18 January Monday

പഠിച്ച്‌ മിടുക്കനായ പ്രസിഡന്റിന് സ്‌നേഹാദരം

സ്വന്തം ലേഖകൻUpdated: Thursday Jan 14, 2021

സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ എത്തിയ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എം വി വിശ്വംഭരനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
കെ ജി രാജേശ്വരി പുസ്‌തകങ്ങൾ നൽകി ആദരിച്ചപ്പോള്‍‍

മങ്കൊമ്പ്
സാക്ഷരതാ മിഷന്റെ 10–-ാം തരവും ഹയർ സെക്കൻഡറിയും പഠിച്ച്‌ മിടുക്കനായ എം വി  വിശ്വംഭരനാണ് വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ്.
 ചെറുപ്പത്തിൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന വിശ്വംഭരൻ സാക്ഷരതാ പ്രേരക് സ്‌നേഹപ്പന്റെ നിർബന്ധത്താലാണ് തുടർ വിദ്യാഭ്യാസത്തിന്റെ വഴിയിലേക്ക് വന്നത്.
 തിരിച്ചുവരവ് ഒട്ടും മോശമാക്കിയില്ല. മികച്ച വിജയം നേടി വിശ്വംഭരൻ കഴിവ് തെളിയിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലേക്ക്‌ മത്സരിക്കുമ്പോൾ തുല്യതാപഠനത്തിലൂടെ കിട്ടിയ അറിവ് ഏറെ കരുത്ത് പകർന്നതായും വിശ്വംഭരൻ പറഞ്ഞു. 
കിടങ്ങറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ശനിയാഴ്‌ച ആരംഭിച്ച തുല്യതാ കോഴ്സിന്റെ പുതിയ ബാച്ച് ഉദ്ഘാടനം ചെയ്‌തതും മുൻ പഠിതാവായ വിശ്വംഭരനാണ്. 
സന്തോഷം പങ്കിടാൻ സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ എത്തിയ വിശ്വംഭരനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പുസ്‌തകങ്ങൾ നൽകി ആദരിച്ചു.
 വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രദേശത്തുള്ള മുഴുവനാളുകളെയും ഹയർ സെക്കൻഡറി തലം വരെ എത്തിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും വിശ്വംഭരൻ പറഞ്ഞു. പദ്ധതിക്ക്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്ലാവിധ പിന്തുണയും അറിയിച്ചു. 
നിലവിൽ വിവിധ തുല്യതാ കോഴ്സുകളിലെ പഠിതാക്കളായിരുന്ന 20 പേർ ജനപ്രതിനിധികളായി. 
മുൻ പഠിതാക്കളായ നിരവധി പേരും ജനപ്രതിനിധികളായിട്ടുണ്ട്. 
സാക്ഷരതയിലൂടെ പഠിച്ച് വിജയിച്ച് ജനപ്രതിനിധികളായവരെ അനുമോദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുമെന്ന് കെ ജി  രാജേശ്വരി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top