13 November Wednesday

എൽഡിഎഫ‌് ജയിക്കണം വികസനം തുടരാൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019
അരൂർ
അരൂരിൽ എൽഡിഎഫ‌് വോട്ട‌് തേടുക വികസന തുടർച്ചയ‌്ക്കാണെന്ന‌് എൽഡിഎഫ‌് അരൂർ മണ്ഡലം ഭാരവാഹികൾ പറഞ്ഞു. 13 വർഷം എംഎൽഎയായ എ എം ആരിഫ‌്‌ നടപ്പാക്കിയ വികസനം തുടരാനും പുതിയവ ഏറ്റെടുക്കാനും എൽഡിഎഫിന്റെ വിജയം ഉറപ്പാക്കണം.  വികസനത്തുടർച്ചയ്‌ക്ക്‌ മനു സി പുളിക്കലിനെ വിജയിപ്പിക്കണമെന്ന്‌  മണ്ഡലം  പ്രസിഡന്റ‌് എം കെ ഉത്തമനും സെക്രട്ടറി സി ബി ചന്ദ്രബാബുവും എ എം ആരിഫ‌് എം പിയും സജി ചെറിയാൻ എംഎൽഎയും വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു.   എൽഡിഎഫ്‌ സർക്കാരിന്റെ വികസനനയം ഏറ്റവും കൂടുതൽ പ്രതിഫലിച്ച മണ്ഡലമാണ‌് അരൂർ. എ എം ആരിഫ‌് എംഎൽഎയായിരിക്കെ മണ്ഡലത്തിലെ എല്ലായിടത്തും ജപ്പാൻ കുടിവെള്ള പദ്ധതിയിലൂടെ കുടിനീരെത്തിക്കാനായി. 1996ൽ നായനാർ സർക്കാർ തുടക്കം കുറിച്ച പദ്ധതി യാഥാർഥ്യമാക്കാൻ  പിന്നീടുവന്ന യുഡിഎഫ‌് സർക്കാർ ഒന്നും ചെയ്‌തില്ല. 2006 ലെ വി എസ‌്  സർക്കാരാണ്‌ പദ്ധതി പൂർത്തീകരിച്ചത്‌. 
അടിസ്ഥാന സൗകര്യവികസനമേഖലയിലും വൻ കുതിച്ചുചാട്ടമുണ്ടായി.  തുറവൂർ സിൽക്ക്, അരൂർ കെൽട്രോൺ  എന്നിവ ലാഭത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക ഇടപെടലുണ്ടായി. പള്ളിപ്പുറം വ്യവസായ മേഖലയിൽ  മെഗാ ഫുഡ്പാർക്ക്, പള്ളിപ്പുറം വ്യവസായ പാർക്കായി വികസിപ്പിച്ച പദ്ധതികളും യാഥാർഥ്യമായി.  
 ശ്രീനാരായണപുരം, തൈക്കാട്ടുശേരി പാലം പൂർത്തിയായി.  ഏറ്റവും വലിയ പാലമായ പെരുമ്പളം, മാക്കേക്കടവ്‌, വിളക്കുമരം, കാക്കതുരുത്ത്‌, വാക്കയിൽ പാലങ്ങൾ നിർമാണത്തിലാണ്‌. വയലാർകവല–-ഇൻഫോർപാർക്ക്‌ റോഡിലെ പാലത്തിനും ഭരണാനുമതിയായി.  ദേശീയപാത നിലവാരത്തിൽ റോഡുകളുടെ പണി നടക്കുന്നു.  തുറവൂർ ആശുപത്രി മികച്ച നിലവാരത്തിലാക്കി. പിഎച്ച‌്സികളിൽ കൂടുതൽ സൗകര്യം ഒരുക്കി. അരൂർ, ചന്തിരൂർ, കോടംതുരുത്ത‌് ഗവ. സ‌്കൂളുകൾ നവീകരിച്ചു. അരൂരിൽ യുഐടി ആരംഭിച്ചു. വൈദ്യുതി, ടൂറിസം മേഖലകളിലും അഭിമാനാർഹമായ നേട്ടമുണ്ടാക്കി. 
പുതിയ വികസന പ്രശ‌്നങ്ങൾ ഏറ്റെടുക്കും
അനുദിനം വികസിക്കുന്ന കൊച്ചിയോട്‌ ചേർന്നുകിടക്കുന്ന അരൂരിൽ മാലിന്യ സംസ‌്കരണത്തിനും  വെള്ളക്കെട്ടു തടയാനും 
പുതിയ പദ്ധതികൾ ഏറ്റെടുക്കുമെന്ന‌് മണ്ഡലം സെക്രട്ടറി സി ബി ചന്ദ്രബാബു പറഞ്ഞു. മറ്റു സ്ഥലങ്ങളിൽനിന്ന‌് ഇവിടെ താമസിക്കാനെത്തുന്നവരുടെ എണ്ണം വർധിക്കുകയാണ‌്.  അതനുസരിച്ച‌് പുതിയ വികസനപ്രശ‌്നങ്ങൾ ഉയരുന്നു. വെള്ളക്കെട്ട‌് തടയാനും മാലിന്യസംസ‌്കരണത്തിനും പുതിയ പദ്ധതികൾ വേണം.  കൂടുതൽ മേഖലകളിലേക്ക‌് കുടിവെള്ളം എത്തിക്കാനും പദ്ധതികൾ വേണം. എൽഡിഎഫ‌് ഈ ഉത്തരവാദിത്തം ഏറ്റെടുക്കും–--  ചന്ദ്രബാബു പറഞ്ഞു.
പ്രധാന വാർത്തകൾ
 Top