ആലപ്പുഴ
നിർമാതാക്കളിൽനിന്നുള്ള ഇടപെടലുകൾ ഇല്ലാതെ സിനിമയെടുക്കാൻ സാധിച്ചതായി സംവിധായിക ശ്രുതി ശരണ്യം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ സ്ത്രീകളുടെ സംവിധാനത്തിലുള്ള സിനിമ എന്ന പദ്ധതിയിലൂടെയാണത് സാധ്യമായത്. സ്ത്രീകളുടെ സിനിമാ സംരംഭങ്ങളും സർക്കാർ പിന്തുണയും എന്ന വിഷയത്തിൽ കൈരളി തിയറ്ററിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ. കെഎസ്എഫ്ഡിസി നിർമിച്ച ബി 32 മുതൽ 44 വരെ എന്ന ചിത്രത്തിന്റെ സംവിധായികയാണ് ശ്രുതി.
ജെൻഡർ സെൻസിറ്റീവായ വിഷയങ്ങളും സ്ത്രീപക്ഷ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന സിനിമകൾ ഏറ്റെടുക്കാൻ നിർമാതാക്കൾ ഇപ്പോഴും മടിക്കുന്നു. സ്ത്രീകളിൽനിന്ന് സ്ത്രീപക്ഷ വിഷയങ്ങൾ മാത്രം പ്രതീക്ഷിക്കുന്നവരാണ് പൊതുസമൂഹമെന്ന് ഉർഫ് എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധായിക ഗീതിക നാരങ് അബ്ബാസി പറഞ്ഞു. സിനിമയെ ലിംഗവ്യത്യാസമില്ലാതെ ഒരു വ്യക്തിയുടെ ആവിഷ്‌കാരമായി മാത്രം കാണണമെന്നും അവർ പറഞ്ഞു. സ്ത്രീകളുടെ കാഴ്ചപ്പാടുകളും അവരുടെ തീരുമാനങ്ങളും അംഗീകരിക്കുന്നതിലേക്ക് ഇപ്പോഴും സമൂഹം വളർന്നിട്ടില്ലെന്ന് നിള സിനിമയുടെ സംവിധായിക ഇന്ദുലക്ഷ്മി പറഞ്ഞു.
നവസംവിധായിക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഒട്ടേറെ പൊരുതിയാണ് ഒരു മുഖ്യധാര സിനിമയെടുക്കാൻ തനിക്കായതെന്ന് 19 (1) എ സംവിധായിക വി എസ് ഇന്ദു പറഞ്ഞു. കെഎസ്എഫ്ഡിസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ വി തദേവൂസ് സംസാരിച്ചു. ഷെറിൻ കാതറിൻ മോഡറേറ്ററായി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്‌യും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..