05 August Wednesday

തൊഴിലുറപ്പില്‍ കയർഭൂവസ്‌ത്രം; ആലപ്പുഴ മുന്നില്‍

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020
ആലപ്പുഴ
ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കയര്‍ഭൂവസ്‌ത്രം ഉപയോ​ഗിക്കുന്നത് ആലപ്പുഴ ജില്ലയില്‍. കഴിഞ്ഞവർഷം 15.54 കോടി രൂപയുടെ കയർഭൂവസ്‌ത്രം ഉപയോഗിച്ചു. ഈവർഷം ജൂൺവരെ 3.20 കോടി രൂപയുടെ കയർഭൂവസ്‌ത്രം ഉപയോഗിച്ചിട്ടുണ്ടെന്ന്‌ കയർ വികസന ഡയറക്‌ടറേറ്റ് ഡെപ്യൂട്ടി രജിസ്ട്രാര്‍ തോമസ് ജോൺ പറഞ്ഞു. നിലവിൽ കേരളത്തിൽ മാത്രമാണ് തൊഴിലുറപ്പിനായി കയർഭൂവസ്‌ത്രം ഉപയോഗിക്കുന്നത്. ഇത് മറ്റ് സംസ്ഥാനങ്ങളിൽ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. സാധ്യമായാല്‍ കയർ മേഖലയേയും പ്രക‌ൃതിയേയും സംരക്ഷിക്കാൻ ഇത് സഹായകരമാകും.
കയർഭൂവസ്‌ത്രം പദ്ധതിയിലൂടെ കയറിന്റെ ആവശ്യം അഞ്ചുമടങ്ങ് വർധിച്ചിട്ടുണ്ട്. 2015–-16 ലെ 8000 ടണ്ണിൽനിന്ന് കഴിഞ്ഞവർഷം കയർ ഉൽപ്പാദനം 20,000 ടണ്ണായി വർധിച്ചു. തൊഴിൽദിനവും തൊഴിൽവേതനവും രണ്ടരയിരട്ടിയായി വർധിച്ചു. 2017ൽ 50 കോടിയുടെയും 2019ൽ 33.87 കോടിയുടെയും ആദായം ലഭിച്ചു. തോടിന്റെയും മറ്റും വരമ്പ് നിർമിക്കാൻ കയർഭൂവസ്‌ത്രം ഉപയോഗിക്കുന്നതിലൂടെ ചെലവ്‌ ചുരുക്കാൻ  സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. 
സംസ്ഥാന കയർവികസനവകുപ്പ് 2017ൽ കേരളത്തിലെ എംജിഎൻആർഇജിഎസുമായി 120 കോടി രൂപയുടെ ധാരണപത്രം ഒപ്പുവച്ചിരുന്നു. 
ഇതുപ്രകാരം 183 ചതുരശ്ര മീറ്റർ കയർഭൂവസ്‌ത്രം തൊഴിലുറപ്പിന് നൽകി. 1.5 ലക്ഷം കയർ തൊഴിലാളികൾക്ക് വരുമാനവും  ഉറപ്പാക്കി. 22,500 തൊഴിലാളികൾ സ്വന്തം വീടുകളിൽ കയർ പിരിക്കുകയും മറ്റ്‌ തൊഴിലാളികൾ കയർഫെഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ കയർ സൊസൈറ്റികളിലും കൂടാതെ കയർ പൊതുമേഖലാ സ്ഥാപനങ്ങളായ സംസ്ഥാന കയർ കോർപറേഷൻ ലിമിറ്റഡ്, ഫോംമാറ്റിങ്സ് ലിമിറ്റഡ് എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top