25 March Monday

ജില്ലയിൽ റെഡ് അലർട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

ചെങ്ങന്നൂർ അങ്ങാടിക്കൽ കുറ്റിച്ചിറക്കടവിൽ വീടുകളിൽ വെള്ളംകയറിയപ്പോൾ

 

 
ആലപ്പുഴ 
കനത്തമഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ശനിയാഴ‌്ച വരെ അതീവജാഗ്രത (റെഡ് അലർട്ട്) പ്രഖ്യാപിച്ച് കലക്ടർ എസ് സുഹാസ് ഉത്തരവിട്ടു. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളിലും വെള്ളക്കെട്ടിലും ബീച്ചുകളിലും  ഇറങ്ങാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.
കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. പമ്പാ ഡാം  തുറന്നതിനെത്തുടർന്ന് വെള്ളിയാഴ‌്ച  വൈകുന്നേരത്തോടെ രണ്ടടിയോളം ജലനിരപ്പുയർന്നു. തകഴി, എടത്വ, തലവടി, മുട്ടാർ, ചമ്പക്കുളം എന്നിവിടങ്ങളിൽ എല്ലാം ഇട റോഡുകളിലും പുരയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മുട്ടാർ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കയറി. എടത്വ പഞ്ചായത്തിലെ പച്ച പുതുവൽ കോളനി,  തായങ്കരി പുതുവൽ,  കേളക്കമ്പു ലക്ഷം വീട്,  കൊച്ചുതറ  കോളനി എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട‌്.  
തകഴിയിൽ ഇരുന്നൂറ്റി പുതുവൽ, നന്നാട്ടുമാലി,  ചെക്കിടിക്കാട് മാലിയിൽ പുതുവൽ, കൂലിപ്പുരക്കൽ പുതുവൽ,  തലവാടിയിലെ പൂന്തുരുത്തി,  മണലേൽ കോളനി മകരച്ചാലിൽ പ്രദേശം മാണത്താറ  പുതുവൽ, കോടമ്പനാടി എന്നിവിടങ്ങളിലെ  വീടുകളിലും വെള്ളം കയറിത്തുടങ്ങിയിരുന്നു.  
മുട്ടാർ പഞ്ചായത്ത്‌ കുമരംചിറ പള്ളിക്ക് സമീപത്തെ റോഡിൽ വലിയ വെള്ളക്കെട്ടുണ്ട‌്. ദീപ ജങ‌്ഷനിലും പഞ്ചായത്തിന് സമീപവും വെള്ളം കയറി.  കെഎസ്ആർടിസി സർവീസ് തുടങ്ങിയിട്ട് 5 ദിവസമേ ആയുള്ളൂ. വെള്ളിയാഴ‌്ച എടത്വ മുട്ടാർ ആലപ്പുഴ സർവീസ്  ആരംഭിച്ചിരുന്നു വെള്ളക്കൂടുതലിനെത്തുടർന്ന്  ശനിയാഴ‌്ചത്തെ സർവീസിനെക്കുറിച്ച‌്  പറയാൻ കഴിയില്ലെന്നാണ‌് അധിക‌ൃതർ പറയുന്നത‌്.  കർക്കടകവാവ് ആയതുകൊണ്ട്  പരമാവധി സർവീസ് നടത്തുവാൻ ശ്രമിക്കുമെന്നും അധിക‌ൃതർ അറിയിച്ചു. 
