26 September Saturday

കായംകുളം മാര്‍ക്കറ്റ് 14ന്‌ തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
ആലപ്പുഴ
വെള്ളിയാഴ്‌ച മുതല്‍ കായംകുളം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്ന് കൊടുക്കാന്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനമായി. പുലർച്ചെ നാലുമുതലായിരിക്കും പ്രവർത്തിക്കുക. 
ദിവസവും രാത്രി 12 മുതല്‍ രാവിലെ ആറുവരെ ഇതരസംസ്ഥാനത്തുനിന്നുള്‍പ്പെടെ ചരക്കുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ലോഡ് ഇറക്കുന്നതിന് അനുമതി നല്‍കും. ചരക്ക് ഇറക്കിയ വാഹനങ്ങള്‍ നഗരസഭ വക റെയില്‍വേ ടെര്‍മിനല്‍ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണം. ലോറി ഡ്രൈവര്‍മാര്‍/ ക്ലീനര്‍ മാര്‍ക്ക്  നഗരസഭ വക  കംഫര്‍ട്ട് സ്റ്റേഷന്‍, വിശ്രമകേന്ദ്രം ഉപയോഗിക്കുന്നതിന് അനുമതി നല്‍കും.
ദിവസവും രാവിലെ ആറുമുതല്‍ ഒമ്പതു വരെ റീടെയില്‍ വ്യാപാരത്തിനായി എത്തുന്നവര്‍ക്ക്  കടകളില്‍ നിന്നുംചെറിയ വാഹനങ്ങളിലേക്ക് ലോഡ് കയറ്റുന്നതിന് അനുമതി നല്‍കും.  ദിവസവും രാവിലെ ഒമ്പതുമുതല്‍  ഏഴുവരെ ഒരു വാഹനങ്ങളുടെയും പാര്‍ക്കിങ് മാര്‍ക്കറ്റില്‍ അനുവദിക്കുന്നതല്ല. ഈ സമയത്ത് മാത്രം പൊതുജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങി കൊണ്ടുപോകുന്നതിനായി ചെറിയ വാഹനങ്ങള്‍ മാത്രം മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാന്‍ അനുവാദം നൽകും.
മാര്‍ക്കറ്റിലേക്ക് കയറുന്ന വാഹനങ്ങളുടെ വഴി സംബന്ധിച്ച ക്രമീകരണം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കായംകുളം പൊലീസുമായി ആലോചിച്ച് നിര്‍വഹിക്കും. ഞായറാഴ്‌ച ദിവസം മാര്‍ക്കറ്റ്  അടച്ച് ശുചീകരിക്കും. ദിവസം 30 ഹെവി ചരക്കുവാഹനങ്ങള്‍ക്ക് മാത്രമേ മാര്‍ക്കറ്റില്‍ പ്രവേശനം അനുവദിക്കൂ. ഓരോ സ്ഥാപനത്തിലും, ലോഡുമായി എത്തുന്ന വാഹനത്തിന്റെ വിവരം, ഡ്രൈവറുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ലോഡ് ഇറക്കിയ തൊഴിലാളികളുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പ്രത്യേക രജിസ്റ്ററില്‍ സൂക്ഷിക്കണം.കോവിഡ് ജാഗ്രത പോർട്ടൽ വഴി നൽകുന്ന ഡിജിറ്റൽ രജിസ്റ്റർ സേവനവും മാർക്കറ്റിലെ കടകൾ ഉപയോഗിക്കണമെന്ന്  കലക്ടർ അറിയിച്ചു.
  വ്യാപാര സ്ഥാപനങ്ങളിൽ  എത്തുന്നവരുടെ പേര് വിവരം രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം. ഒരു സമയം നാലുപേര്‍ക്കേ പ്രവേശനം അനുവദിക്കാവൂ.  എല്ലാ വ്യാപാരികളും കോവിഡ് ടെസ്റ്റിന് വിധേയരാകണം. നടപ്പാത കൈയേറി കച്ചവടം നടത്തുന്നത് അനുവദിക്കില്ല. കായംകുളം നഗരസഭയുടെ നേതൃത്വത്തില്‍ ഒരു  ജനകീയമേല്‍നോട്ട കമ്മിറ്റി മാര്‍ക്കറ്റിലെ നിയന്ത്രണങ്ങള്‍ ഉറപ്പാക്കും.   കലക്ടര്‍ എ അലക്‌സാണ്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുഗോപാല്‍, സബ്കലക്ടര്‍ അനുപം മിശ്ര, മറ്റുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top