20 November Wednesday

ജനപിന്തുണയേറി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019
അരൂർ
സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ ജനപിന്തുണ വർധിച്ചെന്നും അഞ്ചു ഉപതെരഞ്ഞെടുപ്പുകളിലും പാലായും ചെങ്ങന്നൂരും ആവർത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യം, പൊതുവിദ്യാഭ്യാസം, ദേശീയപാത വികസനം, ഭരണമികവ്, ക്രമസമാധാനപാലനം തുടങ്ങിയ ഒട്ടുമിക്ക മേഖലകളിലും കേരളം ഒന്നാമതെത്തി. 
യുഡിഎഫ് കാലത്ത് 4.6 ശതമാനം നെഗറ്റീവ് വളർച്ചയിലായിരുന്നു കാർഷികരംഗം. കൃഷിക്കാർ ദുരിതത്തിലായി. എന്നാലിപ്പോൾ 22,000 ഹെക്ടർ തരിശുനിലത്തിൽ പുതിയ കൃഷിയായി. തരിശുരഹിത ഗ്രാമങ്ങൾ വന്നു. 3.5 ലക്ഷം ടൺ പച്ചക്കറി ഉൽപ്പാദനം വർധിച്ചു. മട്ടുപ്പാവിലടക്കം കൃഷിയായി. പച്ചക്കറി, ഫലം, പൂവ് ഒക്കെ കയറ്റുമതിയിലേക്ക് വളരുകയാണ്. ഇതിനായി കോൾഡ് സ്‌റ്റോറേജ് ശൃംഖല ഉണ്ടാക്കും. പാവങ്ങളുടെ പെൻഷൻ യുഡിഎഫ് കുടിശികയാക്കി. എൽഡിഎഫ് കുടിശിക തീർത്തു. 600 രൂപ പെൻഷൻ 1200 ആക്കി വർധിപ്പിച്ച‌് വീട്ടിലെത്തിച്ചു. 52 ലക്ഷം പേർക്ക് പെൻഷൻ നൽകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ലഭിക്കാൻ കാലതാമസമില്ല. 3.72 ലക്ഷം പേർക്ക് സഹായം നൽകി.
ദേശീയപാത ഭൂമി ഏറ്റെടുക്കൽ കടമ്പകൾ കടന്നു. തലപ്പാടി ഭാഗം ഉടൻ ടെൻഡർ ചെയ്യും. ഗെയിൽ പദ്ധതി നാല്‌ കി.മി. മാത്രം ബാക്കി. കൂടംകുളം വൈദ്യുതി വിഹിതം എത്തിക്കാൻ ഇടമൺ ﹣-കൊച്ചി ലൈൻ പൂർത്തിയാക്കി. കോവളം മുതൽ ബേക്കൽ വരെ 600 കി.മി. ജലപാത അടുത്ത വർഷം പൂർത്തിയാകും. കണ്ണൂർകൂടി വന്നതോടെ നാലു വിമാനത്താവളമായി.  കൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴി വരുന്നു. കിഫ‌്ബിയിൽ 50,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. 45,000 കോടി രൂപയുടെ പദ്ധതികളായി. 
മത്സ്യത്തൊഴിലാളി മേഖലയിൽ 6224 വീട് നൽകി. 1798 കുടുംബത്തിന് ഭൂമിയും. 4500 വീട് നവീകരിച്ചു. 2000 കോടിയുടെ പാക്കേജ് നടപ്പാക്കുന്നു. 45,000 ക്ലാസ് മുറി ഹൈടെക്ക് ആയി. 1.30 ലക്ഷം കുടുംബങ്ങൾ പുതിയവീട്ടിൽ താമസം തുടങ്ങി. ഡിസംബറിൽ രണ്ടു ലക്ഷമാകും. ലൈഫ‌് പദ്ധതി പൂർത്തിയാകുമ്പോൾ അഞ്ചു ലക്ഷം പേർക്ക‌് വീടാകും﹣- മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top