19 January Sunday
ഇന്ന്‌ ഊർജസംരക്ഷണ ദിനം

പുരപ്പുറ സൗരോര്‍ജ പദ്ധതി സൂപ്പർ ഹിറ്റ്‌

നന്ദു വിശ്വംഭരൻUpdated: Saturday Dec 14, 2019
ആലപ്പുഴ
പാരമ്പര്യേതര ഊർജ സ്രോതസുകളിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള സൗരപദ്ധതിയിൽ ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്‌ 42,520 അപേക്ഷകർ. കേരളത്തെ വൈദ്യുത മിച്ച സംസ്ഥാനമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ്‌ ‘സൗര’ പദ്ധതി നടപ്പാക്കുന്നത്‌. രണ്ട് വർഷത്തിനകം 1000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിൽ 500 മെഗാവാട്ട് ‘പുരപ്പുറ സൗരോർജ’ വൈദ്യുതി നിലയങ്ങളിൽ നിന്നാണ്. 
 ആദ്യഘട്ടത്തിൽ 2,72,000 അപേക്ഷകളാണ് പുരപ്പുറ സൗരോർജ പദ്ധതിക്ക്‌ ലഭിച്ചത്. മൂന്ന് മാസത്തിനുള്ളിലാണ് ഇത്രയും അപേക്ഷകൾ ലഭിച്ചത്. തെരഞ്ഞെടുത്ത ഉപഭോക്താക്കളുടെ പുരപ്പുറങ്ങളിൽ ഫെബ്രുവരിയോടെ 200 മെഗാവാട്ട് ശേഷിയുള്ള സൗരോർജ നിലയങ്ങൾ സ്ഥാപിക്കും.    സ്ഥാപനങ്ങൾക്കും ത്രിതല പഞ്ചായത്തിന് കീഴിലുള്ള കെട്ടിടങ്ങൾക്കും സൗരനിലയങ്ങള്‍ക്ക്‌ മുന്തിയ പരിഗണന നൽകിയിട്ടുണ്ട്‌. 
 ഒരു കിലോവാട്ട് ശേഷിയുള്ള നിലയത്തിൽനിന്ന് ശരാശരി നാല് യൂണിറ്റ് വരെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. 25 വർഷമാണ് നിലയത്തിന്റെ ആയുസ്. 25 വര്‍ഷം കെഎസ്ഇബി തന്നെ ഇവ പരിപാലിക്കും. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം 153 മെഗാവാട്ട് ശേഷിയുള്ള സൗരോർജ നിലയങ്ങൾ കെഎസ്ഇബി ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
 രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെ തടസമില്ലാതെ സൂര്യപ്രകാശം ലഭിക്കാനുള്ള സാധ്യത, ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള സാധ്യത എന്നിവ പരിഗണിച്ചാണ് ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ആദ്യഘട്ടമായതിനാൽ കോൺക്രീറ്റ്‌ വീടുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. അടുത്തഘട്ടത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. 
  ഊർജസംരക്ഷണം ലക്ഷ്യമാക്കി കെഎസ്‌ഇബിയും എനർജി മാനേജ്‌മെന്റ്‌ സെന്ററും കെഎസ്‌ഇബിയും നടപ്പാക്കുന്ന പദ്ധതികൾ മികച്ച പ്രതികരണമാണുണ്ടായത്‌. വൈദ്യുതി ഉപയോക്താക്കൾക്ക്‌ 20 വീതം എൽഇഡി ബൾബുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാവുന്നതോടെ ഉപഭോഗത്തിൽ ഗണ്യമായ കുറവ്‌ ഉണ്ടാക്കാനാകുമെന്നാണ്‌ പ്രതീക്ഷ. എനർജി മാനേജ്‌മെന്റ്‌ സെന്റർ നടപ്പാക്കുന്ന ഊർജസംരക്ഷണ ക്യാമ്പയിനായ ‘ഊർജകിരൺ’ ഊർജഉപഭോഗം കുറക്കുന്നതിനുള്ള  വിപുലമായ ക്യാമ്പയിനാണ്‌. പദ്ധതിയുടെ ഭാഗമായി ശനിയാഴ്‌ച സംസ്ഥാന വ്യാപകമായി ഊർജസംരക്ഷണ ദിനം ആചരിക്കും.
പ്രധാന വാർത്തകൾ
 Top