24 February Monday

ടൂവീലർ വർക്ക്‌ഷോപ്പിൽ വൻ തീപിടിത്തം

സ്വന്തം ലേഖകൻUpdated: Friday Feb 14, 2020

ഇരുചക്രവാഹനങ്ങൾ കത്തിനശിച്ച നിലയിൽ

 ചെങ്ങന്നൂർ 

തിരുവൻവണ്ടൂരിൽ വർക്ക്‌ഷോപ്പിൽ തീപിടിത്തത്തിൽ 14 ഇരുചക്രവാഹനങ്ങൾ കത്തിനശിച്ചു. ആളപായമില്ല.
തിരുവൻവണ്ടൂർ മഹാവിഷ്‌ണുക്ഷേത്ര ജങ്‌ഷനു സമീപത്തെ തിരുവൻവണ്ടൂർ മാലിത്തറയിൽ സജിത്ത് സത്യന്റെ ഇരുചക്രവാഹന വർക്ക്‌ഷോപ്പിനാണ് തീപിടിച്ചത്‌. വ്യാഴാഴ്‌ച രാവിലെ 10ന്  വർക്ക്‌ഷോപ്പ് തുറന്നശേഷം സ്‌പെയർപാർട്ട്സ് വാങ്ങാൻ സജിത്ത് പോയപ്പോഴായിരുന്നു അഗ്നിബാധ. സമീപവാസികൾ തീയണയ്‌ക്കാൻ ശ്രമിച്ചെങ്കിലും പെട്രോൾ വാഹനങ്ങൾ ഓരോന്നായി ഉഗ്രശബ്‌ദത്തോടെ
പൊട്ടിത്തെറിച്ച് ആളിക്കത്തി. ചൂടും പുകയും കാരണം ആർക്കും അവിടേക്ക്‌ അടുക്കാൻ കഴിഞ്ഞില്ല. 
വർക്ക്‌ഷോപ്പിലെ ഉപകരണങ്ങളും അലമാരയും പൂർണമായി കത്തിനശിച്ചു. കടയുടെ ചുവരുകൾക്കും നാശമുണ്ട്. ചെങ്ങന്നൂർ, തിരുവല്ല, മാവേലിക്കര ഫയർ സ്‌റ്റേഷനുകളിൽനിന്നും നാലു യൂണിറ്റെത്തി ഒരുമണിക്കൂർ നീണ്ട പ്രയത്നിച്ചാണ്‌ തീയണച്ചത്‌.
തിരുവൻവണ്ടൂർ വാലേത്ത് ചന്ദ്രൻപിള്ളയുടെ  കെട്ടിടത്തിൽ രണ്ടുവർഷം മുമ്പാണ് വർക്ക്‌ഷോപ്പ് ആരംഭിച്ചത്‌. 10 ലക്ഷത്തിൽ അധികം രൂപയുടെ നാശനഷ്‌ടമുണ്ടായതായി സജിത് പറഞ്ഞു.
ചെങ്ങന്നൂർ എസ്ഐ എസ് വി ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 
പ്രധാന വാർത്തകൾ
 Top