എടത്വ കൊടുപ്പുന്ന ആലപ്പുഴ സർവീസ്  എടത്വ ഡിപ്പോയിൽ നിന്നും വെള്ളിയാഴ‌്ച ആരംഭിച്ചിരുന്നു  എന്നാൽ കൊടുപ്പുന്ന പഴുതി ഭാഗത്തു റോഡിൽ വെള്ളം കയറി. വെള്ളിയാഴ‌്ചത്തെ പോലെ വെള്ളം കയറിയാൽ സർവീസ‌് മുടങ്ങിയേക്കും.  എടത്വ, വീയപുരം,  ഹരിപ്പാട് റോഡിൽ മാങ്കോട്ടച്ചിറ ഭാഗത്തെ റോഡിൽ വെള്ളം കയറിയിട്ടുണ്ട്. ഇവിടുത്തെ റോഡ്  വെള്ളം കയറിയതിനെത്തുടർന്ന്  കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു.  എടത്വ കളങ്ങര മാമ്പുഴക്കരി റോഡിൽ പുതുക്കരി കോയിപ്രം ഭാഗത്തു വെള്ളം കയറിയിട്ടുണ്ട്.
ഡാമുകൾ തുറന്നതിനാൽ പമ്പാ, അച്ചൻകോവിലാറുകളിലെ ജലനിരപ്പുയർന്നു. ചെങ്ങന്നൂർ നഗരസഭയിൽ അങ്ങാടിക്കൽ കുറ്റിച്ചിറക്കടവിൽ 5 വീടുകൾ പൂർണമായി വെള്ളത്തിനടിയിലായി. ശാസ‌്താംകുളങ്ങര കുറ്റിയിൽ ഭാഗത്ത് 16 വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. ഇതുകൂടാതെ ഇടനാട്, മംഗലം, കോലാമുക്കം, മുണ്ടൻകാവ്, തിരുവൻവണ്ടൂർ നന്നാട്, ഇരമല്ലിക്കര, കല്ലിശേരി, പ്രയാർ, കുത്തിയതോട്, കുന്നേൽഭാഗം, വെൺമണി ശാർങ്ഗക്കാവ്, പുലക്കടവ്, പടിഞ്ഞാറേ തുരുത്തി എന്നീ പ്രദേശങ്ങളിൽ വെള്ളം കരകവിഞ്ഞു. രാത്രിയിൽ ജലനിരപ്പ് കൂടുതൽ ഉയരാനാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും താലൂക്കിൽ ആരംഭിച്ച ക്യാമ്പുകളിൽ തിരുവൻവണ്ടൂർ യുപി സ‌്കൂൾ, പുലിയൂർ കമ്യൂണിറ്റി ഹാൾ എന്നീ ക്യാമ്പുകൾ  തുടരുകയാണ്. ജല നിരപ്പ് ഉയരുന്നതോടെ ശനിയാഴ‌്ച മുതൽ കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടി വരും. വാവുബലി ദിനമായ ശനിയാഴ‌്ച ബലിതർപ്പണത്തിനെത്തുന്ന പ്രധാന കടവുകൾ ഫയർഫോഴ്സ് ചെങ്ങന്നൂർ അസിസ‌്റ്റന്റ‌് സ‌്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരിയുടെ നേത‌ൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള രക്ഷാ സംവിധാനങ്ങളുമായി ഗാർഡുകളെ കടവുകളിൽ നിയോഗിച്ചു. പുലർച്ചെ 6 മണിക്കു ശേഷം മാത്രമേ ബലി കർമങ്ങൾ ആരംഭിക്കാവു എന്ന കലക‌്ടറുടെ നിർദേശം പാലിക്കണമെന്ന് ഫയർഫോഴ്സ് അറിയിച്ചു.
നൂറനാട് പഞ്ചായത്ത് ജാഗ്രതാനിർദേശം നൽകി. പമ്പാ ഡാം തുറന്നുവിട്ടതാണ് അച്ഛൻകോവിലാറിൽ ജലനിരപ്പുയരാൻ കാരണം. തുറന്നുവിട്ട വെള്ളം ജില്ലയുടെ കിഴക്കൻ ഭാഗമായ നൂറനാട്ട് എത്തുമ്പോൾ ശ്രദ്ധിക്കണമെന്ന അറിയിപ്പാണ് പഞ്ചായത്തും റവന്യൂ അധിക‌ൃതരും നൽകിയത‌്.
പ്രധാന വാർത്തകൾ
 Top