26 March Tuesday

വെൺമണിയുടെ മണിമുത്തായി...

വെബ് ഡെസ്‌ക്‌Updated: Tuesday May 15, 2018

സജി ചെറിയാന്‌ വെൺമണി പാറപ്പുറത്ത്‌ നൽകിയ വരവേൽപ്പ്‌


ചെങ്ങന്നൂർ
എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന് വെൺമണിയുടെ സ്നേഹവായ്പ്. തിങ്കളാഴ്ച വെൺമണി പഞ്ചായത്തിൽ സജി ചെറിയാന്റെ രണ്ടാംഘട്ട പര്യടനത്തിന് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ അണിനിരന്നത് സ്ത്രീകളടക്കം ആയിരങ്ങൾ. പകൽ രണ്ടിന് വളയം കോളനിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി സതീദേവി ഉദ്ഘാടനംചെയ്തു. 

വളയം പാടശേഖരത്തിന് നടുവിലൂടെ തങ്ങളുടെ പ്രിയ സ്ഥാനാർഥിയുടെ പര്യടനവാഹനം കടന്നുവന്നപ്പോൾ മുതിർന്ന കർഷകത്തൊഴിലാളി ദമ്പതികളായ തകിടിയിൽ പുത്തൻവീട്ടിൽ മാധവനും തങ്കമ്മയും വിജയാശംസകളുമയി കാത്തുനിന്നു. പാടശേഖരങ്ങളിൽനിന്ന് റബറും കശുമാവും നിറഞ്ഞ ഇടവഴികൾ പിന്നിട്ട് പാറപ്പുറത്തെത്തിയപ്പോൾ സജിയുടെ പര്യടനത്തെ അനുഗമിക്കാൻ നാടാകെ ഒന്നായി ഒപ്പം ചേർന്നു. പാറപ്പുറത്ത് മറിയാമ്മയും മകൾ മിനിയും ചെറുമകളും രക്തഹാരമണിയിച്ച് വരവേറ്റു. 

പാറച്ചന്ത ജങ്ഷനിൽ നൂറുകണക്കിനാളുകളാണ് സജി ചെറിയാന് സ്വീകരണമൊരുക്കിയത്. കീഴടക്കാനാകാത്ത പോരാട്ടവീര്യവുമായി ഭിന്നശേഷിക്കാരനായ എഴുപതുകാരൻ അച്യുതൻ വാക്കറിന്റെ സഹായത്തോടെ സജിക്ക് അനുഗ്രഹം നൽകാനെത്തിയത് ഏവർക്കും ആവേശമായി. പാറച്ചന്ത‐പൊട്ടക്കുളം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുമെന്നും കുടിവെള്ളപ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നും സജി ചെറിയാൻ ഉറപ്പുനൽകിയപ്പോൾ ഹർഷാരവത്തോടെ ജനങ്ങൾ പിന്തുണയറിയിച്ചു. ചാങ്ങമലയിൽ പര്യടനവാഹനമെത്തിയപ്പോൾ സ്വീകരിക്കുന്നവരുടെ മുമ്പന്തിയിൽത്തന്നെ എമ്പതുകാരി പൊടിയമ്മ നിലയുറപ്പിച്ചു.  നൂറുകണക്കിനാളുകൾ പങ്കെടുത്ത താഴത്തമ്പലത്തെ സ്വീകരണയോഗത്തിൽ 10‐ാംക്ലാസ് വിദ്യാർഥിനിയായ ആരതിയും തൊണ്ണൂറുകാരനായ മുൻകാല കർഷകത്തൊഴിലാളി തങ്കപ്പനും ഒറ്റമസസ്സോടെ കാത്തിരുന്നു. സജി ചെറിയാനെ കാണാൻ ഓടിയെത്തി. വെൺമണി പഞ്ചായത്തിലെ കിഴക്കേത്തുരുത്തി, കിഴക്കുംമുറി, കുറ്റിക്കാട്ട്മുക്ക്, കല്യാത്തറ, പുളിക്കപ്പാലം, പുലക്കടവ്, ഇല്ലത്തുമേപ്പുറം, ആത്മാവുമുക്ക്, ആലംതുരുത്തി, പള്ളിപ്പുറം, കക്കട എന്നീ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണയോഗങ്ങളിൽ സജിക്ക് വിജയാശംസകൾ നേർന്ന് കക്ഷിരാഷ്ട്രീയ ഭേദമെന്യേ നൂറുകണക്കിനാളുകളെത്തി. രാത്രി പൊയ്കയിൽ ജങ്ഷനിൽ പര്യടനം സമാപിച്ചു.   

വിവിധ കേന്ദ്രങ്ങളിൽ എംഎൽഎമാരായ ജോൺ ഫെർണാണ്ടസ്, രാജു എബ്രഹാം, എ എം ആരിഫ്്, എൽഡിഎഫ് നേതാക്കളായ ഗിരീഷ് ഇലഞ്ഞിമേൽ, നൂറനാട് ജയകുമാർ, സനൽകുമാർ സജി വള്ളവന്താനം, ഉമ്മൻ ആലുംമൂട്ടിൽ, ടി കെ ദേവകുമാർ, ഓമനക്കുട്ടൻ, അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
 Top