04 July Saturday

ടീച്ചര്‍ ക‌ൃഷിയൊരുക്കി; റോസ് പൊന്നുപോലെ നോക്കി

സ്വന്തം ലേഖകൻUpdated: Wednesday Jan 15, 2020

അധ്യാപിക എൻ എം ഷേർളിയും വിദ്യാർഥിനി റോസ് സെബാസ്‌റ്റ്യനും ക‌ൃഷിത്തോട്ടത്തിൽ

 
മുഹമ്മ
സ്‌കൂൾ പച്ചക്കറിക‌ൃഷിയിലെ സജീവ പങ്കാളിത്തത്തിന് അധ്യാപികയ്‌ക്കും കുട്ടിക്കർഷകയ്‌ക്കുള്ള അവാർഡും നേടി മുഹമ്മ സിഎംഎസ് എൽപി സ്‌കൂള്‍. സംസ്ഥാന കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ ജില്ലാതല അവാർഡുകളാണ് സ്‌കൂളിനെ തേടിയെത്തിയത്. അധ്യാപിക ആര്യക്കര ചെറുകുന്നേൽ ബിനോയ് സി ജോസഫിന്റെ ഭാര്യ എൻ എം ഷേർളി, കഞ്ഞിക്കുഴി എസ്എൻ പുരം നികർത്തിൽ സെബാസ്‌റ്റ്യൻ--–-അന്നമ്മ എന്നിവരുടെ മകൾ മൂന്നാം ക്ലാസ് വിദ്യാർഥിനി റോസ് സെബാസ്‌റ്റ്യൻ എന്നിവർക്കാണ് അവാർഡ്. ഷേർളി ഒന്നാംസ്ഥാനം നേടിയപ്പോള്‍ മികച്ച രണ്ടാമത്തെ കുട്ടിക്കര്‍ഷകയാണ് റോസ്. 
സ്‌കൂളിൽ കുട്ടിത്തോട്ടം ഒരുക്കിയാണ് ഷേർളി മികച്ച അധ്യാപികയായത്. സ്‌കൂളിന് സമീപത്തെ സെന്റ് മാത്യൂസ് പള്ളിയുടെ 50 സെന്റിൽ കഴിഞ്ഞ അഞ്ച്‌ വർഷത്തിലേറെയായി പച്ചക്കറി ക‌ൃഷിചെയ്യുന്നുണ്ട്. ക‌ൃഷിസ്ഥലം ഒരുക്കുന്നതുമുതൽ വിളവെടുക്കുന്നതുവരെയുള്ള വളപ്രയോഗങ്ങളും ചെടിയെ ആക്രമിക്കുന്ന കീടങ്ങളെക്കുറിച്ചുമെല്ലാം ഷേർളി കുട്ടികൾക്കും സഹപ്രവർത്തകർക്കും പറഞ്ഞുകൊടുക്കും. സ്‌കൂൾ സമയം കഴിഞ്ഞും ഷേർളി തോട്ടത്തിലുണ്ടാകും. ഷേർളിയുടെ ഭർത്താവ് ആര്യക്കര ചെറുകുന്നേൽ ബിനോയ് സി ജോസഫ് കലവൂർ ഗവ. എച്ച്എസ്എസ് അധ്യാപകനാണ്. ഇരുവരും വീട്ടില്‍ പച്ചക്കറിക‌ൃഷി ചെയ്യുന്നുണ്ട്. നേഹ ബിനോയ്, നെവിൻ ബിനോയ് എന്നിവർ മക്കൾ. 
കുട്ടിക്കർഷക ആണെങ്കിലും റോസിന് പച്ചക്കറിക‌ൃഷി പ്രിയമാണ്. വളപ്രയോഗം, കീടങ്ങൾ, ഓരോ ചെടിയുടെയും വിളവെടുപ്പുകാലം ഇവയൊക്കെ റോസിനറിയാം. കഞ്ഞിക്കുഴിയിലെ പച്ചക്കറി കർഷകനായ അച്ഛൻ സെബാസ്‌റ്റ്യനും സിഎംഎസ് എൽപി സ്‌കൂൾ അധ്യാപികയായ അമ്മ അന്നമ്മയ്‌ക്കും ക‌ൃഷിയിലുള്ള താൽപ്പര്യമാണ് റോസിന് പ്രചോദനം. എൽകെജി വിദ്യാർഥി റയാൻ സെബാസ്‌റ്റ്യനാണ് സഹോദരന്‍. 
മികച്ച പച്ചക്കറിക‌ൃഷിക്കുള്ള സംസ്ഥാന അവാർഡും ജില്ലാ അവാർഡും സ്‌കൂളിന് ലഭിച്ചു. മാനേജ്മെന്റിന്റെയും പ്രധാനാധ്യാപിക ജോളി തോമസിന്റെ നേത‌ൃത്വത്തിൽ അധ്യാപകരുടെയും അനധ്യാപകരുടെയും കെ പി സുധീർ പ്രസിഡന്റായ പിടിഎ കമ്മിറ്റിയുടെയും കൂട്ടായ പ്രവർത്തനവും മികച്ച അധ്യാപിക ഷേർളിക്ക് പ്രചോദനമേകി. 17ന് താമരക്കുളത്ത് മന്ത്രി സുനിൽകുമാർ അവാർഡ് സമ്മാനിക്കും.

 

പ്രധാന വാർത്തകൾ
 Top