22 October Thursday
കരുവാറ്റ ബാങ്ക്‌ കവർച്ച

1850 ഗ്രാം സ്വർണം കണ്ടെടുത്തു

●സ്വന്തം ലേഖകൻUpdated: Sunday Oct 18, 2020

കരുവാറ്റ ബാങ്കിൽനിന്ന് കവർച്ച ചെയ്‍‍ത സ്വർണ ഉരുപ്പടികൾ

ഹരിപ്പാട്
കരുവാറ്റ ബാങ്കിലെ കവർച്ച മുതലിൽ വലിയ പങ്കും നഷ്‌ടമാകാതെ  കണ്ടെടുക്കാനായെന്ന്‌ അന്വേഷണത്തിന് നേത‌ൃത്വം നൽകിയ മധ്യമേഖല ഡിഐജി കാളീരാജ് മഹേഷ്‌കുമാർ. കവർച്ച ചെയ്‌ത 4.5 കിലോ സ്വർണത്തിൽ 1850 ഗ്രാം  ഇതിനകം കണ്ടെടുത്തു. ബാക്കി സ്വർണത്തിന്റെ  വിവരം പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. അന്വേഷണസംഘത്തിന്റെ ക‌ൃത്യവും ചടുലവുമായ ഇടപെടലാണ്‌ ഫലം കണ്ടത്‌. 
  കഴിഞ്ഞ 10 വർഷത്തിനിടെ സഹകരണബാങ്കുകളിൽ നടന്ന പത്തോളം കവർച്ചകൾക്ക് സമാനസ്വഭാവമുണ്ടെന്ന്‌ ഡിഐജി പറഞ്ഞു.  ലോക്കറുകൾക്ക്‌ ബലമേറിയതായതിനാൽ  ഉരുക്കുവാതിലുകളിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് സുഷിരങ്ങളുണ്ടാക്കിയാണ് കവർച്ച. 
ഒറ്റ രാത്രിയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് വാതിൽ തകർക്കാനാവില്ല. ഒന്നിലധികം ദിവസം  വേണ്ടിവരും. അതിനാൽ ദീർഘ അവധിക്കാലമാണ് മോഷ്‌ടാക്കൾ മുതലാക്കുന്നത്. തുടർച്ചയായ ഏഴുദിവസം അവധിയായിട്ടും കോടിക്കണക്കിന്‌ രൂപയുടെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്ക് അധിക‌ൃതർ നിരീക്ഷിച്ചില്ല. ഇത്‌ ആവർത്തിക്കരുതെന്നും ഡിഐജി പറഞ്ഞു. കോയമ്പത്തൂരിലെ വാടകവീട്ടിൽനിന്ന് അറസ്‌റ്റ്‌ ചെയ്‌ത മുഖ്യപ്രതി തിരുവനന്തപുരം കാട്ടാക്കട കട്ടേക്കാട് പാറക്കാണി മേക്കുംകര ആൽബിൻ രാജി(39)ന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. പിടിയിലായ ഹരിപ്പാട് സ്വദേശി ഷൈബു (അപ്പുണ്ണി-), തിരുവനന്തപുരം സ്വദേശി ഷിബു (42) എന്നിവർ റിമാൻഡിലാണ്‌. ആഗസ്‌ത്‌ 29നും 31 ദിവസങ്ങളിലാണ്‌ ലോക്കർ തകർത്ത് 4.5 കിലോ സ്വർണവും 4.5 ലക്ഷം രൂപയും  കവന്നത്. 
3 കേസുകൾക്ക്‌ തുമ്പായി
ഹരിപ്പാട്
കരുവാറ്റ ബാങ്ക് കവർച്ച കേസിലെ പ്രധാന പ്രതിയായ ആൽബിൻ രാജ് പിടിയിലായതോടെ തെളിയാതെ കിടന്ന മൂന്ന്‌ കേസുകൾക്കുകൂടി തുമ്പുണ്ടാകുമെന്ന് അന്വേഷണസംഘം. കാർത്തികപ്പള്ളിയിൽ  ഒരു ഭവനഭേദനവും കൊല്ലം റൂറലിൽ  രണ്ട് കേസുകളുമായും അൽബിന്‌ ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
   രണ്ട് വർഷം മുമ്പ് കാർത്തികപ്പള്ളിയിൽ അധ്യപക ദമ്പതികളുടെ അടച്ചിട്ട വീട്ടിൽനിന്ന് 3.5 പവന്റെ സ്വർണവും പണവും മോഷണം പോയി. സിസിടിവി ക്യാമറകൾ തകർത്തശേഷം ബൈക്കിൽ രക്ഷപ്പെട്ട കേസിലെ പ്രതിയെ കണ്ടെത്താനാകുമെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top