22 October Tuesday

യോജിച്ച പ്രക്ഷോഭം അനിവാര്യം: എളമരം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019
മങ്കൊമ്പ്‌
അധ്വാനവർഗത്തിന്റെ യോജിച്ച പ്രക്ഷോഭത്തിലൂടെ മാത്രമേ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ, വർഗീയനയം തിരുത്താനാകൂവെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. മങ്കൊമ്പ്‌  പി ക‌ൃഷ്‌ണപിള്ള സ്‌മാരക ഹാളിൽ സിഐടിയു ജില്ലാ സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 
 രാജ്യം അപകടകരമായ അവസ്ഥയിലാണ്‌. ജനാധിപത്യവും മതേതരത്വവും മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയും തകർച്ചയിലാണ്‌. 
ജീവിതപ്രശ്നങ്ങളോട്‌ ഏറ്റുമുട്ടുന്ന തൊഴിലാളി വർഗത്തിന്‌ മാത്രമേ സർക്കാരിനെ തിരുത്താനാകൂ. വർഗസമരത്തിന്റെ തീച്ചൂട്‌ ഏറ്റാൽ മാത്രമേ വർഗീയത ഉൾപ്പെടെയുള്ള നയം തിരുത്താനാകൂ. സമരംകൊണ്ട്‌ എന്ത്‌ നേട്ടം എന്ന്‌ ചോദിക്കുന്നവരുണ്ട്‌. ഈ പ്രചാരണം ഏറ്റുപിടിക്കാൻ കുത്തക മാധ്യമങ്ങളുമുണ്ട്‌. എന്നാൽ പ്രതിഷേധങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ്‌ ലോകത്ത് മാറ്റങ്ങളുണ്ടായത്‌ എന്നാണ്‌ ചരിത്രം. 
 ഇതിന്റെ വ്യക്തമായ ഉദാഹരണം നമ്മുടെ രാജ്യത്തുതന്നെയുണ്ട്‌. മോട്ടോർവാഹന നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയർന്നപ്പോൾ പുനഃപരിശോധിക്കാമെന്ന്‌ മന്ത്രി നിധിൻ ഗഡ്‌കരിക്ക്‌ പറയേണ്ടിവന്നു. ഇതാണ്‌ പ്രതിഷേധത്തിന്റെ ശക്തി. തൊഴിലാളികളും കർഷകരും സമീപകാലത്ത്‌ നടത്തിയ ശക്തമായ പ്രതിഷേധത്തിന്റെ ഫലമാണ്‌ സംസ്ഥാനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ അടി തെറ്റിയത്‌. 
പോരാട്ടത്തിലൂടെ മാറ്റം വരുത്താനാകും. ബിജെപിക്ക്‌ വോട്ട്‌ ചെയ്‌ത ബിഎംഎസ്‌ ഉൾപ്പെടെയുള്ള സംഘടനകൾ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രംഗത്തുവരുന്നത്‌ ശുഭസൂചനയാണ്‌. രാജ്യത്തെ തൊഴിലാളികളിൽ 94 ശതമാനവും സ്ഥിരമായി ജോലിയും വരുമാനവുമില്ലാത്തവരാണ്‌. കോൺഗ്രസ്‌ തുടങ്ങിവച്ച, ബിജെപി ഊർജിതമായി നടപ്പാക്കുന്ന ഉദാരവൽക്കരണ നയങ്ങളാണ്‌ സ്ഥിരംജോലിയും വരുമാനവും ഇല്ലാത്ത തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്നത്‌. ഈ വിഭാഗത്തെക്കൂടി സംഘടിപ്പിക്കാതെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാകില്ല. ഡൽഹിയിലെ പാർലമെന്റ്‌ സ്‌ട്രീറ്റിൽ സംഘടിപ്പിക്കുന്ന തൊഴിലാളി കൺവൻഷനിൽ ഭാവി സമരപരിപാടികൾക്ക്‌ രൂപംനൽകും.
പാർലമെന്റിനെ പരിഗണിക്കാതെ, ഭരണഘടനയെ പുച്ഛിക്കുന്ന, കീഴ്‌വഴക്കങ്ങളെല്ലാം ലംഘിക്കുന്ന സർക്കാരാണ്‌ ഇന്ത്യ ഭരിക്കുന്നത്‌. കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്‌ പാർലമെന്റിൽ ചർച്ചപോലും നടത്താതെയാണ്‌. പ്രതിപക്ഷമായ കോൺഗ്രസ്‌ നിഷ്‌ക്രിയമാണ്‌. മറ്റ്‌ രാഷ്‌ട്രീയകക്ഷികളെ ഭീഷണിപ്പെടുത്തി ബിജെപി ചൊൽപ്പടിയിൽ നിർത്തുന്നു. ഈ കക്ഷികൾ ഭരണത്തിലിരുന്നപ്പോൾ കാട്ടിയ അഴിമതികളുടെ രേഖകൾ കാട്ടിയാണ്‌ ബിജെപി വിലപേശൽ നടത്തുന്നത്‌. കേരളത്തിലെ ഒരു കോൺഗ്രസ്‌ എംപി മോഡി സ്‌തുതി നടത്തുന്നത്‌ കേസ്‌ ഭയന്നാണെന്നും എളമരം പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top