22 January Saturday

തണ്ണീർത്തടങ്ങളെ തൊടില്ല: മന്ത്രി സജി ചെറിയാൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടിയില്‍ എത്തിയവരുമായി 
മന്ത്രി സജി ചെറിയാന്‍ സൗഹൃദ സംഭാഷണത്തില്‍

 ആലപ്പുഴ

ഒരു സെന്റ്‌ വനഭൂമിയിൽക്കൂടിപ്പോലും കടന്നുപോകാത്ത കെ–- റെയിൽ തണ്ണീർത്തടങ്ങളും നെൽപ്പാടങ്ങളും സംരക്ഷിച്ചായിരിക്കും നിർമിക്കുകയെന്ന്‌ മന്ത്രി സജി ചെറിയാൻ പറഞ്ഞു. 
ആലപ്പുഴ എസ്‌ഡിവി സെന്റിനറി ഹാളിൽ സിൽവർലൈൻ  ജനസമക്ഷം പരിപാടിയിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 10000 ഹെക്‌ടർ വനഭൂമിയിലൂടെയാണ്‌ കെ റെയിൽ പോകുന്നതെന്ന പച്ചക്കള്ളമാണ്‌ എതിരാളികൾ പ്രചരിപ്പിക്കുന്നത്‌. തണ്ണീർത്തടങ്ങളും നെൽപ്പാടവും നിലനിർത്താൻ കെ റെയിലിന്റെ ഭാഗമായി 88 കിലോമീറ്റർ ആകാശപാത നിർമിക്കും.
പരിസ്ഥിതിക്ക്‌ ദോഷമുണ്ടാകില്ലെന്നു മാത്രമല്ല, പരിസ്ഥിതി മലിനീകരണം കുറയ്‌ക്കാൻ കെ -റെയിൽ ഇടയാക്കും. ഹരിത ഗതാഗത പദ്ധതിയാകും നടപ്പാക്കുക.  പരിസ്ഥിതിയെ ബാധിക്കാതെ കേരളത്തിനകത്തും പുറത്തുനിന്നുമാകും സാമഗ്രികൾ എത്തിക്കുക. കെ റെയിൽ കേരളത്തെ രണ്ടായി മുറിക്കുമെന്നൊക്കെയാണ്‌ പ്രചാരണം. ഇപ്പോൾ കോട്ടയംവഴിയും ആലപ്പുഴവഴിയുമുള്ള പാതകൾ  രണ്ടായി മുറിച്ചിട്ടില്ലേ.  അതുപോലെയാകില്ല കെ റെയിൽ. അവ പതിറ്റാണ്ടുകൾ മുമ്പുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചുപണിതതാണ്‌. 2022ലെ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ശാസ്‌ത്രീയമായാണ്‌ കെ റെയിൽ നിർമിക്കാൻ പോകുന്നത്‌. 
വെള്ളപ്പൊക്കമുണ്ടാകുമെന്നും തൽപ്പരകക്ഷികൾ പ്രചരിപ്പിക്കുന്നു. ചൈനയിലും ജപ്പാനിലുമൊക്കെ ഇതിലും വേഗം കൂടിയ ഹൈസ്‌പീഡ്‌ റെയിൽ ഗതാഗതമുണ്ട്‌. അവിടെയൊന്നും വെള്ളപ്പൊക്കമുണ്ടായിട്ടില്ല. കെ റെയിലിന്റെ 500 മീറ്റർ ഇടവിട്ട്‌ കുറുകെ സഞ്ചരിക്കാൻ  സൗകര്യമുണ്ടാകും. 
ആറുവരി ദേശീയപാതയെക്കാൾ കൂടുതൽ ആളുകൾക്ക്‌ യാത്രചെയ്യാം. കുറഞ്ഞ സമയംകൊണ്ട്‌ ലക്ഷ്യസ്ഥാനത്തെത്താം.  ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന കെ റെയിൽ 50 വർഷത്തേക്കുള്ള ഗതാഗതം മുൻകൂട്ടിക്കണ്ടാണ്‌. 
ഭൂമിയുടെ കുറവ്‌ വൻകിടവികസന പദ്ധതികൾ കേരളത്തിൽ സാധ്യമല്ലാതാക്കി.  വിവര സാങ്കേതികവിദ്യ, മത്സ്യമേഖല, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലാണ്‌ നമുക്ക്‌ ഇനി വളർച്ചയ്‌ക്ക്‌ സാധ്യത. ഇതിന്‌ കെ റെയിൽ സഹായകമാകും. ഈ മേഖലയിൽ വലിയ നിക്ഷേപം വരും. ടെക്‌നോ പാർക്ക്‌, ഇൻഫോപാർക്ക്‌, സൈബർ പാർക്ക്‌ എന്നിവയെ ഉൾപ്പെടുത്തി വിവരസാങ്കേതികവിദ്യാ ഇടനാഴി രൂപംകൊള്ളും. ദേശീയ ജലപാതയുമായി ബന്ധിപ്പിക്കും. കെ റെയിൽ ചർച്ചചെയ്‌തില്ലെന്നു പ്രതിപക്ഷം പറയുന്നത്‌ സത്യവിരുദ്ധമാണ്‌. 
 കെ ശങ്കരനാരായണൻ തമ്പി ഹാളിൽ പദ്ധതി അവതരിപ്പിച്ചപ്പോൾ മുഴുവൻ നിയമസഭാംഗങ്ങളും പിന്തുണച്ച്‌ കൈയടിച്ചുപോയതാണ്‌. എന്നിട്ടാണ്‌ ഇപ്പോൾ പദ്ധതി  രഹസ്യമായാണ്‌ നടപ്പാക്കുന്നതെന്ന്‌ പ്രചാരണം നടത്തുന്നത്‌–-‌ സജി  ചെറിയാൻ പറഞ്ഞു. 
ആലപ്പുഴയ്‌ക്കും 
ശബരിമലയ്‌ക്കും ഗുണം
ആലപ്പുഴ
ആലപ്പുഴയ്‌ക്കും ശബരിമല തീർഥാടകർക്കും കെ റെയിൽ ഗുണകരമാകുമെന്ന്‌ മന്ത്രി സജി ചെറിയാൻ പറഞ്ഞു. കെ റെയിൽ ആലപ്പുഴയിലെ  വിനോദസഞ്ചാര മേഖലയുമായി  ബന്ധിപ്പിക്കും. ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട്‌ താലൂക്കുകളിലെ യാത്രാ സൗകര്യം വർധിക്കും.
ജില്ലയിലെ നാലു പഞ്ചായത്തുകളിലെ 60 ഹെക്‌ടറോളം സ്ഥലമാണ്‌ ഏറ്റെടുക്കേണ്ടിവരുന്നത്‌. ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണിത്‌. സ്ഥലംവിട്ടുകൊടുക്കുന്നവർക്ക്‌ മികച്ച വിലകിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top