17 July Wednesday
മെഡിക്കൽ ഷോപ്പിന്റെ വ്യാജ ഓർഡർ ഉണ്ടാക്കി

കൊറിയറിൽ രാസലഹരി; 2പേർ പിടിയിൽ

പ്രത്യേക ലേഖകൻUpdated: Sunday Sep 17, 2023

എക്സെെസ് സംഘം പിടികൂടിയ കൊല്ലം വടക്കേവിള സ്വദേശികളായ അമീർഷായും ശ്രീ ശിവനും

ആലപ്പുഴ
കൊറിയർ മുഖാന്തരം മയക്കുമരുന്ന്‌ കടത്തുന്ന സംഘത്തിലെ പ്രധാനികൾ അറസ്റ്റിൽ. കൊല്ലം  ഇരവിപുരം വടക്കേവിള തണ്ടാശ്ശേരി വയലിൽ അമീർ ഷാൻ( 24),  വടക്കേവിള  മുള്ളുവിള നഗർ 11ൽ ദീപം വീട്ടിൽ  ശ്രീശിവൻ (31) എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ റെയ്ബാൻ കോംപ്ലക്സിലെ  മൂൺ ലൈഫ് സയൻസ് ഫാർമ എന്ന മെഡിക്കൽ ഷോപ്പിന്റെ പേരിൽ വ്യാജ ഓർഡർ ഉണ്ടാക്കി 10 മില്ലീ ലിറ്ററിന്റെ നൂറുകുപ്പി ഡയസെപാം ഇൻജക്ഷൻ കൊറിയർ മുഖാന്തരം വരുത്തിയ പ്രതികളെ മെഡിക്കൽ സ്‌റ്റോറിനു സമീപമാണ്‌ അറസ്‌റ്റുചെയ്‌തത്‌. 
  മെഡിക്കൽ സ്റ്റോറുകളിൽ മരുന്ന് വാങ്ങാൻ എത്തി ഭിത്തിയിൽ പ്രദർശിപ്പിച്ച ലൈസൻസിന്റെ പകർപ്പ് ഫോണിൽ പകർത്തി അതുപയോഗിച്ച്‌  സാമൂഹ്യമാധ്യമങ്ങൾ വഴി ഇന്ത്യ മാർട്ട് പോലുള്ള പ്ലാറ്റ്ഫോമുകളിൽനിന്ന്‌ വൻകിട കമ്പനികളിലേക്ക് അയച്ചുകൊടുത്താണ്‌  മയക്കുമരുന്നുകൾ വാങ്ങുന്നത്‌. മെഡിക്കൽ സ്റ്റോറുകളുടെ പേരിൽ തന്നെ ഓർഡർ കൊടുക്കുകയും പ്രതികളുടെ തന്നെ മൊബൈൽ നമ്പർ നൽകുകയും ചെയ്യുകയാണ് രീതി. കൊറിയർ കമ്പനിക്കാർ സാധാരണ മൊബൈൽ നമ്പറിൽ വിളിച്ചാണ് സാധനങ്ങൾ ഡെലിവറി ചെയ്യുന്നത്. പക്ഷേ കൊറിയർ കമ്പനിക്ക് ഈ മെഡിക്കൽ സ്റ്റോർ പരിചയമുള്ളതിനാൽ ഇപ്രാവശ്യം ഫോൺ വിളിക്കാതെ  സാധനം  നേരിട്ട്‌ മെഡിക്കൽ സ്റ്റോറിൽ എത്തിച്ചു.  ഓർഡർ ചെയ്യാത്ത സാധനം കിട്ടിയപ്പോൾ സംശയം തോന്നി അവർ എക്സൈസ്  വകുപ്പിനെ അറിയിച്ചു. കൊറിയർ കൈപ്പറ്റാൻ എത്തിയ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.  
വൻതുകയ്‌ക്ക്‌വിൽപ്പന 
കുപ്പി ഒന്നിന് 1000 മുതൽ 1500 രൂപ വരെ  വിലയ്‌ക്കാണ്‌ പ്രതികൾ ആവശ്യക്കാർക്ക്‌ നൽകുന്നത്‌. മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന ഇവർക്ക്‌  ജനറൽ ആശുപത്രിയിൽനിന്ന്‌ ചികിത്സയുടെ ഭാഗമായി ഒഎസ്‌ടി പൗഡർ നൽകുന്നുണ്ട്‌. ഇത്‌ കലക്കിക്കുടിക്കുന്നതിന്‌ സ്‌റ്റെറൈൽ വാട്ടർ വാങ്ങാൻ എത്തിയപ്പോഴാണ്‌ ഇവർ കടയുടെ ലൈസൻസ്‌ പകർത്തിയത്‌. 
   ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ്‌ കമീഷണർ വിനോദിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ്‌ എക്സൈസ് കമീഷണർ നൗഷാദിന്റെ നിർദ്ദേശപ്രകാരം എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സി ഐ  എം മഹേഷിന്റെ  നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ പി ഒ പ്രസന്നൻ, മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ് ദിലീഷ്, എസ് അരുൺ, എം റെനി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ പി സജിമോൻ, പ്രിവന്റീവ് ഓഫീസർ എൻ പ്രസന്നൻ , സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ വർഗീസ് പയസ് എന്നിവർ ഉണ്ടായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top