13 November Wednesday
കുതിരക്കച്ചവടമെന്ന്‌ ആരോപണം

ഇല്ലിക്കൽ കുഞ്ഞുമോൻ ആലപ്പുഴ നഗരസഭാ ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019

 

ആലപ്പുഴ
നഗരസഭ ചെയർമാനായി കോൺഗ്രസിലെ ഇല്ലിക്കൽ കുഞ്ഞുമോനെ തെരഞ്ഞെടുത്തു. 52 അംഗ കൗൺസിലിൽ 28 പേർ കുഞ്ഞുമോനെ പിന്തുണച്ചപ്പോൾ 20 പേർ സ്വതന്ത്ര സ്ഥാനാർഥി ബി മെഹബൂബിന്‌ വോട്ടുചെയ്‌തു. എൽഡിഎഫ് മെഹബൂബിനെ പിന്തുണച്ചു. ബിജെപിയുടെ നാല്‌ കൗൺസിലർമാർ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. 
 കുതിരക്കച്ചവടത്തിലൂടെയാണ്‌ യുഡിഎഫ്‌ ഭരണം നിലനിർത്തിയതെന്ന്‌ എൽഡിഎഫും ബിജെപിയും ആരോപിച്ചു. നാടകീയ രംഗങ്ങൾക്കൊടുവിലായിരുന്നു നഗരസഭാധ്യക്ഷന്റെ  തെരഞ്ഞെടുപ്പ്. ചെയർമാൻ സ്ഥാനത്തുനിന്ന്‌ തോമസ്‌ ജോസഫിനെ നീക്കിയതിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ പ്രാഥമികാംഗത്വം രാജിവച്ച  11 കൗൺസിലർമാരും യുഡിഎഫിനെ പിന്തുണച്ചു. 
 ഇല്ലിക്കൽ കുഞ്ഞുമോനൊഴികെ മറ്റാരെങ്കിലും ചെയർമാൻ സ്ഥാനാർഥിയാക്കിയാൽ വോട്ടുചെയ്യാമെന്നായിരുന്നു ഇവരുടെ മുൻനിലപാട്‌. എൽഡിഎഫിനെ പിന്തുണച്ചിരുന്ന പിഡിപിയുടെ രണ്ട് കൗൺസിലർമാരും സ്വതന്ത്രൻ ജോസ് ചെല്ലപ്പനും കുഞ്ഞുമോന്‌ വോട്ടുചെയ്‌തു. ഭരണം നിലനിർത്താൻ ലക്ഷങ്ങൾ കോഴയായി നൽകിയെന്ന്‌ ആരോപണം ഉയർന്നു. 
 സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്നും സ്വതന്ത്രനായ ബി മെഹബൂബിനെ പിന്തുണയ്‌ക്കാനുമായിരുന്നു എൽഡിഎഫ്‌  തീരുമാനം.  തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച ബിജെപി കൗൺസിലർമാർ നഗരസഭയ്‌ക്ക്‌ മുന്നിൽ ധർണ നടത്തി.

 

പ്രധാന വാർത്തകൾ
 Top