ആലപ്പുഴ
കോവിഡ് 19 പ്രതിരോധ വാക്സിൻ ജില്ലയിലെത്തി. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമുള്ള കേന്ദ്രത്തിൽ എത്തിച്ച വാക്സിൻ കലക്ടർ എ അലക്സാണ്ടർ, ഡിഎംഒ എൽ അനിതകുമാരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
കോവി ഷീൽഡ് എന്ന വാക്സിന്റെ 22,460 ഡോസുകളാണ് ജില്ലയിലെത്തിച്ചത്.
ശനിയാഴ്ച മുതൽ ആദ്യഘട്ടം രജിസ്ട്രേഷൻ പൂർത്തിയായവർക്ക് വാക്സിൻ നൽകും.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി ചെങ്ങന്നൂർ, ജില്ലാ ആശുപത്രി മാവേലിക്കര, കായംകുളം താലൂക്ക് ആശുപത്രി, ആർഎച്ച്ടിസി ചെട്ടികാട്, പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം ചെമ്പുംപുറം, സേക്രട്ട് ഹാർട്ട് ആശുപത്രി ചേർത്തല എന്നിവയാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ.
വാക്സിൻ വിതരണത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി. രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയാണ് വിതരണം. വെള്ളിയാഴ്ചയോടെ വാക്സിൻ എല്ലാ കേന്ദ്രങ്ങളിലും എത്തിക്കും.
ജനറൽ ആശുപത്രിയിൽനിന്ന് വെള്ളിയാഴ്ച രാവിലെ വാക്സിൻ വിതരണത്തിനുള്ള വാഹനം പുറപ്പെടും. വിതരണം ചെയ്യുന്നതുവരെയും വാക്സിൻ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലും പൊലീസ് കാവലുണ്ടാകും.
പൂർണ സജ്ജം
വാക്സിൻ വിതരണത്തിന് ജില്ല പൂർണസജ്ജം. വിതരണത്തിനുശേഷം ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ നിരീക്ഷണ മുറിയുൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി.
ചെട്ടിക്കാട്, പുറക്കാട്, ചെമ്പുംപുറം എന്നീ ആശുപത്രികളിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ മെഡിക്കൽ കോളേജിലേക്കും ജനറൽ ആശുപത്രിയിലേക്കും ആളുകളെ മാറ്റും.
വാക്സിലേറ്റർക്കു പുറമെ സഹായത്തിന് രണ്ടു സ്റ്റാഫ്, സ്റ്റാൻഡ് ബൈ സ്റ്റാഫുകൾക്കുമാണ് വിതരണത്തിന് പരിശീലനം നൽകിയത്.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയാണ് ട്രയൽ റൺ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..