25 June Saturday

സംഭരിക്കാത്ത മില്ലുകളെ 
കരിമ്പട്ടികയിലാക്കണം: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

നെല്ല് സംഭരിക്കാതിരുന്ന പള്ളിപ്പാട് വഴുതാനം പാടശേഖരം കര്‍ഷകസംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാര്‍ ഉണ്ണിത്താന്‍ സന്ദര്‍ശിക്കുന്നു

ആലപ്പുഴ
നെല്ല് സംഭരിക്കാതെ മാറിനിൽക്കുന്ന മില്ലുകാരെ കരിമ്പട്ടികയിൽപ്പെടുത്തി ഒഴിവാക്കണമെന്ന്‌  കേരളകർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കറും സെക്രട്ടറി സി  ശ്രീകുമാർ ഉണ്ണിത്താനും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. പകരം മറ്റു മില്ലുകളെ ചുമതലയേൽപ്പിക്കണം.  
  കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവിലയ്‌ക്കു പുറമെ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി സംസ്ഥാനസർക്കാർ അധികസബ്സിഡി നൽകിയ നെല്ലുസംഭരണമാണ്‌ ഒരുകൂട്ടം മില്ലുകാർ അട്ടിമറിക്കുന്നത്‌. 
മാന്നാർ, ചെന്നിത്തല, പള്ളിപ്പാട്, ഹരിപ്പാട്‌, വീയപുരം, ചെറുതന പ്രദേശങ്ങളിലെ നാലായിരത്തിലധികം ഏക്കർ പാടശേഖരങ്ങളിലെ നെല്ല് കെട്ടിക്കിടക്കുകയാണ്.  ജ്യോതി നെല്ല്സംഭരിച്ചാൽ അതിന്റെ അരിതന്നെ സർക്കാരിന് നൽകണമെന്നു വന്നതോടെയാണ്‌ സംഭരിക്കാൻ മടിക്കുന്നത്‌. അല്ലെങ്കിൽ മറ്റുവിത്താണ്‌ കൃഷിയിറക്കിയതെന്ന്‌ രജിസ്ട്രേഷൻ മാറ്റിനൽകണമെന്നാണ് ആവശ്യം.  
കർഷകന്റെ ഒരു വർഷത്തെ പ്രയത്നവും പ്രതീക്ഷയും ജീവിതവുമാണ് ഒരുപറ്റം മില്ലുകാർ അനിശ്ചിതത്വത്തിലാക്കുന്നത്.   കൃഷി,  ഭക്ഷ്യ സിവിൽ സപ്ലൈസ്‌ വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് മുഴുവൻ നെല്ലും സംഭരിക്കാൻ  നടപടിയെടുക്കണം.  അല്ലാത്തപക്ഷം  സമരം ചെയ്യുമെന്നും കർഷകസംഘം  പ്രസ്‌താവനയിൽ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top