19 June Saturday
പൈലിങ്‌ 10 ദിവസത്തിനകം

13 ചെറുപാലങ്ങൾ വീതികൂട്ടി നിർമിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

പെരുന്ന യാഡിൽ നിർമിച്ച പ്രീകാസ്റ്റ് ഘടകം സ്ഥാപിക്കാൻ കിടങ്ങറയിൽ എത്തിച്ചപ്പോൾ

ആലപ്പുഴ 
എസി റോഡ് നവീകരണം മൂന്നിടങ്ങളിലായി പുരോഗമിക്കുന്നു. കാന നിർമാണം, പ്രീകാസ്‌റ്റ്‌ ഘടകങ്ങളുടെ നിർമാണം ചെറിയ പാലങ്ങൾ പുതുക്കിപ്പണിയാനുള്ള നടപടികൾ എന്നിവയാണ്‌ നടക്കുന്നത്‌. ചെറിയ പാലങ്ങൾക്കുളള പൈലിങ്ങാണ് പ്രധാനം. പൈലിങ്‌ 10 ദിവസത്തിനകം ആരംഭിക്കുമെന്നും കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റി അധികൃതർ പറഞ്ഞു. 
നിർമാണ പുരോഗതി മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും സജി ചെറിയാനും കഴിഞ്ഞ ദിവസം നേരിട്ടെത്തി വിലയിരുത്തിയിരുന്നു.
 മഴയും കോവിഡും മൂലം മന്ദഗതിയിലായ നിർമാണം വീണ്ടും ഊർജിതമായി. ഊരാളുങ്കലിന്റെ ഏതാനും ജീവനക്കാർക്ക്‌ കോവിഡ്‌ ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസം എല്ലാവർക്കും പരിശോധന നടത്തി നെഗറ്റീവാണെന്ന്‌ ഉറപ്പാക്കിയതോടെയാണ്‌ നിർമാണം പൂർണ തോതിൽ പുനരാരംഭിച്ചത്‌.
13 ചെറിയ പാലങ്ങൾ പൊളിച്ച് 14 മീറ്റർ വീതിയിൽ നിർമിക്കും. നാലെണ്ണത്തിന്‌ സമാന്തരനടപ്പാലങ്ങളുണ്ട്‌. ഉപയോഗിക്കാതെ കിടക്കുന്ന ഇവയെല്ലാം നീക്കിയാലേ പൈലിങ്‌ തുടങ്ങാനാകൂ. രണ്ടെണ്ണം പൊളിച്ചു.  രണ്ടെണ്ണം കൂടി പൊളിക്കാനുണ്ട്‌. ചെറിയ പാലങ്ങളോട്‌ ചേർന്നുള്ള വാട്ടർ പൈപ്പ്‌ ലൈൻ, വൈദ്യുതി ലൈൻ മാറ്റുന്ന നടപടിയും പുരോഗമിക്കുകയാണ്‌. 
കിടങ്ങറ പാറയ്‌ക്കൽ കലുങ്ക്‌, പറാൽ, രാമങ്കരിക്കും വേഴപ്രയ്‌ക്കും ഇടയിലുള്ള ഭാ​ഗങ്ങൾ, പാണ്ടാരക്കുളം എന്നിവിടങ്ങളിലാണ്‌ കാന നിർമാണം നടക്കുന്നത്‌. ഊരാളുങ്കലിന്റെ പെരുന്നയിലെ യാഡിലാണ്‌ വിവിധ പ്രീകാസ്‌റ്റ്‌ ഘടകങ്ങൾ നിർമിക്കുന്നത്‌. വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കേണ്ട കൾവർട്ട്‌, നീരൊഴുക്ക് ചാൽ, കൈവരികൾ തുടങ്ങിയവയാണ്‌ നിർമിക്കുന്നത്‌. കാനകൾ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ പ്രീകാസ്‌റ്റ്‌ സാമഗ്രികൾ സ്ഥാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top