21 July Sunday

വിദ്യാലയങ്ങളിൽ ലഹരിക്കെതിരെ കർശന നടപടി

സ്വന്തംലേഖകൻUpdated: Wednesday Jun 12, 2019
ആലപ്പുഴ
സ‌്കൂൾപരിസരങ്ങളിലെ മയക്കുമരുന്ന‌് ഉപയോഗത്തിനും വിൽപ്പനയ‌്ക്കുമെതിരെ പൊലീസും എക‌്സൈസും കരിശുയുദ്ധം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മയക്കുമരുന്ന‌്, ഗുണ്ടാവിരുദ്ധ സ‌്ക്വാഡുകൾക്ക‌് രൂപംനൽകിയ പൊലീസ‌് ഇത്തരം കുറ്റക‌ൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ടോൾഫ്രീ നമ്പറുകളും ഒരുക്കിയിട്ടുണ്ട‌്. സ‌്കൂൾ പ്രവേശനോത്സവ ദിനത്തിൽ റേഞ്ചടിസ്ഥാനത്തിൽ ബോധവൽക്കരണ ക്ലാസും സെമിനാറും നടത്തിയാണ‌് എക‌്സൈസ‌് സ‌്കൂളുകളിലെ ഈ വർഷത്തെ മയക്കുമരുന്നുവിരുദ്ധ പ്രവർത്തനങ്ങൾക്ക‌് തുടക്കം കുറിച്ചത‌്. ഇതിന‌് പിന്നാലെ സ‌്കൂളുകളിലെ വിമുക്തി ലഹരിവിരുദ്ധ ക്ലബ്ബുകളുടെ മേൽനോട്ടത്തിനായി അസിസ‌്റ്റന്റ‌് കമീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥന‌് ടീം ലീഡറായി ചുമതല നൽകി. 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഫലമായി സ‌്കൂളുകളുടെ പഠനനിലവാരവും പശ്ചാത്തലസൗകര്യവും ഉയർന്നെങ്കിലും ലഹരിമരുന്നുകൾ വലിയ ഭീഷണിയാണുയർത്തുന്നത‌്. ജില്ലയിലെ 40 ശതമാനം ഹയർ സെക്കൻഡറി സ‌്കൂളുകളുടെയും പരിസരങ്ങളിൽ മയക്കുമരുന്നിന്റെ സാന്നിധ്യം ഉണ്ടെന്നാണ‌് കണക്ക‌്. കുട്ടികളെ ആകർഷിക്കാൻ വിലകൂടിയ മൊബൈലുകളും ബൈക്കുകളും മയക്കുമരുന്നു മാഫിയ നൽകും. പെൺകുട്ടികളിലും ലഹരി ഉപയോഗം വർധിക്കുന്നെന്നാണ‌് കണക്കുകൾ സൂചിപ്പിക്കുന്നത‌്. സ‌്റ്റാമ്പ‌്, എംഡിഎംഎ, നൈട്രോസെപാം തുടങ്ങിയ ഗുളികകൾ തുടങ്ങിയവ നൽകിയാണ‌് പെൺകുട്ടികളെ വീഴ‌്ത്തുന്നത‌്. 
ജില്ലയിലെ 125 ഹയർ സെക്കൻഡറിയിലും 264 ഹൈസ‌്കൂളിലും ലഹരി വിരുദ്ധ ക്ലബ്ബുകളുണ്ട‌്. ഈ സ‌്കൂളുകളിലെല്ലാം ലഹരിയെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി നൽകാൻ പരാതിപ്പെട്ടിയും സ്ഥാപിച്ചിട്ടുണ്ട‌്. എന്നാൽ വിവരങ്ങൾ അറിയാമെങ്കിലും അത‌് അറിയിക്കാൻ കുട്ടികൾക്ക‌്  മടിയും ഭയവുമാണെന്ന‌് എക‌്സൈസ‌് ഡെപ്യൂട്ടി കമീഷണർ കെ മുഹമ്മദ‌് റഷീദ‌് പറഞ്ഞു. പരാതിപ്പെട്ടികൾ പ്രധാനധ്യാപകന്റെ മുറിക്കു മുന്നിലാണ‌് സ്ഥാപിച്ചിട്ടുള്ളത‌്. അതിനാൽ കുട്ടികൾ പലപ്പോഴും ഇതുപയോഗിക്കാൻ മടിക്കുന്നു. ഇതിന‌് പരിഹാരമായി കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്ന സ്ഥലങ്ങളിലേക്ക‌് മാറ്റിസ്ഥാപിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന‌് അദ്ദേഹം പറഞ്ഞു.
എല്ലാ സ‌്റ്റേഷനുകളിലും ഒരു സബ‌് ഇൻസ‌്പെക‌്ടറുടെ നേത‌ൃത്വത്തിൽ ലഹരിവിരുദ്ധ സെൽ പ്രവർത്തിക്കുന്നുണ്ടെന്ന‌് ജില്ലാ പൊലീസ‌് മേധാവി കെ എം ടോമി അറിയിച്ചു. ഈ സെല്ലിന്റെ പ്രവർത്തനം ശക്തിപ്പെടുത്തും. ഇതിന‌് പുറമെയാണ‌് ലഹരി, ഗുണ്ടാ വിരുദ്ധ സ‌്ക്വാഡുകൾ രൂപീകരിച്ചത‌്–-അദ്ദേഹം പറഞ്ഞു.
പഠനത്തെ മാത്രമല്ല, വിദ്യാർഥികളുടെ ഭാവിയെത്തന്നെ ഇല്ലാതാക്കുന്ന മയക്കുമരുന്നുകൾക്കെതിരെ വിട്ടുവീഴ‌്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന‌് പൊലീസും എക‌്സൈസും ഉറപ്പുനൽകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും ഈ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാകുമെന്ന‌് ജില്ലാ കോ–-ഓർഡിനേറ്റർ എ കെ പ്രസന്നൻ പറഞ്ഞു.   എല്ലാ താലൂക്കുകളിലും  പ്രത്യേകം കൗൺസിലർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top