08 December Sunday

കയര്‍ ബ്രാന്‍ഡിങിന്‌ സമൂഹമാധ്യമങ്ങളും: മന്ത്രി തോമസ്‌ ഐസക്

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

സമൂഹ മാധ്യമ പ്രവര്‍ത്തകരുടെ സംഗമം മന്ത്രി ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ
 ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിലൂടെയും ആധുനികവൽക്കരണത്തിലൂടെയും മുന്നേറുന്ന കയർ മേഖലയെ കൂടുതൽ ഊർജസ്വലമാക്കാൻ സോഷ്യൽ മീഡിയയുടെ സഹായം തേടുമെന്ന് ധനമന്ത്രി  ടി എം തോമസ് ഐസക്. ആലപ്പുഴ ഹെറിറ്റേജ് പദ്ധതിയിലും സോഷ്യൽ മീഡിയയുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കയർ കേരള 2019 നോടനുബന്ധിച്ച് സമൂഹമാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹമാധ്യമങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ സോഷ്യൽ വ്യൂവേഴ്‌സ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുക്കുന്നവരെ സോഷ്യൽ മീഡിയ പാർട്ണർമാരാക്കും. ഒരു രാജ്യാന്തര മേളയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പാർട്ണർമാരാക്കുന്നത് കേരളത്തിൽ ആദ്യമാണ്.
സമൂഹമാധ്യമങ്ങൾ വഴി കയർ കേരളയെ കൂടുതൽ ആളുകളിൽ എത്തിക്കുന്ന മികച്ച പോസ്‌റ്റിനും വീഡിയോയ്‌ക്കും കയർ കേരള സോഷ്യൽ മീഡിയ അവാർഡ് നൽകും. ഒന്നാം സമ്മാനമായി 50, 000 രൂപയും രണ്ടാം സമ്മാനമായി 25, 000 രൂപയും നൽകും.  ശ്രദ്ധേയ ഇടപെടൽ നടത്തുന്ന 15 പേരെ കയർ കേരളയുടെ സമാപന ചടങ്ങിൽ ആദരിക്കും.
പ്രധാന വാർത്തകൾ
 Top