15 May Saturday

മന്ത്രി വാക്ക് പാലിച്ചു: 
വീടാണ് കെെനീട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021

കൃഷ്‌ണേന്ദു, കാവ്യേന്ദു, ഐശ്വര്യ എന്നിവരോടൊപ്പം 
മന്ത്രി തോമസ് ഐസക് പുതിയ വീട്ടിൽ

മാരാരിക്കുളം
പഠനത്തിലും കലയിലും മിടുക്കികളായ സഹോദരിമാർക്ക് വീട് നൽകാമെന്ന മന്ത്രി ടി എം തോമസ് ഐസക്കിന്റെ വാഗ്‌ദാനം പൂവണിഞ്ഞു. 
ഈസ്‌റ്റർ–-വിഷു സമ്മാനമായി ലഭിച്ച മനോഹരമായ വീട്ടിൽ ഇവർ മാതാപിതാക്കൾക്കൊപ്പം താമസം തുടങ്ങി. പഠനസൗകര്യങ്ങളില്ലാത്ത പലക തറച്ച ചുവരിലെ വീട്ടിൽനിന്നാണ് ഇവർ പുതിയ വീട്ടിലേക്ക് മാറിയത്.
 മാരാരിക്കുളം തെക്ക്  എട്ടാം വാർഡിൽ പടിഞ്ഞാറേമഠത്തിൽ സുഭാഷിന്റെയും ദിവ്യയുടെയും മക്കളായ കൃഷ്‌ണേന്ദു, കാവ്യേന്ദു, ഐശ്വര്യ എന്നിവർക്കാണ് വീട്‌ നിർമിച്ചുനൽകിയത്. 
രണ്ട്‌ മുറി, ഹാൾ, അടുക്കള, വർക്ക് ഏരിയ എന്നീ സൗകര്യങ്ങളോടെ വീട് നാലര മാസം കൊണ്ടാണ്‌  പൂർത്തിയാക്കിയത്‌. 
രാമോജി ഫിലിംസിറ്റിയാണ് സ്‌പോൺസർമാർ. കുടുംബശ്രീ അംഗങ്ങളായിരുന്നു നിർമാണം.
  പത്താം ക്ലാസിൽ ഒമ്പത് എ പ്ലസ് നേടിയ കൃഷ്‌ണേന്ദു ഇപ്പോൾ പ്ലസ്ടു കഴിഞ്ഞു. കാവ്യേന്ദു ലിയോ തേർട്ടീന്ത്‌ ഹൈസ്‌കൂളിൽ 10ൽ പഠിക്കുന്നു. ഐശ്വര്യ പാതിരപ്പള്ളി വിവിഎസ്ഡി യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. മൂന്ന്‌ പേരും  മനോഹരമായി ചിത്രം വരയ്‌ക്കും. ഐശ്വര്യ നല്ല പാട്ടുകാരിയുമാണ്.
 അച്ഛൻ സുഭാഷ്  പെയിന്റിങ് പണിക്കാരനാണ്‌. കൂട്ടുകുടുംബം  പിരിഞ്ഞപ്പോൾ കിട്ടിയ സ്ഥലത്ത്  ഷെഡിലാണ്   കഴിഞ്ഞിരുന്നത്. 
  റേഷൻകാർഡ്  ലഭിക്കാൻ വൈകിയതിനാൽ  കഴിഞ്ഞ തവണ  ലൈഫ് മിഷനിൽ  വീടിന്‌ അപേക്ഷിക്കാനായില്ല.   വായ്‌പ വാങ്ങിയാണ് ഷെഡ് പുതുക്കിപ്പണിതത്.   
  തുമ്പോളിയിൽ വാടകയ്‌ക്ക്‌ താമസിക്കുന്ന മഹേഷിന്  രാമോജി ഫിലിം സിറ്റി വാഗ്‌ദാനം ചെയ്‌ത വീടാണ്  സഹോദരിമാർക്ക് നൽകിയത്. മഹേഷിന് വീട് വയ്‌ക്കാൻ ഒരു വ്യക്തി സൗജന്യമായി സ്ഥലം വാഗ്‌ദാനം ചെയ്‌തിരുന്നു. കോവിഡിനെത്തുടർന്ന്‌ ചില പ്രശ്നങ്ങൾ കാരണം വീട് നിർമാണം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. 
എന്നാൽ ഇതിന്റെ പേരിൽ മന്ത്രി തോമസ് ഐസക്കിനെതിരെ ചിലർ വ്യാപക പ്രചാരണം നടത്തി. 
 മഹേഷിന്  മറ്റ്‌ ചിലർ വീട് ഉറപ്പാക്കിയ സാഹചര്യത്തിലാണ് വീട് ഇവർക്ക് നൽകിയത്. 
    പാതിരപ്പള്ളിയിലെ സ്‌നേഹജാലകം വളണ്ടിയർമാരുടെ സഹായവും വീട് നിർമാണത്തിന് ലഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top