22 October Tuesday
നവകേരള നിർമാണം

പുതുവീട്ടിൽ ഓണമുണ്ട്‌ കൈനകരി

സ്വന്തം ലേഖകൻUpdated: Tuesday Sep 17, 2019

ലൈഫ് മിഷനിൽ നിര്‍മിച്ച പുതിയവീട്ടിലെ ഓണഘോഷത്തിനിടെ സുകുമാരനും കുടുംബവും

 
ആലപ്പുഴ
തൂണിൽ നിർമിച്ച പുത്തൻ വീട്ടിലിരുന്ന്‌ കൈനകരി തോട്ടുവാത്തല കാട്ടിൽച്ചിറ കോളനി സുരമ്യ ഭവനിൽ സുകുമാരന്റെ മരുമകൻ രജിമോൻ കഴിഞ്ഞ പ്രളയത്തിൽ മുങ്ങിയ മരത്തിലേക്ക്‌ വിരൽചൂണ്ടി. ‘‘ദാ ആ മരത്തിലെ അടയാളം കണ്ടോ... അതുവരെയാണ്‌ വെള്ളം നിറഞ്ഞത്‌. ആ ഉയരം കണക്കാക്കിയാണ്‌ ഈ വീട്‌ നിർമിച്ചത്‌’’. 
കർഷകനായ സുകുമാരനും ഭാര്യ ഓമനയും മക്കളോടും മരുമക്കളോടുമൊപ്പം വെള്ളം കയറാത്ത വീട്ടിന്റെ അകത്തളത്തിലിരുന്ന്‌ സന്തോഷത്തിന്റെ ഓണമുണ്ടു.  കഴിഞ്ഞ പ്രളയത്തിൽ സുകുമാരന്റെ ചെറിയ ഷെഡ് പൂർണമായി നശിച്ചിരുന്നു. ലൈഫ്മിഷനിലൂടെ ലഭിച്ച നാലുലക്ഷവും കൈയിൽ കരുതിയ കൊച്ചുസമ്പാദ്യവും ചേർത്ത് സർക്കാർ നിർദേശിച്ച പ്രകാരം ഇവർ പുതിയ വീട്‌ പണിതു. 420 ചതുരശ്രഅടിയിൽ സമീപത്തെ നെൽപ്പാടത്തെ ജലനിരപ്പിൽനിന്ന് 15 അടിയോളം ഉയരത്തിലാണ് വീട്. 
 ഹാൾ, രണ്ട് കിടപ്പുമുറി, ശൗചാലയം, അടുക്കള എന്നിവയുണ്ട്‌. പുത്തനോണം കേമമാക്കാൻ കൈനകരി പഞ്ചായത്ത് അധിക‌ൃതരും അയൽവാസികളും എത്തിയിരുന്നു. മഹാപ്രളയം വിഴുങ്ങിയ കൈനകരിയിൽ നവകേരള നിർമാണത്തിന്റെ ഭാഗമായി പുത്തൻ വീടുകളുയരുകയാണ്‌. 39 വീട്ടുകാർ ഇത്തവണ പൊന്നോണപ്പുലരിയിൽ പൂക്കളമിട്ടത് തൂണുകളിലുയർന്ന വീടുകൾക്കുമുന്നിൽ.
 114 വീടുകളാണ് ലൈഫ്മിഷനിൽ കൈനകരിയിൽ നിർമിക്കുന്നത്. റീബിൽഡിൽ 384 വീടും അനുവദിച്ചു. ജില്ലയിൽ ലൈഫ്മിഷൻവഴി ആദ്യഘട്ടത്തിൽ നിർമിച്ച 2694 വീടുകളുടെ താക്കോൽ കൈമാറി. രണ്ടാംഘട്ടത്തിൽ 4267 വീടുകൾ പൂർത്തീകരിച്ചു.
പ്രധാന വാർത്തകൾ
 Top