ഫെബിൻ ജോഷി
ആലപ്പുഴ
സർക്കാർ ഇക്കുറിയും ഒറ്റയ്‌ക്കാക്കിയില്ല. നിരാലംബരായവരെ ചേർത്തുപിടിച്ചു. ജില്ലയിലെ വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ (നോൺ പ്രയോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻ) കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ആരംഭിച്ചു.
28 ക്ഷേമസ്ഥാപനങ്ങളിലായി 1090 റേഷൻകാർഡുകളുണ്ട്. 54 കിറ്റ് ചൊവ്വാഴ്‌ച വിതരണംചെയ്‌തു. ആലപ്പുഴ കോൺവന്റ് ജങ്‌ഷനിലെ സെന്റ് ആന്റണീസ് അഗതിമന്ദിരത്തിൽ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസർ ആർ സേതുലക്ഷ്‌മി ആദ്യകിറ്റ് കൈമാറി. നാലുപേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം.
തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങൾ കിറ്റിലുണ്ട്. 555.50 രൂപയുടെ സാധനങ്ങൾ. ശബരി തേയില 100 ഗ്രാം (28 രൂപ), സപ്ലൈകോ ചെറുപയർ പരിപ്പ് 250 ഗ്രാം (35 രൂപ), മിൽമ സേമിയ പായസം മിക്‌സ് 250 ഗ്രാം (56 രൂപ), മിൽമ നെയ്യ് 50 എംഎൽ (41 രൂപ), അണ്ടിപ്പരിപ്പ് 50 ഗ്രാം (50 രൂപ), കേരജെം വെളിച്ചെണ്ണ 500 എംഎൽ (90 രൂപ), ശബരി സാമ്പാർ പൊടി 100 ഗ്രാം (41 രൂപ), ശബരി മുളകുപൊടി 100 ഗ്രാം (24 രൂപ), ശബരി മഞ്ഞൾപ്പൊടി 100 ഗ്രാം (27 രൂപ), ശബരി മല്ലിപ്പൊടി 100 ഗ്രാം (17 രൂപ), സപ്ലൈകോ ചെറുപയർ 500 ഗ്രാം (68 രൂപ), സപ്ലൈകോ തുവരപരിപ്പ് 250 ഗ്രാം (49), സാഗർസന്ത് ഉപ്പ് ഒരു കിലോ (13.50 രൂപ), തുണിസഞ്ചി (16 രൂപ) എന്നിങ്ങനെ.
സപ്ലൈകോയും കൺസ്യൂമർഫെഡും 114 കേന്ദ്രങ്ങൾ ആരംഭിച്ചിരുന്നു.മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും സപ്ലൈകോ ഓണം ഫെയറുകളും ആരംഭിച്ചിട്ടുണ്ട്. 14 വരെയാണ് ചന്തകൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..