14 December Saturday
വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം തുടങ്ങി

സാമ്പത്തിക വളർച്ച ഏറ്റവും താഴ്‌ന്നനിലയിൽ: ഐസക്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മന്ത്രി ടിഎം തോമസ് ഐസക് ഉദ്ഘാടനംചെയ്യുന്നു

എസ്‌എൽ പുരം
രാജ്യത്ത് സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ 20 വര്‍ഷത്തില്‍ ഏറ്റവും താഴ്‌ന്ന അവസ്ഥയിലാണെന്ന്‌ മന്ത്രി ടി എം തോമസ്‌ ഐസക്‌. നോട്ട് നിരോധനത്തില്‍ നിന്ന് തുടങ്ങിയതാണിത്. ജനങ്ങളുടെ കൈയില്‍ പണം എത്തിയാലേ രാജ്യത്തിന് കരകയറാനാവൂ. അത് മോഡി സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. അതുകൊണ്ടാണ് വ്യാപാരം മുരടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  വ്യാപാരി വ്യവസായസമിതി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന  പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എത്ര സ്ഥാപനങ്ങളാണ് പൂട്ടിപ്പോയത്. തൊഴിലുറപ്പ് പോലുള്ള പദ്ധതികളിലൂടെ ജനങ്ങളുടെ കൈയില്‍ പണമെത്തിക്കണം. ക്രിസ്‌മസിന് മുമ്പ് വ്യാപാരി ക്ഷേമനിധികളുടെ കുടിശിക തീര്‍ക്കും. 
അടുത്ത വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് 30,000കോടിയുടെ വിവിധനിർമാണം പൂര്‍ത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 440 കെവി വൈദ്യുതി ലൈന്‍‍വേണം. ഇതിന് 10,000കോടിയാണ് ചെലവ്. യാഥാര്‍ഥ്യമായാല്‍ 2040 വരെ നമുക്ക് വൈദ്യുതിക്ഷാമം ഉണ്ടാകില്ല. 
സംസ്ഥാനത്ത് സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്നുറപ്പായപ്പോള്‍ സ്വീകരിച്ച പ്രതിരോധമാണ് കിഫ്ബി. ഭാവിയില്‍ കുട്ടികള്‍ക്ക് അവരുടെ വി​ദ്യാഭ്യാസത്തിനനുസരിച്ച് ഇഷ്‌ടമുള്ള തൊഴിൽ തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കുന്ന വികസനമാണ് നടപ്പാക്കുന്നത്.  സംസ്ഥാനത്തിന് നല്‍കേണ്ട പണം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്നും മന്ത്രി പറഞ്ഞു.  
സ്വാഗതസംഘം ചെയർമാൻ എസ്‌ രാധാകൃഷ്‌ണൻ അധ്യക്ഷനായി. സമിതി സംസ്ഥാന സെക്രട്ടറി ഇ എസ്‌ ബിജു മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന വ്യാപാരികളെ ആദരിച്ചു. പ്രമുഖ വ്യാപാരികളെ കെ ആർ ഭഗീരഥൻ ആദരിച്ചു. വിദ്യാഭ്യാസ അവാർഡും വിതരണംചെയ്‌തു. ഒ അഷ്‌റഫ്‌ സ്വാഗതവും ജമീലാ പുരഷോത്തമാൻ നന്ദിയും പറഞ്ഞു. 
 മാരാരിക്കുളം കളിത്തട്ട്‌ ജങ്‌ഷനിൽ നിന്ന്‌ ആരംഭിച്ച പ്രകടനത്തില്‍  ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികൾ കുടുംബസമേതം പങ്കെടുത്തു. പ്രതിനിധി സമ്മേളനത്തിന്‌ മുന്നോടിയായി  ഞായറാഴ്‌ച പകൽ 9.30ന്‌ ജില്ലാപ്രസിഡന്റ്‌ ഒ അഷ്‌റഫ്‌ പതാക ഉയർത്തും. തുടർന്ന്‌  10.30ന്‌ പി ഡി എ കൈമൾ നഗറിൽ (രംഗകല ഓഡിറ്റോറിയം) സമ്മേളനം മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനം ചെയ്യും.
പ്രധാന വാർത്തകൾ
 Top