളുടെ സ്ഥലവും ഇതിനായി ഏറ്റെടുക്കും.
പ്രധാന വാർത്തകൾ
 Top