12 December Thursday
ഇട്ടി അച്യുതൻ തെളിച്ച ദീപം

മഹിതം സമ്പന്നം 
ആലപ്പുഴയുടെ ശാസ്‌ത്രപ്പെരുമ

അഞ്‌ജലി ഗംഗUpdated: Thursday Nov 14, 2024
ആലപ്പുഴ
പതിനാല്‌ വർഷത്തിനുശേഷം സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്‌ ആലപ്പുഴ ആതിഥേയരാകുന്നത്‌ സമ്പന്നമായ ശാസ്ത്രപൈതൃകത്തിന്റെ ഓർമപ്പെടുത്തലുമായി. 17–-ാം നൂറ്റാണ്ടിൽ ജീവിച്ച പ്രഗത്ഭ വൈദ്യൻ ഇട്ടി അച്യുതൻ മുതൽ ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് വരെ നീളുന്ന ശാസ്ത്രപ്രതിഭകളുടെ നീണ്ടനിരയുണ്ട് ജില്ലയ്‌ക്ക്‌ അഭിമാനമായി.  
   കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച്‌ സമഗ്രവിവരങ്ങളോടെ തയ്യാറാക്കിയ ‘ഹോർത്തൂസ് മലബാറിക്കസ്' ഗ്രന്ഥരചനയിൽ മുഖ്യപങ്കുണ്ടായിരുന്ന പ്രഗത്ഭ നാട്ടുവൈദ്യൻ ഇട്ടി അച്യുതൻ ചേർത്തല കടക്കരപ്പള്ളിയിലെ കൊല്ലാട്ട് കുടുംബക്കാരനായിരുന്നു. അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിൽനിന്നാണ് ശാസ്ത്രമേളയുടെ പതാകജാഥ ആരംഭിക്കുന്നത്‌. ഹരിതവിപ്ലവത്തിന്റെ നായകനായ കൃഷിശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥനും ആലപ്പുഴയുടെ മഹത്തായ സംഭാവനയാണ്. കുട്ടനാട്ടിലെ മങ്കൊമ്പിലെ അദ്ദേഹത്തിന്റെ വീട്ടിൽനിന്നാണ് മേളയുടെ ദീപശിഖാറാലി ആരംഭിക്കുന്നത്. അദ്ദേഹം വികസിപ്പിച്ചെടുത്ത അത്യുൽപാദനശേഷിയുള്ള വിത്തുകളാണ് ഒട്ടേറെ രാജ്യങ്ങളെ പട്ടിണിയിൽനിന്ന് കരകയറ്റിയത്. 
  ഇന്ത്യയുടെ മിസൈൽവനിത എന്നറിയപ്പെടുന്ന ഡോ. ടെസി തോമസും ആലപ്പുഴയുടെ അഭിമാനമാണ്.  ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ശേഷിയുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റിയ അഗ്നി മിസൈലിന്റെ അമരക്കാരിയായ ഡോ. ടെസി ഡിആർഡിഒ സാങ്കേതിക വിഭാഗത്തിൽ ഡയറക്ടർ ജനറൽ സ്ഥാനത്തെത്തിയ രണ്ടാമത്തെ വനിതയാണ്. മെഡിക്കൽ സാങ്കേതികവിദ്യക്ക് ശ്രദ്ധേയമായ സംഭാവന നൽകിയ ഹൃദയശസ്ത്രക്രിയാവിദഗ്ധൻ ഡോ. എം എസ് വല്യത്താനും ആലപ്പുഴക്കാരനാണ്. റോക്കറ്റ് സാങ്കേതികവിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലും മുഖ്യപങ്കുവഹിച്ച ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് ആലപ്പുഴ തുറവൂർ സ്വദേശിയാണ്‌. 
  തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭൗമശാസ്ത്രജ്ഞനായിരുന്ന ഇല്ലിപ്പറമ്പിൽ കോര ചാക്കോയാണ് ജില്ലയിലെ മറ്റൊരു ശാസ്ത്രപ്രതിഭ. കുട്ടനാട്ടിലെ പുളിങ്കുന്നിൽ ജനിച്ച അദ്ദേഹം ലണ്ടൻ ഇംപീരിയൽ കോളേജ് വിദ്യാർഥിയായിരുന്നു. ഭാഷാശാസ്ത്രജ്ഞൻ കൂടിയായ അദ്ദേഹം കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാരത്തിന് അർഹനായ രണ്ടാമത്തെ വ്യക്തിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top