25 February Thursday

കുടുംബശ്രീ ഇൻഷുറൻസ്‌: സബ്‌സിഡി ഉണ്ടെന്ന്‌ 
വ്യാജ പ്രചാരണം

വെബ് ഡെസ്‌ക്‌Updated: Monday Jan 11, 2021
ആലപ്പുഴ 
കുടുംബശ്രീ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതിക്ക്‌ സബ്‌സിഡി ഉണ്ടെന്ന്‌ വ്യാജ പ്രചാരണം. സബ്‌സിഡി കേന്ദ്രസർക്കാർ നിർത്തലാക്കിയെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയാണ്‌ ഒരു വിഭാഗം തെറ്റായ പ്രചാരണം നടത്തുന്നത്‌. 
 "കുടുംബശ്രീ ഇൻഷുറൻസ് 342 രൂപയിൽ 180 രൂപ മാത്രം അടയ്‌ക്കുക. ബാക്കി 162 രൂപ കേന്ദ്രം അടയ്‌ക്കും. പറ്റിക്കപ്പെടാതിരിക്കുക'–- ഇങ്ങനെയാണ്‌ പ്രചാരണം. വയസ്‌ 51 മുതൽ 75 വരെയുള്ളവർക്ക് 150 രൂപ മാത്രം അടച്ചാൽ മതി. അംഗത്തിന്റെ 9, 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന രണ്ട്‌‌ മക്കൾക്ക് പ്രതിവർഷം 1200 രൂപാവീതം സ്‌കോളർഷിപ്പ് ലഭിക്കുമെന്നുമാണ്‌ പ്രചാരണം നടത്തുന്നത്‌.  കഴിഞ്ഞ വർഷം വരെ നൽകിയ സബ്‌സിഡി‌ കേന്ദ്രം നിർത്തലാക്കിയിരുന്നു‌. പ്രീമിയം തുകയുടെ 50 ശതമാനമായിരുന്നു സബ്‌സിഡി. ഇത്‌ നിന്നതോടെ പുതിയ ഗ്രൂപ്പ്‌ ലൈഫ്‌ ഇൻഷുറൻസ്‌ പദ്ധതി കുടുംബശ്രീ ആരംഭിച്ചപ്പോഴാണ് അയൽക്കൂട്ടാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നത്‌. സ്ത്രീ സുരക്ഷാ ബീമാ യോജന പദ്ധതിയായിരുന്നു കഴിഞ്ഞവർഷം ഉണ്ടായിരുന്നത്. 342 രൂപയായിരുന്നു പ്രീമിയം. 50 ശതമാനം തുക സബ്സിഡിയായതിനാൽ 171 രൂപയായിരുന്നു പ്രീമിയം. 
 ജീവൻദീപം എന്നപേരിലാണ്  കുടുംബശ്രീ പുതിയ പദ്ധതി തുടങ്ങിയത്‌. ഫെബ്രുവരി ഒന്നുമുതൽ 2022 ജനുവരി 31 വരെയാണ്‌ കാലാവധി. 345 രൂപയാണ് വാർഷിക പ്രീമിയം. ഇതിന്റെ പകുതി പണം അടച്ചാൽ മതിയെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത്‌. പ്രീമിയം അടയ്ക്കുന്നത്‌ ജനുവരി 30ന് അവസാനിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top