04 August Wednesday

ആലപ്പുഴയുടെ ‘ദയ’ കേരളത്തിന്‌ മാതൃക: മന്ത്രി ചിഞ്ചുറാണി

സ്വന്തം ലേഖകൻUpdated: Wednesday Jun 16, 2021

ജില്ലാ പഞ്ചായത്തിന്റെ ദയ പദ്ധതി മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യുന്നു. മന്ത്രി പി പ്രസാദ്, എ എം ആരിഫ് എംപി എന്നിവര്‍ സമീപം

ചേർത്തല
കോവിഡ്‌ ബാധിത കുടുംബങ്ങളിലെ പശുക്കളെ ഏറ്റെടുത്ത്‌ പരിപാലിക്കുന്നതിന്‌ ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കുന്ന പദ്ധതി ‘ദയ’ കേരളത്തിന്‌ മാതൃകയാണെന്ന്‌ മന്ത്രി ജെ ചിഞ്ചുറാണി. ദയ പദ്ധതിയുടെ ജില്ലാ ഉദ്‌ഘാടനം മരുത്തോർവട്ടത്ത്‌ നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത്‌ പലയിടങ്ങളിലും കന്നുകാലികളെ സംരക്ഷിക്കാൻ കോവിഡ്‌ ബാധിത കുടുംബങ്ങൾക്ക്‌ കഴിയാത്ത സ്ഥിതിയുണ്ട്‌. ഇത്തരം വിവരം ലഭിക്കുമ്പോൾ പ്രത്യേക ഇടപെടൽ നടത്തിയാണ്‌ പ്രതിസന്ധി പരിഹരിക്കുന്നത്‌. ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ ആവിഷ്‌കരിച്ച പദ്ധതി ഏറ്റവും അഭിനന്ദനാർഹമാണ്‌. ഇത്‌ മറ്റ്‌ ജില്ലാ പഞ്ചായത്തുകളും ഏറ്റെടുത്ത്‌ നടപ്പാക്കിയാൽ ക്ഷീരകർഷകർക്ക്‌ ഏറെ അനുഗ്രഹമാകും.
ക്ഷീരകർഷകരെ സഹായിക്കാൻ ഒട്ടേറെ പദ്ധതികളാണ്‌ സർക്കാർ നടപ്പാക്കുന്നത്‌. അധികാരമേറ്റയുടൻ ക്ഷീരകർഷകരുടെ പ്രതിസന്ധിയാണ്‌ സർക്കാർ അഭിമുഖീകരിച്ചത്‌. പാൽ വിറ്റഴിക്കാൻ സാധിക്കാതെ കർഷകർ വലിയ വെല്ലുവിളിയിലായപ്പോൾ സർക്കാർ അടിയന്തരമായി ഇടപെട്ട്‌ പരിഹാരനടപടി സ്വീകരിച്ചു. മിൽമ മുഖേന പാൽ പൂർണമായി സംഭരിച്ച്‌ പാൽപ്പൊടിയാക്കാനാണ്‌ നിർദേശിച്ചത്‌. അത്‌ കൃത്യമായി നടപ്പായപ്പോൾ പ്രശ്‌നം പരിഹരിക്കപ്പെട്ടു. പാൽപ്പൊടി ഫാക്‌ടറി കേരളത്തിൽ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു. ഒരാണ്ടിനകം ഈ ഫാക്‌ടറി യാഥാർഥ്യമാകും. അതോടെ പാലുപയോഗിച്ച്‌ മൂല്യവർധിത ഉൽപ്പന്നമെന്നത്‌ കൂടുതൽ വിപുലമാകും. ആലപ്പുഴയിൽ പക്ഷിപ്പനി പ്രത്യക്ഷപ്പെട്ടത്‌ താറാവ്‌ കർഷകർക്ക്‌ ഭീഷണിയായി. അടിയന്തരമായി ഈ പ്രശ്‌നവും സർക്കാർ നേരിട്ടു. കന്നുകാലികൾക്ക്‌ കുളമ്പുരോഗം ഉണ്ടായപ്പോഴും കർഷകരെ സഹായിക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു. 
കോവിഡുകാല 
ക്ഷീരസംരക്ഷണ പദ്ധതി ജില്ലയിൽ തുടങ്ങി
ചേർത്തല
ജില്ലാ പഞ്ചായത്ത്‌ നേതൃത്വത്തിൽ കോവിഡുകാല ക്ഷീരസംരക്ഷണ പദ്ധതിക്ക്‌ തുടക്കമായി. കോവിഡ്‌ ബാധിത കുടുംബങ്ങളിലെ കന്നുകാലികളെ ദത്തെടുത്ത്‌ പ്രത്യേക വാസസ്ഥലങ്ങളിൽ പരിപാലിക്കുകയും ആദായം കർഷകർക്ക്‌ ഉറപ്പാക്കുകയും ചെയ്യുന്നതാണ്‌ ‘ദയ’ പദ്ധതി. ക്ഷീരസംഘങ്ങൾ മുഖേനയാണ്‌ ത്രിതല പഞ്ചായത്ത്‌ സംവിധാനം പദ്ധതി നടപ്പാക്കുന്നത്‌. പഞ്ചായത്തുകൾക്ക്‌ ഒരുകോടി രൂപവീതം വകയിരുത്തിയ പദ്ധതിക്ക്‌ 72 കോടി രൂപയാണ്‌ അടങ്കൽ.
ജില്ലാ ഉദ്‌ഘാടനം മരുത്തോർവട്ടത്ത്‌ മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. കർഷകർക്ക്‌ സാമ്പത്തികസഹായ വിതരണം മന്ത്രി പി പ്രസാദും സൗജന്യ കാലിത്തീറ്റ വിതരണം എ എം ആരിഫ്‌ എംപിയും ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി അധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ജി മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ക്ഷീരവികസന ഓഫീസർ എ അനുപമ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ പ്രിയ, ടി എസ്‌ താഹ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ മഞ്‌ജുള, ഗീത കാർത്തികേയൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ ബിജി അനിൽകുമാർ, പി എസ്‌  ഷാജി, വി ഉത്തമൻ, എൻ എസ്‌ ശിവപ്രസാദ്‌, പ്രവീൺ ജി പണിക്കർ, വി കെ മുകുന്ദൻ, മിനി ബിജു, യു എസ്‌ സജീവ്‌, വി ശ്രീകാന്ത്‌, സജികുമാർ, ജി സോമകുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്‌ വികസന സ്ഥിരംസമിതി അധ്യക്ഷ എ ശോഭ സ്വാഗതവും ചേർത്തല ക്ഷീരവികസന ഓഫീസർ പി സിനിമോൾ നന്ദിയുംപറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top