23 August Friday
കടലാക്രമണം

ഒറ്റമശേരിയിൽ കല്ലിടൽ 3 ദിവസത്തിനകം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

കടലാക്രമണം രൂക്ഷമായ ചേർത്തല ഒറ്റമശേരി ഭാഗം ജില്ലാ കലക‌്ടർ എസ് സുഹാസ് സന്ദർശിക്കുന്നു

ആലപ്പുഴ
കടലാക്രമണം രൂക്ഷമായ ചേർത്തല ഒറ്റമശേരി ഭാഗത്ത‌് വീടുകൾക്ക് സംരക്ഷണം നൽകാനുള്ള കല്ലിടൽ മൂന്ന‌് ദിവസത്തികം തുടങ്ങുമെന്ന് കലക‌്ടർ എസ് സുഹാസ് പറഞ്ഞു.
ഒറ്റമശേരിയിൽ  കടലാക്രമണം നേരിട്ട പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു കലക‌്ടർ. എത്രയും പെട്ടെന്ന് കടൽതീരത്തോടുചേർന്ന ഭാഗത്ത് കല്ലിട്ട് സംരക്ഷണമൊരുക്കും. കാലതാമസം വരുന്ന നടപടിക്രമങ്ങൾ ഒഴിവാക്കി പ്രവൃത്തി നടത്താൻ നിർദേശം നൽകിയതായി കലക‌്ടർ പറഞ്ഞു.
ഒറ്റമശേരി ഭാഗത്ത് മൂന്ന‌് പുലിമുട്ടുകൾ ആവശ്യമാണ‌്. ഇത് സംബന്ധിച്ച‌് സർക്കാരിന‌് റിപ്പോർട്ട് നൽകും. മണൽച്ചാക്ക് ഇടുന്ന ഭാഗത്ത് കടലാക്രമണം കുറയ‌്ക്കാൻ ആവശ്യമായ പ്ലാസ‌്റ്റിക് ടാർപോളിൻ അടിയന്തരമായി എത്തിക്കും. പുലിമുട്ടുകളുടെ കാര്യത്തിൽ  ഐഐടി റിപ്പോർട്ട് വന്നാൽ തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ഏറ്റവും അപകടാവസ്ഥയിലുള്ള വീടുകൾക്ക് മണൽച്ചാക്ക‌് നിരത്തി  സംരക്ഷണമൊരുക്കാൻ മണൽ അടിയന്തരമായി ചൊവ്വാഴ‌്ചതന്നെ എത്തിച്ചുനൽകാൻ റവന്യൂ ഉദ്യോഗസ്ഥർക്കും ഇറിഗേഷൻവകുപ്പിനും കലക‌്ടർ നിർദേശം നൽകി.
ഒറ്റമശേരിയിൽ നാലിടത്തും കാട്ടൂരിൽ നാലിടത്തും അമ്പലപ്പുഴയിൽ എട്ടിടങ്ങളിലുമാണ‌് കല്ലിട്ട‌് വീടുകൾ സംരക്ഷിക്കുക. ഇതിനുള്ള തുക ഇറിഗേഷൻ ചീഫ് എൻജിനിയറുടെ ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ടെന്ന് ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ ഹരൺബാബു പറഞ്ഞു. 
 ഒറ്റമശേരിയിൽ 40 മീറ്റർ നീളത്തിലാണ് പ്രവൃത്തി ടെൻഡർചെയ‌്തത്. ഇവിടെ കടലാക്രമണ ഭീഷണിയുള്ള 13 വീടുകളിൽ അഞ്ചെണ്ണത്തിന്റെ നില ഏറെ അപകടകരമാണ്. ചേർത്തല തഹസിൽദാർ പി ജി രാജേന്ദ്രബാബു, റവന്യൂ ഉദ്യോഗസ്ഥർ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കൈത്താങ്ങായി എഡിആർഎഫ്

ഒറ്റമശേരിയിൽ കടലാക്രമണമുണ്ടായ ഭാഗത്ത് മണൽഭിത്തിയൊരുക്കാനും മണൽച്ചാക്ക് നിക്ഷേപിക്കാനുമുള്ള പ്രവൃത്തികളിൽ സജീവമായിരുന്നു ആലപ്പി ഡിസാസ‌്റ്റർ റെസ്‌പോൺസ് ഫോഴ്‌സ‌്. ദുരന്തനിവാരണ പ്രവർത്തനത്തിനായി പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ചതാണ‌് ആലപ്പി ഡിസാസ‌്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്. 40 പേരടങ്ങുന്ന സംഘം ഒറ്റമശേരിയിലെത്തി അടിയന്തര സജ്ജീകരണങ്ങളൊരുക്കി.
പ്രധാന വാർത്തകൾ
 Top