27 September Sunday
രാജാ കേശവദാസ് നീന്തല്‍ക്കുളം തയ്യാര്‍

നീന്തിത്തുടിക്കാം, മത്സരിക്കാം

നന്ദു വിശ്വംഭരൻUpdated: Thursday Sep 17, 2020

രാജാ കേശവദാസ് നീന്തൽക്കുളത്തിൽ നവീകരണം പുരോഗമിക്കുന്നു

ആലപ്പുഴ
ആലപ്പുഴക്കാരുടെ ചിരകാല സ്വപ്നമായ രാജാ കേശവദാസ് നീന്തൽക്കുളം ആധുനിക വൽക്കരിച്ച്‌ ഉദ്ഘാടനത്തിനൊരുങ്ങുന്നു. മൂന്ന് വർഷം മുമ്പ് ആരംഭിച്ച നിർമാണ പ്രവൃത്തികൾ 95 ശതമാനം പൂർത്തിയായപ്പോഴായിരുന്നു കോവിഡെത്തിയത്‌. പിന്നീട്‌ വെല്ലുവിളി ഉയർത്തിയ മഴയേയും അതിജീവിച്ചാണ് നീന്തൽക്കുളം പൂർത്തിയാകുന്നത്‌. ‌  മുഖ്യമന്ത്രിയുടെ നൂറുദിന പദ്ധതിയിൽ നീന്തൽക്കുളം ഉൾപ്പെടുത്തിയിട്ടുണ്ട്.  പൂളിൽ ടൈൽ പാകി . ടൈലുകൾ തമ്മിലെ വിടവ് നികത്തുന്ന ജോലിയാണ് പുരോഗമിക്കുന്നത്. മഴ ഇതിന്‌ തടസ്സമാകുന്നു. മഴ പൂർണമായി മാറി രണ്ടാഴ്‌ച ലഭിച്ചാൽ ഉദ്ഘാടനം ചെയ്യാനാകുമെന്ന്‌  സ്‌പോർട്‌സ് എൻജിനിയറിങ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അൻവർ പറഞ്ഞു. 
2017ൽ ആണ് നീന്തൽക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഇതുവരെ രണ്ടരക്കോടി രൂപ ചെലവഴിച്ചു. അന്താരാഷ്‌ട്ര നിലവാരത്തിലാണ് നവീകരണം. കായിക യുവജന കാര്യാലയത്തിന്റെ എൻജിനിയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. നേരത്തെ പൂളിന്റെ അളവിൽ വ്യത്യാസമുണ്ടായിരുന്നു. 50 മീറ്റർ അളവ് ക‌ൃത്യമല്ലായിരുന്നു. അത് കൃത്യമാക്കി. നീന്തൽ പരിശീലന ഉപകരണങ്ങളായ സ്‌പോട്ട് വാൽവ്, സ്റ്റാർട്ടിങ് ബ്ലോക്ക്, ലാഡർ തുടങ്ങിയവയും സുരക്ഷാ ഉപകരണങ്ങളും പുതിയത് വാങ്ങി. ശൗചാലയം, വസ്ത്രം മാറാനുള്ള മുറി, മറ്റ് മുറികൾ, പാർക്കിങ് ഏരിയ, പുതിയ ഫ്ലോറിങ്, ഇലക്ട്രിക് സംവിധാനങ്ങൾ, ഫിൽട്ടറേഷൻ പ്ലാന്റ് തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളും ഉൾപ്പെടുത്തിയാണ് നിർമാണം. ഗാലറിയുടെ മേൽക്കൂര നിർമിച്ചിരിക്കുന്നത് അന്താരാഷ്ട്ര സ്‌റ്റേഡിയങ്ങളിൽ ഉപയോഗിക്കുന്ന ടെൻസൈൽ ഫാബ്രിക് കൊണ്ടാണ്. 300 പേർക്കോളം ഇരിക്കാം. 26 ലക്ഷം ലിറ്ററാണ് പൂളിന്റെ സംഭരണ ശേഷി. രാജ്യാന്തര മത്സരങ്ങൾ ഉൾപ്പെടെ സംഘടിപ്പിക്കാവുന്ന നിലവാരത്തിലാണ് നവീകരണം. നീന്തൽക്കുളം പൂർത്തിയാകുന്നതോടെ പരിശീലനം, കുട്ടികൾക്കും നീന്തൽ പ്രേമികൾക്കുമുള്ള ക്യാമ്പുകൾ, ജില്ലാ സംസ്ഥാന തല മത്സരങ്ങൾ എന്നിവ ഇവിടെ നടത്താനാകും. അക്വാട്ടിക് അസോസിയേഷന്റെ കീഴിൽ പരിശീലിക്കുന്ന കുട്ടികൾ, സ്‌പോർട്‌സ് കൗൺസിൽ ഹോസ്റ്റലിലെ കുട്ടികൾ, സായ്‌ലെ കുട്ടികൾ  തുടങ്ങിയവരെ മത്സരങ്ങൾക്കായി തയ്യാറാക്കാൻ സാധിക്കും. 1997ൽ ആണ് നീന്തൽക്കുളം ആദ്യമായി കായിക പ്രേമികൾക്ക് തുറന്നുകൊടുത്തത്. അന്ന് 60 പേർക്ക് ഒരേ സമയം നീന്തൽ പരിശീലിക്കാൻ കഴിയുന്ന തരത്തിലായിരുന്നു സജ്ജീകരണങ്ങൾ. പല കാരണങ്ങളാൽ നീന്തൽക്കുളം വേണ്ടരീതിയിൽ ഉപയോഗപ്പെട്ടില്ല.
പൊതുജനങ്ങൾക്കും അംഗത്വം
ഡിസംബർ 31ന് ഉദ്ഘാടനം നടത്തി കായിക പ്രേമികൾക്ക് പുതുവത്സര സമ്മാനമായി നൽകാനാണ് ഉദ്ദേശിച്ചിരുന്നത്. ആ സമയത്ത് ചില നിർമാണ സാമഗ്രികൾ കിട്ടാതെ വന്നു. പിന്നീട് കോവിഡ് ലോക്ക് ഡൗൺ വന്നതോടെയാണ് ഉദ്ഘാടനം വൈകിയത്. പൊതുജനങ്ങൾക്ക് മെമ്പർഷിപ്പ് നൽകാനാണ് പദ്ധതിയിടുന്നത്. പുരുഷ വനിതാ എന്നിങ്ങനെ തിരിച്ചാകും സമയം നൽകുകയെന്ന്‌ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എൻ പ്രദീപ് കുമാർ പറഞ്ഞു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top