26 September Saturday

നടനകല പുരസ്‌കാരനിറവിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

ഹിന്ദിപ്രചാരസഭ അവാർഡ്‌ മാലൂരിന്‌ സുഷമസ്വരാജ്‌് സമ്മാനിച്ചപ്പോൾ (ഫയൽ ചിത്രം)

 ആലപ്പുഴ

മാലൂർ ശ്രീധരനെന്ന ജനകീയ കലാകാരനെ തേടി  സംഗീത നാടക അക്കാദമിയുടെ "ഗുരുപൂജ പുരസ്‌കാരവും.  അപകടത്തെ തുടർന്ന് വിശ്രമത്തിലായിട്ടും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു നോവൽ എഴുതുന്ന തിരക്കിലാണ് ഈ ജനകീയ നാടകകാരൻ. നാടകരംഗത്ത് തന്റേതായ ശൈലി കോറിയിട്ട  മാലൂർ  രചന, സംവിധാനം, അഭിനയം, ഗാനരചന, തുടങ്ങി എല്ലാ രംഗത്തും ശോഭിച്ചു. സ്‌കൂൾ കാലത്ത് എഴുതി അവതരിപ്പിച്ച നാടകത്തിന് സമ്മാനം ലഭിച്ചതാണ് പ്രചോദനമായത്. പിന്നീട് ആ തൂലികയിൽ പിറന്നത് എണ്ണമറ്റ നാടകങ്ങളും കവിതകളും. അമേച്വർ നാടകങ്ങൾ എഴുതി അവതരിപ്പിച്ച അദ്ദേഹം പിന്നീട് "ആലപ്പുഴ വിശ്വകലാവേദി’ എന്ന നാടകസമിതി രൂപീകരിച്ചു. മൃഗതൃഷ്‌ണ, തമസ്‌, സംക്രമം, സംഗ്രാമം, സ്‌റ്റെതസ്‌ക്കോപ്പ്, അഗ്നിജ്വാല, കളിപ്പാവകൾ, രണഗാഥ, ഇതൊരു കല്യാണക്കഥ തുടങ്ങിയവ  ആ ബാനറിൽ വേദികളിലെത്തി.  മൃഗതൃഷ്‌ണ, തമസ്‌, സംക്രമം, മുഹൂർത്തം, രണഗാഥ, ഇതൊരു കല്യാണക്കഥ, എന്നീ നാടകങ്ങളും കന്നിപ്പൂക്കൾ, തുലാവർഷം എന്നീ കവിതകളും മുനിസിപ്പാലിറ്റിയും ദൈവവും, വാഗോ എന്നീ കഥാ പുസ്‌തകങ്ങളും രക്തനക്ഷത്രങ്ങൾ, നാടകാനുഭവങ്ങൾ എന്നീ സ്‌മരണകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൻ നെഞ്ചേറ്റിയ ഇടതുപക്ഷ ചിന്താഗതികൾ കൃതികളിലും പ്രകടം. മുനിസിപ്പൽ സർവീസിൽ ജോലി ലഭിച്ചു. 1997-ൽ ഹെൽത്ത് ഇൻസ്‌പെക്‌ടർ തസ്‌തികയിൽ വിരമിച്ചു.  യൂണിസെഫ് അവാർഡ്, ഡി കെ ചെല്ലപ്പൻ അവാർഡ്,  ശ്രേഷ്ഠ സാഹിത്യകാര സമ്മാൻ എന്നിവ ലഭിച്ചിട്ടുണ്ട്. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗമാണ്. മാരാരിക്കുളം പഞ്ചായത്തംഗമായിരുന്നു.  ഭാര്യ: ശശിയമ്മ. മക്കൾ: ജ്യോതി എസ് മാലൂർ, ജോഷി, ജോഷ്വാ. മരുമക്കൾ: സംഗീത, തങ്കലേഖ. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top