Deshabhimani

ചുരുളഴിയാതെ 
ദുരൂഹത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 02:07 AM | 0 min read

 നെബിന്‍ കെ ആസാദ്

ആലപ്പുഴ
രാത്രിയായാലും പുറത്ത്‌ ലൈറ്റുണ്ടാകില്ല, പകൽ സമയത്തും അകത്ത്‌ ആളുണ്ടെങ്കിലും തുറക്കാത്ത വാതിൽ. അയൽവാസികളോടുപോലും സംസാരിക്കാത്തവർ... അടിമുടി ദുരൂഹത നിറഞ്ഞതാണ്‌ മൃതദേഹം കിട്ടിയ വീട്‌. മാത്യൂസും ഭാര്യ ശർമിളയും ആരോടും കൂടുതൽ സംസാരിക്കാത്തവരാണ്‌. മറ്റാവശ്യങ്ങൾക്കുപോലും അയൽവാസികളുടെ സഹായം തേടാത്തവർ. ഇരുവരുടെയും തൊഴിലെന്താണെന്നും എങ്ങനെ ജീവിക്കുന്നുവെന്നും ആർക്കും അറിയില്ല. 
   കാട്ടൂരിലെ മറ്റൊരു വീട്ടിൽ ഇടയ്ക്ക്‌ താമസിക്കാറുണ്ടെന്ന്‌ മാത്രമാണ്‌ അറിവ്‌. കാട്ടൂരിൽ മറ്റൊരു വീടുണ്ടെന്നിരിക്കെ എന്തിനാണ്‌ കോർത്തുശേരിയിലെ, സൗകര്യങ്ങൾ  കുറഞ്ഞ വാടകവീട്ടിൽ താമസിക്കുന്നതെന്നും അയൽവാസികളോട്‌ ബന്ധം വയ്ക്കാത്തതെന്തെന്നും ആർക്കും അറിയില്ല.  കൊച്ചി കടവന്ത്രയിൽനിന്ന് കാണാതായ എറണാകുളം സൗത്ത്‌ കരിത്തല റോഡിൽ ശിവകൃപയിൽ സുഭദ്രയുടെ കൊലപാതക വാർത്തയറിഞ്ഞുണ്ടായ ഞെട്ടലിലാണ്‌ നാട്ടുകാർ. കഴിഞ്ഞ മാസം മുതൽ കടവന്ത്ര, മണ്ണഞ്ചേരി പൊലീസ്‌ പരിസരപ്രദേശങ്ങളിൽ അന്വേഷണം നടത്തിയിരുന്നെങ്കിലും അത്‌ കൊലപാതകക്കേസിലേക്കെത്തപ്പെടുന്ന അന്വേഷണമാണെന്നൊന്നും നാട്ടുകാർ കരുതിയിരുന്നില്ല. 
   തലേ ദിവസം കഡാവർ ഡോഗുമായി പൊലീസ്‌ എത്തിയപ്പോഴാണ്‌ പ്രശ്‌നം ഗുരുതരമാണെന്ന്‌ മനസ്സിലാക്കുന്നത്‌. തുടർന്ന്‌ ചൊവ്വാഴ്ച മാത്യൂസ്‌ താമസിച്ചിരുന്ന വീടിന്‌ പിന്നിൽ ശുചിമുറിക്കു മുന്നിൽ മൂന്നടി  താഴ്‌ചയിൽ സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയതോടെ ആളുകൾ വീടിനടുത്തേക്ക്‌ ഇരച്ചെത്തുകയായിരുന്നു. മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത്‌ 23–ാം വാർഡിൽ പഴമ്പാശേരി വീട്ടിൽ വിൽസൺ എന്നയാൾ വാടകയ്ക്ക്‌ നൽകിയ വീട്ടിലാണ്‌ ദമ്പതികൾ കഴിഞ്ഞിരുന്നത്‌. പല തവണകളായി സുഭദ്ര മാത്യൂസിന്റെ വീട്ടിൽ വന്നിട്ടുണ്ട്‌. ആന്റിയെന്നാണ്‌ ഇവർ എല്ലാവരോടും പറഞ്ഞത്‌.
  ആഗസ്ത്‌ ആറിന്‌  അവസാനമായി സുഭദ്ര മാത്യൂസിന്റെ വീട്ടിലെത്തിയപ്പോൾ ശർമിളയും മാത്യൂസും കൂടെയുണ്ടായിരുന്നത്‌ അയൽവാസികൾ കണ്ടിരുന്നു. ആന്റിയെ കൂട്ടിക്കൊണ്ടു വന്നതാണെന്നാണ്‌ മാത്യൂസ്‌ പറഞ്ഞത്‌. ഏഴിന്‌ തിരിച്ചുകൊണ്ടുപോകാനിരിക്കയാണെന്നും പറഞ്ഞു. എന്നാൽ അയൽവാസികൾ സുഭദ്രയെ കണ്ടിരുന്നില്ല. വൈകിട്ട്‌ അയൽവാസികളോട്‌ ആന്റിയെ കൊണ്ടു വിട്ടുവെന്നും മാത്യൂസ്‌ പറഞ്ഞു.  


deshabhimani section

Related News

View More
0 comments
Sort by

Home