02 March Tuesday

കർഷകർക്ക്‌ എള്ളോളമല്ല അഭിമാനം

പി പ്രമോദ്‌Updated: Tuesday Aug 18, 2020
മാവേലിക്കര
ഭൗമസൂചിക പദവി സാധ്യമാകുന്നതോടെ ലോകകാർഷിക ഭൂപടത്തിൽ  എള്ളിന്റെ പേരിൽ ഓണാട്ടുകര അറിയപ്പെടും. മേഖലയിൽ 570 ഹെക്‌ടറിൽ കൃഷിയുണ്ട്. ഒരുവർഷം രണ്ടുനെല്ലും ഒരെള്ളും കൃഷിചെയ്യുന്നവരുമുണ്ട്‌.  പദവി ലഭ്യമായാൽ നെൽകൃഷിമാത്രം ചെയ്യുന്ന കർഷകർ എള്ളുകൃഷിയിലും കേന്ദ്രീകരിക്കുമെന്നാണ് കരുതുന്നത്. 
 ഓണാട്ടുകര വികസന ഏജൻസി, ഓണാട്ടുകര ഡെവലപ്‌മെന്റ് സൊസൈറ്റി, ഓണാട്ടുകര എള്ളുൽപ്പാദക കർഷകസമിതി എന്നീ കർഷക സമിതികളാണ് ഓണാട്ടുകര എള്ളിന്റെ ബൗദ്ധിക സ്വത്തവകാശത്തിനായി അപേക്ഷ നൽകിയത്. ഇവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകിയത് ഐപിആറും (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്) കാർഷിക സർവകലാശാലയുടെ ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രവുമാണ്. 
 മകരക്കൊയ്‌ത്തു കഴിഞ്ഞ് മകരച്ചാൽ പൂട്ടിയശേഷം ഇറക്കുന്ന കൃഷിയുടെ വിളവെടുപ്പിന് രണ്ടര- മൂന്നുമാസം കാത്തിരുന്നാൽ മതി. ഓണാട്ടുകരയുടെ തനത് എള്ളിനമായ ആയാളിക്ക് ഔഷധമൂല്യം കൂടും. ചുവപ്പ് കലർന്ന കറുപ്പുനിറമുള്ള ആയാളി എള്ളാണ് ചെട്ടികുളങ്ങര മേഖലയിലെ പാരമ്പര്യ കർഷകർ കൃഷിചെയ്യുന്നത്. ഭക്ഷ്യവസ്‌തുക്കളിലും വിവിധ ഇനം ആയുർവേദ ഉൽപ്പന്നങ്ങളിലും എള്ളെണ്ണ അവശ്യവസ്‌തുവാണെന്നിരിക്കെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വലിയ സാധ്യതക്കുള്ള വഴിയും തെളിയുകയാണ്. 
 അമ്പലപ്പുഴയ്‌ക്കും തൃക്കുന്നപ്പുഴയ്‌ക്കുമിടക്കുണ്ടായിരുന്ന ശ്രീമൂലവാസമെന്ന ബുദ്ധമതതീർഥാടന കേന്ദ്രത്തിലെ ബുദ്ധമതവിശ്വാസികളാണ്‌ ഓണാട്ടുകരയിൽ കൃഷി വ്യാപിപ്പിച്ചതെന്നാണ് ചരിത്രം. തിരുവിതാംകൂറിൽ ഏറ്റവുമേറെ പാരമ്പര്യ വൈദ്യന്മാരുണ്ടായിരുന്ന ഓണാട്ടുകര പ്രദേശത്ത് ലേപനങ്ങളും കഷായങ്ങളും അരിഷ്‌ടങ്ങളും തൈലങ്ങളും വ്യാപിപ്പിച്ചതും ഇവരാണ്.  ഔഷധമൂല്യ സാധ്യത ഏറ്റവും അധികം ഉപയോഗിച്ചതും പ്രചരിപ്പിച്ചതും ബുദ്ധമതക്കാരായിരുന്നുവെന്നു കരുതുന്നു. ‘തൈലം' എന്ന വാക്കുണ്ടായത് തന്നെ എള്ളിന്റെ മറ്റൊരു പേരായ ‘തിലം' എന്ന വാക്കിൽനിന്നാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top