20 October Wednesday
ഹാർബർ വിപുലീകരിക്കും

തോട്ടപ്പള്ളിയിൽ റെസ്‌ക്യൂ ടീം

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
അമ്പലപ്പുഴ 
ആലപ്പുഴ തോട്ടപ്പള്ളി ഫിഷറീസ് ഹാർബർ വിപുലീകരിച്ച്  മുഴുവൻ സുരക്ഷ സംവിധാനങ്ങളോടും കൂടിയ റസ്‌ക്യൂടീം ഒരുക്കുമെന്ന് ഫിഷറീസ്‌ മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി മത്സ്യഗ്രാമങ്ങൾ കേന്ദ്രീകരിച്ച് മത്സ്യസുരക്ഷ സ്‌ക്വാഡ്‌ പ്രവർത്തിപ്പിക്കും. ആലപ്പുഴയിൽ ജോലിക്കിടെ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടാൽ കൊച്ചിയിൽനിന്നോ കൊല്ലത്തുനിന്നോ റസ്‌ക്യൂ ടീം എത്തിവേണം രക്ഷാപ്രവർത്തനം നടത്തേണ്ടത്‌. ഇതിന് രണ്ടര മണിക്കൂർ വരെ താമസം നേരിടുന്നുണ്ടെന്ന്‌ എച്ച് സലാം എംഎൽഎയുടെ  ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
 നിലവിൽ കടൽരക്ഷാ പ്രവർത്തനങ്ങൾക്കായി വിഴിഞ്ഞം,ബേപ്പൂർ, വൈപ്പിൻ എന്നിവിടങ്ങളിൽ മൂന്നു മറൈൻ ആംബുലൻസും മറ്റു ജില്ലകളിൽ ഏഴുബോട്ടും സജ്ജമാണ്‌. പരിശീലനം നേടിയ മത്സ്യത്തൊഴിലാളികളെ സീ റസ്‌ക്യൂ സ്‌ക്വാഡുകളായി  നിയോഗിച്ചുവരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ഏകോപനത്തിനും കാലാവസ്ഥാ മുന്നറിയിപ്പ് യഥാസമയം മത്സ്യത്തൊഴിലാളികളിൽ എത്തിക്കുന്നതിനും ഫിഷറീസ് ഡയറക്‌ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മാസ്‌റ്റർ കൺട്രോൾ റൂമും, വിഴിഞ്ഞം, ബേപ്പൂർ, വൈപ്പിൻ എന്നിവിടങ്ങളിൽ മേഖല കൺട്രോൾ റൂമുകളും പ്രവർത്തിക്കുന്നുണ്ട്. ദുരന്തനിവാരണ ഏജൻസിയുടെ ഏകോപനം കൺട്രോൾ റൂമിന്റെ ചുമതലയിലാണ്.  60 മത്സ്യഗ്രാമങ്ങളിൽ 300 യാനങ്ങളിലായി 900 മത്സ്യത്തൊഴിലാളികളെ റിക്രൂട്ട് ചെയ്‌ത്, അവർക്ക് കടൽ രക്ഷാ പ്രവർത്തനങ്ങൾക്കും പവർ ബോട്ട് പ്രവർത്തിപ്പിക്കുന്നതിനും പരിശീലനം നൽകി വരുന്നുണ്ട്. 
 പരിശീലനം നൽകിയ 619 തൊഴിലാളികളിൽ 317 പേർക്ക് യൂണിഫോം, യാനങ്ങളിൽ ജി പി എസ്, ടോർച്ച്, ലൈഫ് ബോയ എന്നിവയും വിതരണം ചെയ്‌തു. പരിശീലനം സിദ്ധിച്ചവരെ ഹാർബറുകളിലും ലഭ്യമാക്കുന്നത് സർക്കാർ പരിഗണിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top