21 August Wednesday

മാവേലിക്കരയിൽ വിജയം സുനിശ്‌ചിതം: എൽഡിഎഫ്‌

സ്വന്തം ലേഖകൻUpdated: Friday Apr 19, 2019
ചെങ്ങന്നൂർ
മാവേലിക്കര ലോക‌്സഭ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ വിജയം സുനിശ്ചിതമെന്ന് തെരഞ്ഞെടുപ്പ‌് കമ്മിറ്റി പ്രസിഡന്റ് സജി ചെറിയാൻ എംഎൽഎയും സെക്രട്ടറി പി പ്രസാദും പറഞ്ഞു. 
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു സമാനമായി വോട്ടർമാർ മികച്ച വിജയം സമ്മാനിക്കും. വികസനത്തിൽ മാവേലിക്കര മണ്ഡലത്തെ അവഗണിച്ച കൊടിക്കുന്നിൽ സുരേഷ് എംപിക്ക് വോട്ടർമാർ മറുപടി നൽകും. പ്രളയക്കെടുതിയുടെ നാളുകളിൽ പോലും എംപിയെ മണ്ഡലത്തിൽ കണ്ടിട്ടില്ല. വികസനത്തിൽ കഴിഞ്ഞ 10 വർഷം മണ്ഡലത്തെ പുറകോട്ടടിച്ചു. സ്ഥാനാർഥി നിർണയം മുതൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഒത്തുകളി പ്രകടമാണ്. ഇടതുപക്ഷത്തിനെതിരെ കോൺഗ്രസും ബിജെപിയും കൈകോർക്കുന്ന കാഴ‌്ച തെരെഞ്ഞെടുപ്പിൽ ദ‌ൃശ്യമാണ‌്. എൻഡിഎ സ്ഥാനാർഥിയുടെ പ്രചാരണം വളരെ വൈകിയാണ‌് ആരംഭിച്ചത‌്. ബിജെപി പിൻമാറി ബിഡിജെഎസിന് സീറ്റ് നൽകിയത‌് രഹസ്യധാരണയുടെ ഭാഗമായാണ്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് എൽഡിഎഫ് വോട്ട് തേടുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ക‌ൃഷി, റോഡുകൾ, പാലങ്ങൾ തുടങ്ങി എല്ലാ മേഖലയിലും എൽഡിഎഫ‌് സർക്കാർ വികസനമെത്തിച്ചു.  ഇത് മനസ്സിലാക്കി ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാർ പ്രതികരിക്കുമെന്ന‌് സജിചെറിയാൻ എംഎൽഎ പറഞ്ഞു. 
പ്രളയമുണ്ടായപ്പോൾ ഒപ്പം നിന്ന സർക്കാർ ദുരിതബാധിതരെ ജീവിതത്തിലേക്ക‌് മടക്കിക്കൊണ്ടുവരാനും എല്ലാ സഹായങ്ങളും നൽകി. ലോക‌്സഭയിൽ ഇടതുപക്ഷം ശക്തിപ്പെട്ടാൽ മാത്രമേ രാജ്യം നേരിടുന്ന വെല്ലുവിളികളെ ചെറുക്കാൻ സാധിക്കൂ. ബിജെപിക്ക‌് ബദലായി ഒരിക്കലും കോൺഗ്രസിന‌് മാറാൻ കഴിയില്ല. ഇന്നത്തെ കോൺഗ്രസാണ‌് നാളത്തെ ബിജെപിയായി മാറുന്നന്നത‌്. ഇതെല്ലാം തിരിച്ചറിയുന്ന മാവേലിക്കരയിലെ വോട്ടർമാർ ഇടതുപക്ഷത്തിന‌് അനുകൂലമായി ചിന്തിക്കുമെന്നും സജിചെറിയാൻ എംഎൽഎ  പറഞ്ഞു  
 കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒപ്പമില്ലാതിരുന്ന ചില രാഷ‌്ട്രീയപാർടികളുടെ ഇടപെടൽ എൽഡിഎഫ‌് സ്ഥാനാർഥി ചിറ്റയത്തിന്റെ വിജയത്തിന‌് കരുത്താകുമെന്ന‌് പി പ്രസാദ‌് പറഞ്ഞു. തൊട്ടടുത്ത അടൂരിൽ വലിയ വികസന മുന്നേറ്റമുണ്ടാക്കാൻ എംഎൽഎ ആയ ചിറ്റയം ഗോപകുമാറിന‌് കഴിഞ്ഞത‌് മാവേലിക്കര മണ്ഡലത്തിലെ ജനങ്ങൾ മനസിലാക്കിയിട്ടുണ്ട‌്. വികസനനായകനാണ‌് ചിറ്റയമെന്ന‌ത‌് സജീവ ചർച്ചയാണ‌്. എൻഡിഎ മത്സരരംഗത്ത‌് സജീവമല്ലാത്തത‌് കോൺഗ്രസ‌്﹣-ബിജെപി രഹസ്യധാരണയുടെ ഭാഗമായാണ‌്. ഈ വോട്ടുകച്ചവടം മനസിലാക്കുന്ന മറ്റ‌് വിഭാഗങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്നും പ്രസാദ‌് പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top