23 January Wednesday
പദ്ധതിക്ക‌് കിഫ‌്ബിയിൽ 108 കോടി രൂപ

കനാൽനവീകരണം: സർവെ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

 ആലപ്പുഴ

ആലപ്പുഴയുടെ മുഖച്ഛായ മാറ്റുന്ന കനാൽ നവീകരണങ്ങളുടെ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. നഗരം വലംവയ‌്ക്കുന്ന വിവിധ കനാലുകളുടെ സർവേ നടപടികളാണ‌് പുരോഗമിക്കുന്നത‌്. കനാലുകളുടെ നീളം, വീതി, ആഴം തുടങ്ങിയവ ക‌ൃത്യമായി രേഖപ്പെടുത്തിയാണ‌് സർവേ. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നവീകരണജോലി ആരംഭിക്കുക. 
കനാലുകളുടെ ആഴം കൂട്ടലും മാലിന്യം നീക്കം ചെയ്യലുമാണ‌് തുടർപ്രവർത്തനം. ഇപ്പോൾ കനാലുകളിലെല്ലാം പോള തിങ്ങി ഒഴുക്കുനിലച്ചു. നഗരത്തിലെ മാലിന്യം പേറുന്ന കനാലുകളിലെ വെള്ളം കറുത്ത നിറവും ദുർഗന്ധം വമിക്കുന്നതുമാണ‌്. പല കനാലുകളിലും ഒട്ടേറെ മരങ്ങൾ വീണുകിടക്കുന്നുണ്ട‌്. ചാഞ്ഞുനിൽക്കുന്നതും ചില്ലകൾ കനാലിൽ തൊട്ടുരുമ്മുന്നതുമായ മരങ്ങളും അനവധി. ഇവയെല്ലാം നീക്കം ചെയ്യേണ്ടതുണ്ട‌്. വെള്ളം പൂർണമായി വറ്റിച്ചാണ‌് നവീകരണം. ഇതിനായി 250 മീറ്റർ വീതം കണക്കുകൂട്ടി ബണ്ടുകൾ സ്ഥാപിക്കും. അവിടെ നിന്ന‌് ചെളിയും പോളയുമെല്ലാം നീക്കം ചെയ്യും. ചെളി ഉപയോഗിക്കാനാകുമെങ്കിൽ ആർ ബ്ലോക്കിലെ പുറംബണ്ട‌് ബലപ്പെടുത്താൻ കൊണ്ടുപോകാനാണ‌് നീക്കം. 
നവീകരിക്കുന്ന കനാലുകളിൽ മാലിന്യം എത്തുന്നത‌് തടയാനുള്ള കർശന നടപടികളും സ്വീകരിക്കുന്നുണ്ട‌്. ഇപ്പോൾ നൂറുകണക്കിന‌് ഓടകളും കാനകളുമെല്ലാം കനാലുകളിലാണ‌് പതിക്കുന്നത‌്. സ്ഥാപനങ്ങളിലോ വീടുകളിൽ നിന്നോ നിരവധി ഓവുചാലുകളുമുണ്ട‌്. ചിലയിടങ്ങളിൽ കക്കൂസ‌് ടാങ്കിലെ പൈപ്പും കനാലിലേക്ക‌് തുറന്നതായി കണ്ടെത്തിയിട്ടുണ്ട‌്.   കനാലിന്റെ മുഖത്തേക്ക‌് തുറക്കുന്ന ഇവയെല്ലാം അടയ‌്ക്കുകയാണ‌് ലക്ഷ്യം. ഒരുകാരണവശാലും ഇത‌് ലംഘിക്കരുതെന്ന‌് ആവശ്യപ്പെട്ട‌് ബന്ധപ്പെട്ടവർക്കെല്ലാം നോട്ടീസും നൽകും.  ഇക്കാര്യത്തിൽ കലക‌്ടർ നിർദേശം നൽകിയിട്ടുണ്ടെന്ന‌് ഇറിഗേഷൻ എക‌്സിക്യൂട്ടീവ‌് എൻജിനീയർ സജീവ‌്കുമാർ പറഞ്ഞു. 
വ്യാഴാഴ‌്ച വെസ‌്റ്റ‌്ജങ‌്ഷൻ കനാലിലാണ‌് സർവേ നടക്കുന്നത‌്. 650 മീറ്ററാണ‌് ഈ കനാലിന്റെ നീളം. മൂന്നര കിലോമീറ്ററിലേറെ ദൈർഘ്യമുള്ള വാടക്കനാലിന്റെ അളവെടുപ്പ‌് കഴിഞ്ഞ ദിവസം പൂർത്തിയായി. വാടക്കനാലിന‌് 18 മീറ്റർ വീതിയുണ്ട‌്. എല്ലാ കനാലുകൾക്കും 1.2 മുതൽ 2.1 മീറ്റർ വരെയാണ‌് ശരാശരി ആഴം. വീതി 14‌.30 മീറ്ററും.  
മന്ത്രി ടി എം തോമസ‌് ഐസക്കിന്റെ നിർദേശപ്രകാരമാണ‌് കനാൽ സൗന്ദര്യവൽക്കരണപദ്ധതി തയ്യാറാക്കിയത‌്. മെയ‌് 31നകം മുഴുവൻ പ്രധാന കനാലുകളും വൃത്തിയാക്കുമെന്ന‌് മന്ത്രി അറിയിച്ചിട്ടുണ്ട‌്. കിഫ‌്ബിയിൽ ഉൾപ്പെടുത്തി 108 കോടി രൂപ  പദ്ധതിക്ക‌് ചെലവഴിക്കും. ആദ്യഘട്ടമായി 38.98 കോടിരൂപ അനുവദിച്ചു. നിർമല ഭവനം, നിർമല നഗരം പദ്ധതി വിജയകരമായി നടപ്പാക്കിയ ആലപ്പുഴയിൽ ജലമലിനീകരണം ഇല്ലാതാക്കി സമ്പൂർണ ശുചിത്വനഗരമാണ‌് മന്ത്രിയുടെ ലക്ഷ്യം.
 പ്രധാന കനാലുകളായ വാടക്കനാൽ, കൊമേഴ‌്സ്യൽ കനാൽ, വെസ‌്റ്റ‌് ജങ‌്ഷൻ കനാൽ, ഈസ‌്റ്റ‌് ജങ‌്ഷൻ കനാൽ, ഉപ്പൂട്ടിക്കനാൽ, മുറിഞ്ഞപുഴത്തോട‌്, കൊട്ടാരംതോട‌്, ആലപ്പുഴ –- ചേർത്തല കനാൽ, ആലപ്പുഴ –- അമ്പലപ്പുഴ കനാൽ എന്നിവയാണ‌് ആദ്യഘട്ടത്തിൽ പുനരുദ്ധരിക്കുന്നത‌്. 33 കിലോമീറ്ററാണ‌് ഇവയുടെ ആകെ നീളം. ആലപ്പുഴ –-ചേർത്തല കനാൽ ഒഴികെയുള്ള മറ്റു കനാലുക‌ൾ മെയ‌് മാസത്തിനുള്ളിൽ വൃത്തിയാക്കും.
 
പ്രധാന വാർത്തകൾ
 Top