07 December Saturday

കുട്ടനാട്ടിലെ 794 കുടുംബങ്ങൾ ക്യാമ്പിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019
ആലപ്പുഴ
മടവീണും മടകവിഞ്ഞും വെള്ളത്തിൽ മുങ്ങിയ കുട്ടനാട്ടിൽനിന്ന്‌ 794 കുടുംബങ്ങളിലെ 2866 പേരെ  മാറ്റിപ്പാർപ്പിച്ചു. 1677 പേരെ കുട്ടനാട്‌ താലൂക്കിലെയും 1189 പേരെ ആലപ്പുഴയിലെ ക്യാമ്പിലേക്കുമാണ്‌ മാറ്റിയത്‌. താലൂക്കിലുള്ളവർക്കായി 463 ഭക്ഷണവിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്‌. 
നാല്‌ ദിവസത്തിനിടെ ചെറുതും വലുതുമായ 13 മടവീണു. 2596 ഹെക്‌ടർ ക‌ൃഷിനശിച്ചു. മഴയും വെള്ളക്കെട്ടും കാരണം ഒമ്പത്‌ കന്നുകാലികൾ ചത്തു. 
  വെള്ളിയാഴ്‌ച രാത്രിയോടെയാണ്‌ കുട്ടനാട്ടിലേക്ക്‌ കിഴക്കൻവെള്ളം കൂടുതലായി എത്തിത്തുടങ്ങിയത്‌. മഴ കനത്തതും വേലിയേറ്റവും വെള്ളക്കെട്ടും ഇരട്ടിയാക്കി. എസി കനാലും കരകവിഞ്ഞു. കൈനകരിയിലും ചമ്പക്കുളത്തുമാണ്‌ കൂടുതൽ നാശം. ഞായറാഴ്‌ച രാത്രിയിലുണ്ടായ മടവീഴ്‌ചയിൽ കൈനകരിയിൽ ഒരു വീട്‌ പൂർണമായി തകർന്നു. നെടുമുടി, നീലംപേരൂർ എന്നിവയൊഴികെയുള്ള പഞ്ചായത്തുകളിലെ വീടുകളിൽ വെള്ളം കയറി. 
 കുട്ടനാട്ടിൽ 14 പാടത്തെ ക‌ൃഷിയാണ്‌ പൂർണമായി നശിച്ചത്‌ –- 896 ഹെക്‌ടർ. മടകവിഞ്ഞ്‌ 46 പാടത്തെ 1934 ഹെക്‌ടറും നശിച്ചു. 
ജില്ലയിലാകെ 50 കോടിയാണ്‌ ക‌ൃഷിനാശം. കുട്ടനാട്ടിൽ മാത്രം 38 കോടി രൂപയുടെ നെൽക‌ൃഷി നശിച്ചു. മൃഗസംരക്ഷണമേഖലയിൽ 89,500 രൂപയുടെ നാശനഷ്‌ടമുണ്ട്‌. ചൊവ്വാഴ്‌ച വൈകിട്ടോടെ കുട്ടനാട്ടിലെ ജലനിരപ്പിൽ  കുറവുണ്ടായതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി കൺട്രോൾറൂം അറിയിച്ചു. 

സർക്കാർ ഓഫീസുകളും വെള്ളത്തിൽ 

കുട്ടനാട്‌ 
മൂല പൊങ്ങപ്ര പാടം വെള്ളം കയറിയതോടെ താലൂക്ക് ഓഫീസ് ഉൾപ്പെടെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം വെള്ളത്തിലായി. നെൽപ്പാടം മുങ്ങി. സിവിൽ സ്‌റ്റേഷന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് മണിമലക്കാട്, ഏഴുകാട്, നാലുതോട്ടിനകംചിറ, മൂല പൊങ്ങമ്പ്ര പാടശേഖരം. ഇറിഗേഷൻ വകുപ്പും കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട എൻജിനിയറുടെ ഓഫീസും ചമ്പക്കുളം ക‌ൃഷി അസി. ഡയറക്‌ടറുടെ ഓഫീസും സിവിൽ സ്‌റ്റേഷനിലാണ്‌. ചമ്പക്കുളംകൃഷിഭവൻ സിവിൽ സ്‌റ്റേഷന് സമീപമാണ്. വെള്ളക്കെട്ടുമൂലം ഇവിടങ്ങളിലേക്ക്‌ ആളുകൾക്കും ഉദ്യോഗസ്ഥർക്കും എത്താനാകുന്നില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top