29 November Monday

ആലപ്പുഴയിലേക്ക്‌ കിഴക്കൻവെള്ളം ഇരച്ചെത്തുന്നു

സ്വന്തം ലേഖകൻUpdated: Monday Oct 18, 2021

എടത്വ –-തിരുവല്ല സംസ്ഥാനപാതയിൽ വെള്ളത്തിൽ മുങ്ങിയ നെടുമ്പ്രം ജങ്ഷൻ

ആലപ്പുഴ>  ഞായറാഴ്‌ച പകൽ മഴ മാറിനിന്നെങ്കിലും കിഴക്കൻ വെള്ളം ആലപ്പുഴയുടെ താഴ്‌ന്ന പ്രദേശങ്ങളിൽ ദുരിതം വിതച്ചുതുടങ്ങി.  മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്ന്‌  രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്താനുള്ള നടപടികൾ കൈക്കൊണ്ടു. 
 
 
ചെങ്ങന്നൂർ, കുട്ടനാട്​, മാവേലിക്കര ​ താലൂക്കുകളിലെ പല പ്രദേശങ്ങളും വെള്ളത്തിലായി. എസി റോഡ്‌, എംസി റോഡ്‌, അമ്പലപ്പുഴ–-തിരുവല്ല  റോഡുകളിൽ വെള്ളം കയറി.39.96 മില്ലീ മീറ്റർ മഴയാണ്‌ ശനിയാഴ്‌ച പെയ്‌തത്‌. മണിമല, പമ്പ, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പുയർന്നതോടെയാണ്‌ കിഴക്കൻ വെള്ളം ഇരച്ചെത്താൻ തുടങ്ങിയത്‌. അഗ്നിരക്ഷാസേന, പൊലീസ്‌, എൻഡിആർഎഫ്‌, മത്സ്യത്തൊഴിലാളികൾ  എന്നിവയ്‌ക്കു പുറമേ സിപിഐ എം, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകളും ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റാൻ മുന്നിട്ടിറങ്ങി. 
 

  കൃഷ്​ണപുരം, -നാരകത്തറ, മ​ങ്കൊമ്പ്​ വികാസ്​ മാർഗ്​, സിവിൽ സ്​റ്റേഷൻ, ചതുർഥ്യാകരി​-പൊട്ട്​ മുപ്പത്​, കൊടുപ്പുന്ന-തായങ്കരി റോഡും സമീപത്തെ താഴ്​ന്നപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്​. ചക്കുളത്തുകാവിലും വെള്ളം കയറി. അപ്പർകുട്ടനാട്​ മേഖലകളായ നെടു​മ്പ്രം, നീരേറ്റുപുറം, എടത്വ, മുട്ടാർ, തലവടി, കരുവാറ്റ, തകഴി, ആയാപറമ്പ്​, വീയപുരം അടക്കമുള്ള പ്രദേശങ്ങളിലെ മിക്ക വീടുകളും ​വെള്ളത്തിലായി. 
 

   ചെങ്ങന്നൂർ, ചെറിയനാട്, മുളക്കുഴ, കോടംതുരുത്ത്​, പെരളശേരി, പാണ്ടനാട്​, തിരുവൻവണ്ടൂർ, വെണ്മണി, മാന്നാറി​ന്റെ പടിഞ്ഞാറൻ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്‌.  ചെങ്ങന്നൂർ നഗരസഭയിലെ മംഗലം, ഇടനാട്‌, അങ്ങാടിക്കൽ, കീഴ്‌ശേരിമേൽ പ്രദേശങ്ങളിലെ അമ്പതോളം വീടുകളിൽ വെള്ളം കയറി.  മുളക്കുഴ കോടംതുരുത്ത്‌ പ്രദേശം  ഒറ്റപ്പെട്ടു. ഇവിടുത്തെ 45 കുടുംബങ്ങളെ  ക്യാമ്പുകളിലേക്ക്‌ മാറ്റി. തിരുവൻവണ്ടൂരിലും സ്ഥിതി സമാനമാണ്‌. ശാർങക്കാവ്‌ ദേവീക്ഷേത്രവും വെള്ളത്തിലായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top