17 June Monday

ഫണ്ട‌് വിനിയോഗത്തിൽ കുടുംബശ്രീ നൂറിലേക്ക്

സ്വന്തം ലേഖകൻUpdated: Thursday Feb 14, 2019

 ആലപ്പുഴ

സ‌്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലൂടെ മാത‌ൃകയായ കുടുംബശ്രീ അനുവദിക്കുന്ന തുക ചെലവഴിക്കുന്നതിലും മുന്നിൽ. കഴിഞ്ഞ സാമ്പത്തികവർഷത്തിലെന്ന പൊലെ ഇക്കുറിയും കുടുംബശ്രീക്ക‌് സർക്കാർ അനുവദിച്ച തുക നൂറുശതമാനവും ചെലവഴിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷന്റെ ഭാഗമായി ആറരക്കോടിയിലധികം രൂപയും സംസ്ഥാന സർക്കാർ പത്തരക്കോടിയോളം രൂപയുമാണ് ഈ സാമ്പത്തിക വർഷത്തിൽ നീക്കിവച്ചത്. ഇതിൽ സംസ്ഥാന സർക്കാരിന്റെ മുഴുവൻ തുകയും ലഭിച്ചപ്പോൾ കേന്ദ്രസർക്കാരിന്റെ തുകയിൽ 5.10 കോടി രൂപയാണ് അനുവദിച്ച് കിട്ടിയത്.
 15.5 കോടിയിലധികം രൂപയാണ് ജില്ലയിലെ ആകെ കുടുംബശ്രീക്ക് ലഭിച്ചത്. ഇതിൽ 83 ശതമാനം തുകയും വിവിധ പദ്ധതികളിലേക്കും ക്ഷേമപ്രവർത്തനങ്ങളിലേക്കുമായി ചെലവഴിച്ചു. 
സംസ്ഥാന സർക്കാർ ഫണ്ടിൽനിന്ന് എട്ടുകോടിയിലധികം രൂപ ചെലവഴിച്ചു. അംഗങ്ങൾക്ക് അനുവദിക്കുന്ന വായ‌്പയുടെ സബ്‌സിഡിയിനത്തിലാണ് ഏറ്റവും കൂടുതൽ തുകയെടുത്തിരിക്കുന്നത്. രണ്ടുകോടിയിലധികം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ബഡ്‌സ് സ്‌കൂളിന്റെയും റീഹാബിലിറ്റേഷൻ സെന്ററിന്റെയും പ്രവർത്തനങ്ങൾക്ക് ഒരു കോടിയിലേറെ ചെലവഴിച്ചു. ജെഎൽജി, ചെറുകിട സംരംഭങ്ങൾ, ബാലസഭ, എന്നിങ്ങനെ പ്രയോജനകരമായ എല്ലാ മേഖലയിലും ജില്ലാ കുടുംബശ്രീ തുക വിനിയോഗിച്ചിട്ടുണ്ട്. ആശ്രയ പദ്ധതിക്കാണ് ഏറ്റവും കുറവ് തുകയുപയോഗിച്ചത്. രണ്ടുലക്ഷത്തിൽ താഴെ മാത്രം തുകയേ പദ്ധതിക്കായി ചെലവാക്കിയിട്ടുള്ളു. പഞ്ചായത്തുകൾ നേരിട്ട് നടത്തുന്നതിനാലാണ് അധികം തുക വേണ്ടാത്തതെന്ന് അധിക‌ൃതർ പറഞ്ഞു. 
കേന്ദ്ര സർക്കാർഅനുവദിച്ച തുകയിൽനിന്ന് 4,80,65,397 രൂപയാണ് ഇതിനോടകം ചെലവഴിച്ചത്. ചെറുകിട സംരംഭങ്ങൾക്കാണ് ഏറ്റവും കൂടുതൽ തുക ആവശ്യമായി വന്നത്. സംരംഭത്തിനാവശ്യമായ നൈപുണ്യ പരിശീലനത്തിനും ക്രമീകരണങ്ങൾക്കും പ്രകടനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുള്ള അധികപരിശീലനങ്ങൾ എന്നിങ്ങനെ 78,86,846 രൂപ ചെലവാക്കിയിട്ടുണ്ട്. 
കുടുംബശ്രീ മാർക്കറ്റിങ്ങിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കും വലിയ തുക മാറ്റിവച്ചിട്ടുണ്ട്. മാസച്ചന്തയ‌്ക്കും സമൂഹ സംരംഭങ്ങൾക്കുമാണിത്. സ‌്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ടും കുടുംബശ്രീ സ്‌കൂളിന്റെ ആവശ്യങ്ങൾക്കായും, കാർഷികമേഖലയിൽ ചെലവഴിക്കാനും തുക മാറ്റിവച്ചിരുന്നു. അയൽക്കൂട്ടങ്ങളിലെ കണക്കുകൾ പൂർണമായും ഡിജിറ്റലൈസ്ചെയ്യാനും അയൽക്കൂട്ടങ്ങളിലെ വിവിധ സ‌്റ്റാർട്ട് അപ്പുകൾക്കായും തുക നീക്കിവച്ചു. 
 ജില്ലയിൽ കുടുംബശ്രീക്ക് അനുവദിച്ച തുകയിൽ മുക്കാൽ ഭാഗത്തിലധികവും ഇതിനകം ഉപയോഗിച്ചുകഴിഞ്ഞു. ചില ബില്ലുകൾകൂടി ബാക്കിയുണ്ട്. സാമ്പത്തികവർഷം അവസാനിക്കുമ്പോഴേക്കും 100 ശതമാനവും ഉപയോഗിക്കാനകുമെന്നാണ് പ്രതീക്ഷയെന്ന് ആലപ്പുഴ കുടുംബശ്രീ എഡിഎംസി കെ ബി അജയകുമാർ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top