05 December Thursday
വിദ്യാലയം പ്രതിഭകളിലേക്ക്‌ ക്യാമ്പയിന്‌ ഇന്ന്‌ തുടക്കം

മുറ്റത്തെ മുല്ലകളെ തേടി വിദ്യാർഥികൾ

സ്വന്തം ലേഖകൻUpdated: Thursday Nov 14, 2019

 

ആലപ്പുഴ
സ്വന്തം പ്രദേശത്തെ പ്രതിഭകളെ അറിയാനും ആദരിക്കാനുമൊരുങ്ങി വിദ്യാർഥികൾ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "വിദ്യാലയം പ്രതിഭകളിലേക്ക്' പരിപാടിക്ക്‌ ശിശുദിനത്തിൽ തുടക്കമാകും. സാഹിത്യകാരൻ, കലാകാരന്മാർ,  ശാസ്‌ത്രജ്ഞർ, കായികതാരങ്ങൾ തുടങ്ങിയവരെയാണ്‌ വിദ്യാർഥികളുടെ ചെറുസംഘങ്ങൾ സന്ദർശിക്കുക. ഇവരെ വീടുകളിലെത്തി ആദരിക്കുന്നതിനൊപ്പം അവരുമായി സംവാദവും ഒരുക്കിയിട്ടുണ്ട്‌. പ്രതിഭകൾ കൈവരിച്ച നേട്ടങ്ങൾ, അവരുടെ ജീവിതവഴികൾ, അറിവുകൾ എന്നിവ പുതുതലമുറയുമായി പങ്കെുവെക്കും. വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തവും വിദ്യാർഥികൾ അഭ്യർഥിക്കും. 
 പഠിക്കാനും ഉയരങ്ങളിലെത്താനും പ്രചോദനമായവരെ നേരിൽ കാണാനാകുമെന്ന ആഹ്ലാദത്തിലാണ് വിദ്യാർഥികൾ. അധ്യാപകർക്കും പിടിഎ, എസ്എംസി അം​ഗങ്ങൾക്കുമൊപ്പം ചെറുസംഘങ്ങളായാണ് സ്‌കൂളുകളുടെ പരിസരത്ത് താമസിക്കുന്ന പ്രതിഭകളെ സന്ദർശിക്കുക. 14ന് തുടങ്ങി 28ന് അവസാനിക്കുന്നതാണ്‌ പ്രതിഭകളെ അറിയാം പരിപാടി.
  11 വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നായി  800 പ്രതിഭകളെ ഇതിനായി കണ്ടെത്തിയിട്ടുണ്ട്‌. ഇവർക്ക്‌ വിദ്യാഭ്യാസമന്ത്രിയുടെ കത്ത് നൽകി മുൻകൂട്ടി അറിയിച്ചാണ് കുട്ടികൾ എത്തുകയെന്ന്‌ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ–-ഓർഡിനേറ്റർ എ കെ പ്രസന്നൻ പറഞ്ഞു.  
ജില്ലാതല വിദ്യാഭ്യാസ ഓഫീസർമാർ മുതൽ പ്രധാനാധ്യാപകർ, പ്രിൻസിപ്പൽ തുടങ്ങി എല്ലാവരും ‘വിദ്യാലയം പ്രതിഭകളിലേക്ക്’ പദ്ധതിയിൽ പങ്കാളികളാകും. ജില്ലയിലെ 768 സ്‌കൂളിൽ പദ്ധതി നടക്കും. പ്രതിഭകളെ തേടി കുട്ടികളെത്തുന്ന പരിപാടി തലമുറകളുടെ സം​ഗമമായും മാറും.
 
പ്രധാന വാർത്തകൾ
 Top