19 May Sunday
വിജിലൻസ‌് പരിശോധന

ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

സ്വന്തം ലേഖകൻUpdated: Thursday May 16, 2019

ആലപ്പുഴ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമീഷണറുടെ കാര്യാലയത്തില്‍ വിജിലന്‍സ് പരിശോധന നടത്തുന്നു

ആലപ്പുഴ
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ജില്ലാസർക്കിൾ ഓഫീസുകളിൽ വിജിലൻസ‌് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ആലപ്പുഴ അസിസ‌്റ്റന്റ‌് ഫുഡ‌് കമീഷണറുടെ ഓഫീസ‌്, ഹരിപ്പാട‌് ഫുഡ‌്സർക്കിൾ ഓഫീസ‌്, പള്ളിപ്പുറം പഞ്ചായത്ത‌് ഓഫീസിൽ പ്രവർത്തിക്കുന്ന അരൂർ ഫുഡ‌് സർക്കിൾ ഓഫീസ‌് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
  പൊതുജനങ്ങൾ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട‌് നൽകുന്ന പരാതികൾ രജിസ‌്റ്ററിൽ രേഖപ്പെടുത്തുന്നുണ്ടോ എന്നും തുടർനടപടികൾ സ്വീകരിക്കുന്നുണ്ടോ എന്നും അറിയാനായിരുന്നു പരിശോധന. 
സർക്കിൾ ഓഫീസുകളിൽനിന്ന‌് ലഭിക്കുന്ന സാമ്പിളുകൾ കെമിക്കൽ ലാബിൽ അയച്ചുകൊടുക്കുന്ന റിപ്പോർട്ട‌് ആലപ്പുഴ അസിസ‌്റ്റന്റ‌് ഫുഡ‌് കമീഷ്ണറുടെ ഓഫീസിൽ ലഭ്യമല്ലെന്ന‌് കണ്ടെത്തി. 
 2018 ജൂലൈ 26 മുതൽ 2019 മെയ‌് 15 വരെ ലഭിച്ച 142 പരാതികളിൽ 20 എണ്ണത്തിൽ നടപടി സ്വീകരിച്ചിട്ടില്ല. 25 റിപ്പോർട്ടുകൾ ആർഡിഒ കോടതിക്ക‌് സമർപ്പിച്ചില്ല. പരിശോധനാവേളയിൽ കണ്ടെത്തിയ ക്രമക്കേടിന‌് 69,000 രൂപ പിഴയീടാക്കാമെങ്കിലും തുക ഈടാക്കിയിട്ടില്ല. ഹരിപ്പാട‌് സർക്കിൾ ഓഫീസിൽ പരാതികൾ യഥാസമയം രജിസ‌്റ്ററിൽ ചേർക്കുന്നില്ലെന്ന‌് കണ്ടെത്തി. ഈവർഷം രജിസ‌്റ്റർ പ്രകാരം ഒരു പരാതിയാണ‌് ലഭിച്ചത‌്. 2016 മുതൽ സാമ്പിൾ ശേഖരിച്ച‌് പരിശോധനയ‌്ക്ക‌് അയച്ചവയുടെ ഫലം ജില്ലാ ഓഫീസിൽനിന്ന‌് ലഭിക്കാത്തതിനാൽ തുടർനടപടി സ്വീകരിക്കുന്നില്ല. മായംകലർത്തിയെന്ന‌് കണ്ടെത്തിയ മൂന്നുകേസുകളിലും തുടർനടപടിയില്ല. പുഴുക്കളും ഹാനികരമായ ടാർട്രാസിൻ പോലുള്ള സിന്തറ്റിക‌് നിറങ്ങളും കണ്ടെത്തിയിട്ടും അവപിടിച്ചെടുത്ത‌് നശിപ്പിക്കാതെ ഉൽപന്നം വിറ്റഴിക്കാൻ അവസരം നൽകി. 
 ഹരിപ്പാടെ ഹോട്ടലിൽനിന്ന‌് കോഴിയിറച്ചി കഴിച്ചവർക്ക‌് ഭക്ഷ്യവിഷബാധയേറ്റതായി കണ്ടെത്തി പിഴയീടാക്കിയെങ്കിലും കോഴിയിറച്ചി പരിശോധിച്ചതായി രേഖയില്ല. വെളിച്ചെണ്ണ തുടങ്ങിയ ഭക്ഷ്യസാധനങ്ങൾ ഉപയോഗശൂന്യമാണെങ്കിൽ മൂന്നുലക്ഷം രൂപവരെ പിഴയീടാക്കാം. എന്നാൽ പരമാവധി 30,000 രൂപയാണ‌് പിഴയീടാക്കിയത‌്. ലൈസൻസ‌് റദ്ദാക്കാതെ കച്ചവടക്കാരെ സഹായിച്ചതായും വിജിലൻസ‌് കണ്ടെത്തി. 
 വ്യാപകമായി പരാതിയുള്ള മത്സ്യവിൽപ്പനയിൽ പേരിന‌് സാമ്പിൾ എടുത്തെങ്കിലും തുടർനടപടിയില്ല. ബുധനാഴ‌്ച രാവിലെ 11.30ന‌് അരൂർ ഓഫീസിൽ പരിശോധക സംഘം എത്തിയപ്പോൾ ഓഫീസ‌് പൂട്ടിയിരിക്കുകയായിരുന്നു. 2018 ഒക‌്ടോബർ മുതൽ ഇൻസ‌്പെക്ഷൻ രജിസ‌്റ്റർ എഴുതുന്നില്ല. ബേക്കറികൾക്ക‌് പലഹാരങ്ങൾ ഉണ്ടാക്കി വിതരണംചെയ്യുന്ന സ്ഥലങ്ങളിൽ പരിശോധനയില്ല. പരിശോധനകൾ നടത്തിയവയിലൊന്നും തുടർനടപടി സ്വീകരിച്ചിട്ടില്ലെന്നും അരൂരിലെ പരിശോധനയിൽ കണ്ടെത്തി. 
 വിജിലൻസ‌് ഡിവൈഎസ‌്പി റെക‌്സ‌് ബോബി അരവിന്റെ നേതൃത്വത്തിൽ ഹരിപ്പാട‌് ഓഫീസിലും ഇൻസ‌്പെക്ടർ എൻ ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ആലപ്പുഴ അസിസ‌്റ്റന്റ‌് ഫുഡ‌് കമീഷ്ണറുടെ ഓഫീസിലും ഇൻസ‌്പെക്ടർ -ഋഷികേശൻനായരുടെ നേതൃത്വത്തിൽ അരൂർ ഓഫീസിലുമായിരുന്നു പരിശോധന.
പ്രധാന വാർത്തകൾ
 Top